ക്ലാസിക് ശൈലിയിലുള്ള ഒരു ആഢംബരഭവനം

പാലക്കാട്-കോഴിക്കോട് പാതയിലെ മണ്ണാര്‍ക്കാട് ചിറക്കല്‍പ്പടിയിലൂടെ പോകുമ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ അല്പനേരത്തേക്കു വഴിയരികില്‍ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന പ്രൗഢഗംഭീരമായ ഒരു വീട്ടില്‍ ഉടക്കും. റോഡില്‍ നിന്നും 20 മീറ്ററോളം ഉയരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ക്ലാസിക് ശൈലിയിലുള്ള വീട്. 78.46 സെന്റില്‍ 7170 ചതുരശ്രയടിയിലാണ് വീട് നിര്‍മിച്ചത്.
പ്രധാന ഗെയ്റ്റ് കടന്നു അകത്തേക്ക് കയറുന്നത് പ്രധാന റോഡിന്റെ തുടര്‍ച്ച എന്ന പ്രതീതി ജനിപ്പിക്കുന്ന ഹൈറേഞ്ച് മാതൃകയിലൊരുക്കിയ ടാര്‍ റോഡിലേക്കാണ്. ഭാവിയില്‍ മണ്ണൊലിപ്പും മറ്റുമുണ്ടാകാനുള്ള സാധ്യത തടയുന്നതിനുകൂടിയാണ് സ്ലോപിങ് ഏരിയയില്‍ ടാര്‍ ചെയ്തുറപ്പിച്ചത്. ചെറിയ ഒരു ഹെയര്‍പിന്‍ വളവും ചുറ്റിനും പച്ചപ്പും കടന്നാണ് വീടിന്റെ ഉമ്മറത്തേക്കെത്തുന്നത്.
പ്രധാന റോഡില്‍ നിന്നും 20 മീറ്ററോളം ഉയരത്തില്‍ പല തട്ടുകളായി കിടക്കുന്ന ഭൂമിയായിരുന്നു ഇത്. ഇതിനു സമീപമാണ് ഗൃഹനാഥന്റെ കുടുംബവീട്. നിര്‍മാണഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളി ലാന്‍ഡ്‌സ്‌കേപ് ക്രമീകരിക്കുന്നതായിരുന്നു. ഭൂമിയുടെ സ്വാഭാവിക പ്രകൃതിക്ക് വലിയ മാറ്റങ്ങളൊന്നും വരുത്താതെയാണ് പ്ലോട്ട് ഒരുക്കിയതും അതില്‍ ഈ വീട് പണിതതും.
സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ കരിങ്കല്ലും കോണ്‍ക്രീറ്റും ഉപയോഗിച്ച് പ്ലോട്ട് ഉറപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇവിടെ പ്ലോട്ടിലെ മണ്ണ് തന്നെ ഉപയോഗിച്ച് ചരിച്ച് പിച്ചിങ് (Pitching) ചെയ്താണ് ലാന്‍ഡ്‌സ്‌കേപ് കെട്ടിയത്. ചെലവു കുറവാണ്, താരതമ്യേന പ്രകൃതിസൗഹൃദമാണ്, കാഴ്ചയ്ക്ക് ഭംഗിയുണ്ടാകും, സ്ഥല ഉപയുക്തത ലഭിക്കുന്നു തുടങ്ങിയവയാണ് ഇതിന്റെ സവിശേഷത. പ്ലോട്ടിലെ വിശാലവും സുന്ദരവുമായ ഗാര്‍ഡനാണ് ഈ വീട്ടിലെ പ്രധാന ഹൈലൈറ്റ്. മുറ്റത്ത് കുറച്ചിടങ്ങളില്‍ പേവിങ് ടൈല്‍സ് വിരിച്ചിരിക്കുന്നു.
വീടുപണിയുടെ ആലോചനാവേളയില്‍ത്തന്നെ ഫര്‍ണിഷിങ്ങിന്റെ കാര്യത്തില്‍ ഉടമസ്ഥന്‍ ഒരു നിബന്ധന വച്ചിരുന്നു. വെയിലും മഴയും തട്ടി പെട്ടെന്ന് മങ്ങലേല്‍ക്കാന്‍ സാധ്യതയുള്ളതുകൊണ്ട് തടി പോളിഷ് ചെയ്യാന്‍ താല്പര്യമില്ല. ഇതനുസരിച്ച് പരമ്പരാഗത ക്ലാസിക് ശൈലിയിലേതുപോലെ എക്സ്റ്റീരിയറും എലിവേഷനും ജനലുകളും വാതിലുകളുമൊക്കെ വൈറ്റ് കളര്‍ തീമിലാണ് ഒരുക്കിയത്.
