ക്യാബിന്‍ ഹൗസുകള്‍; ഒരു വൈദികന്റെ നേതൃത്വത്തിലുള്ള ചെറിയ കൂട്ടായ്മയുടെ വിജയം
സര്‍ക്കാര്‍ സംവിധാനങ്ങള്‍ നൂലാമാലകളില്‍ പെട്ട് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വൈകുമ്പോള്‍ പ്രളയം തകര്‍ത്തെറിഞ്ഞ ഇടുക്കിയ്ക്ക് കൈത്താങ്ങാവുകയാണ് ഒരു കപ്പൂച്ചിന്‍ വൈദികന്റെ നേതൃത്വത്തിലുള്ള സൗഹൃദ കൂട്ടായ്മ. കയറിക്കിടക്കാന്‍ ചെറുകൂരയ്ക്കു വേണ്ടി നട്ടംതിരിയുന്ന പാവപ്പെട്ടവര്‍ക്ക് ആശ്വാസമായി ക്യാബിന്‍ ഹൗസുകള്‍ എന്ന പുതിയ ആശയം വിജയകരമായി നടപ്പാക്കി കാണിക്കുകയാണ് ഫാ. ജിജോ കുര്യന്റെ നേതൃത്വത്തിലുള്ള ഈ സൗഹൃദ കൂട്ടായ്മ.
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് മാത്രമല്ല, വീട് ഇല്ലാത്തവര്‍, അവിവാഹിത അമ്മമാര്‍, മക്കള്‍ ഉപേക്ഷിച്ചുപോയ മാതാപിതാക്കള്‍ തുടങ്ങിയവര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം നല്‍കുന്നത്. ഇടുക്കിയിലെ നാലു പഞ്ചായത്തുകളിലായി ഇതിനകം 13 ക്യാബിന്‍ ഹൗസുകള്‍ ഇവര്‍ നിര്‍മ്മിച്ചുകഴിഞ്ഞു.
ഒരു കിടപ്പുമുറി, അടുക്കള, സിറ്റൗട്ട്, ടോയ്ലറ്റ് എന്നീ സൗകര്യങ്ങളുള്ള ഒരു ക്യാബിന്‍ ഹൗസിന് ഒന്നര ലക്ഷം രൂപയാണ് ചെലവുവരുന്നത്. പത്ത് മുതല്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ ക്യാബിന്‍ ഹൗസുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. കുടുംബാംഗങ്ങളുടെ ആവശ്യമനുസരിച്ച് രണ്ട് കിടപ്പുമുറികളുള്ള ക്യാബിന്‍ ഹൗസുകളും നിര്‍മ്മിക്കും. ഇതിന് രണ്ടു ലക്ഷം വരെ ചെലവുവന്നേക്കും. സ്ഥലത്തിന്റെ കിടപ്പും നിര്‍മ്മാണത്തിന്റെ ചെലവ് കൂട്ടിയേക്കാം. നിര്‍മ്മാണ വസ്തുക്കള്‍ സ്ഥലത്ത് എത്തിക്കുന്നത് ഉള്‍പ്പെടെയാണ് ഈ ചെലവുകള്‍.
ക്യാബിന്‍ ഹൗസുകളെ കുറിച്ചുവന്ന ലേഖനങ്ങള്‍ വായിച്ചാണ് ഈ ആശയം സ്വീകരിക്കാന്‍ തീരുമാനിച്ചത്. ഏതാനും സുഹൃത്തുക്കള്‍ ചേര്‍ന്ന് സമാഹരിച്ചു നല്‍കിയ ഒന്നരലക്ഷം രൂപ കൊണ്ടാണ് നിര്‍മ്മാണത്തിന്റെ തുടക്കമെന്ന് ഫാ. ജിജോ കുര്യന്‍ പറഞ്ഞു. ഈ സംരംഭത്തിലേക്ക് സുഹൃത്തുക്കള്‍ സംഭാവനയായി നല്‍കിയ ചെറിയ തുകകള്‍ ആണ് മൂലധനം. രണ്ട് ക്യാബിന്‍ ഹൗസുകള്‍ക്ക് യു.കെയില്‍ നിന്നുള്ള ഒരു സംഘടനയും അമേരിക്കയില്‍ നിന്നുള്ള സംഘടനയും സ്പോണ്‍സര്‍മാരായി. ബാക്കിയെല്ലാം വ്യക്തികളുടെ കയ്യയച്ചുള്ള സംഭാവനകളാണ്.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ക്യാബിന്‍ ഹൗസുകളുടെ നിര്‍മ്മാണം ആരംഭിച്ചത്. ഇപ്പോള്‍ പതിമൂന്നാമത്തെ വീടാണ് നിര്‍മ്മാണത്തിലിരിക്കുന്നത്. ഇനി ഒരു വീട് നിര്‍മ്മിക്കുന്നതിനുള്ള സംഭാവന കൂടി ലഭിച്ചിട്ടുണ്ടെന്ന് ഫാ.ജിജോ കുര്യന്‍ പറഞ്ഞു. വീടുകള്‍ക്ക് ഇനിയും ആവശ്യക്കാര്‍ ഉണ്ടെങ്കിലും സ്പോണ്‍സര്‍മാര്‍ മുന്നോട്ടുവന്നെങ്കില്‍ മാത്രമേ അവരുടെ സ്വപ്നങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിയൂ.
ഇടുക്കിയിലെ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, അറക്കുളം എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ക്യാബിന്‍ ഹൗസുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചൂട് വര്‍ധിപ്പിക്കാത്തതും ഭാരം കുറഞ്ഞതും പരിസ്ഥിതിയുമായി കഴിയുന്നത്ര ഇണങ്ങിച്ചേരുന്നതുമായ വസ്തുക്കളാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഈ വീടുകള്‍ക്ക് പ്ലംബിംഗ്, വയറിംഗ് ജോലികളും ചെയ്തുനല്‍കും. ഇപ്പോള്‍ നിര്‍മ്മിച്ച വീടുകളിലെല്ലാം കുടിവെള്ള സ്രോതസ് ഉള്ളതിനാല്‍ കിണര്‍ നിര്‍മ്മിക്കേണ്ടിവന്നില്ല. കിണര്‍ ഏറെ ദൂരെയായതിനാല്‍ ഒരു വീട്ടിലേക്ക് മാത്രമാണ് മോട്ടോര്‍ സൗകര്യം ഏര്‍പ്പെടുത്തേണ്ടിവന്നത്.
ഒന്നര ലക്ഷം രൂപയ്ക്ക് ഒരു വീട് എന്നതല്ല, ജീവിതം വഴിയാധാരമായവര്‍ക്ക് ഒരു ജീവിതമാണ് ഈ സൗഹൃദ കൂട്ടായ്മയുടെ ലക്ഷ്യം.
https://www.facebook.com/Malayalivartha