കുലീനതയുടെ ആവിഷ്‌കാരമാണ് അകത്തളങ്ങള്‍. ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ്, ഹാള്‍, ആറു കിടപ്പുമുറികള്‍, ബാത്‌റൂമുകള്‍, ഊണുമുറി, അടുക്കള, പാന്‍ട്രി, വര്‍ക് ഏരിയ, ഹോം തിയറ്റര്‍ തുടങ്ങി എന്തിലും ക്ലാസിക് സ്പര്‍ശം തെളിഞ്ഞുകാണാം. ഇറ്റാലിയന്‍ മാര്‍ബിളാണ് ഫ്‌ലോറിങ്ങിനു ഉപയോഗിച്ചത്. ഇന്റീരിയറിലെ ഫര്‍ണിച്ചറിലും ഗോവണിയിലുമെല്ലാം തേക്കാണ് ഉപയോഗിച്ചത്. ലിവിങ്ങിലെ ഫര്‍ണിച്ചറുകള്‍ ഇറക്കുമതി ചെയ്തതാണ്. തേക്കിന്‍ തടിയില്‍ കടഞ്ഞെടുത്ത വീട്ടിലെ പിരിയന്‍ ഗോവണി ശ്രദ്ധേയമാണ്.
ഒത്തുചേരലുകള്‍ക്ക് കൂടുതല്‍ വിശാലത ലഭിക്കാനായി ഫോര്‍മല്‍ ലിവിങ് ഡബിള്‍ ഹൈറ്റില്‍ നിര്‍മിച്ചു. ഒത്തുചേരലുകള്‍ക്കായി സൈഡ് ഗാര്‍ഡന്‍ ഏരിയയും നല്‍കി. ഷാബാദ് സ്‌റ്റോണാണ് ഇവിടെ വിരിച്ചത്. ഫാമിലി ലിവിങ്ങിനെ അവിടേക്ക് ബന്ധിപ്പിക്കുന്ന ഒരു വുഡന്‍ പര്‍ഗോള റൂഫിങ്ങും നല്‍കി. സിറ്റ്ഔട്ടിന്റെ വശത്തായി ഗൃഹനാഥന്റെ ആവശ്യങ്ങള്‍ക്കായി ഒരു ഓഫിസ് സ്‌പേസും ഒരുക്കി.
ജിപ്‌സം വെനീറില്‍ തീര്‍ത്ത ഫോള്‍സ് സീലിങ്ങും വാം ടോണ്‍ഡ് ലൈറ്റുകളും ഇന്റീരിയറില്‍ പ്രസന്നമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഓപ്പണ്‍ ശൈലിയിലൊരുക്കിയ കുലീനമായ ഡൈനിങ് ഏരിയ. അകത്തളങ്ങള്‍ക്ക് പൊലിമയേകുന്ന തൂക്കുവിളക്കുകള്‍ എല്ലാം പ്രത്യേകം ഇറക്കുമതി ചെയ്തവയാണ്.
ആറു കിടപ്പുമുറികളും വ്യത്യസ്തമായ കളര്‍ തീമിലാണ് ഡിസൈന്‍ ചെയ്തത്. ഇതിനനുസൃതമായി ഫോള്‍സ് സീലിങ്ങും ലൈറ്റിങ്ങും ക്രമീകരിച്ചു.
മിനിമല്‍ ശൈലിയില്‍ അടുക്കള. ഇവിടെ ചെറിയ ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടര്‍ നല്‍കി. മുകള്‍നിലയില്‍ എല്ലാവിധ സജ്ജീകരങ്ങളോടുംകൂടിയ ഒരു ഹോംതിയറ്റര്‍ ഒരുക്കിയിരിക്കുന്നു.
പുല്‍ത്തകിടിയുടെ അതിര്‍ത്തി വേര്‍തിരിക്കുന്ന റസ്റ്റിക് ഫിനിഷുള്ള വേലി കാസ്റ്റ് അയണ്‍ കൊണ്ടുണ്ടാക്കിയതാണെന്നേ പറയൂ, പക്ഷേ എം എസ് ഗ്രില്‍ ഉപയോഗിച്ചാണ് ഇതുണ്ടാക്കിയത്. ഇതിനുസമീപം ഒരു വിളക്കുമരവും നല്‍കി. റസ്റ്റിക്ക് ഗ്രീന്‍ ഫിനിഷുള്ള പെയിന്റാണ് ഇവിടെ ഉപയോഗിച്ചത്.
(Project Facts: Area- 7170 SFT,Plot- 78.46 cetn,Owner- Ashraf Ali,Location- Chirakkalpadi, Mannarkkad,Completion year- 2016,Architect & Design- Shabeer Saleel,Shabeer Saleel Associates, Calictu,mail@shabeersaleelassociates.in,Mob- 9847019955)
https://www.facebook.com/Malayalivartha