വ്യത്യസ്തമായ ഈ ലുക്കിന്റെ കാരണം, പ്രകൃതിദത്തസാമഗ്രികള്‍

കോണ്‍ക്രീറ്റ് പരമാവധി ഒഴിവാക്കി, പ്രകൃതിദത്തസാമഗ്രികള്‍ പുനരുപയോഗിക്കുന്ന ഒരു വീട് വേണം എന്നതായിരുന്നു ഉടമസ്ഥന്‍, ആര്‍ക്കിടെക്ടിനു മുന്‍പില്‍ വച്ച ആവശ്യം. ഇതിനോട് നീതി പുലര്‍ത്തുന്ന രീതിയിലാണ് നിരവധി സവിശേഷതകളുള്ള ഈ വീട് നിര്‍മിച്ചിരിക്കുന്നത്.
സവിശേഷ ആകൃതിയിലാണ് ആദ്യം കണ്ണുടക്കുക. കേരളത്തിന്റെ കാലാവസ്ഥയെ പരിഗണിച്ചു ബോക്‌സ് സ്ട്രക്ചറില്‍ ട്രോപ്പിക്കല്‍ ശൈലിയാണ് ഡിസൈനില്‍ പിന്തുടര്‍ന്നിരിക്കുന്നത്. രാവിലെ സ്വാഭാവിക പ്രകാശം വീട്ടിലേക്ക് ഒഴുകിയെത്തും, ഉച്ചയ്ക്ക് ട്രസ്സ് റൂഫ് ചൂടിനെ പ്രതിഫലിപ്പിച്ച് ഷേഡിങ് നല്‍കും, രാത്രിയില്‍ വീണ്ടും സ്വാഭാവിക താപനിലയിലേക്ക് വീടിനെ എത്തിക്കുകയും ചെയ്യും എന്നതാണ് ഈ ആകൃതിയുടെ സവിശേഷത. പരമാവധി സ്ഥലഉപയോഗവും ബോക്‌സ് ആകൃതിയിലൂടെ സാധ്യമാകുന്നു.
പരിസ്ഥിതിസൗഹൃദമായാണ് വീട് നിര്‍മിച്ചിരിക്കുന്നത്. അര ഏക്കറോളമുള്ള ഭൂമിയുടെ സ്വാഭാവിക പ്രകൃതിക്ക് യാതൊരു മാറ്റവും വരുത്താതെയാണ് വീട് നിര്‍മിച്ചിരിക്കുന്നത്. ധാരാളം തെങ്ങുകള്‍ ഉള്ള പ്ലോട്ടായിരുന്നു ഇത്. അതിനാല്‍ തടിക്ക് മറ്റെവിടെയും പോകേണ്ടി വന്നില്ല.
ഫര്‍ണിച്ചറിനും റൂഫിനും ഗോവണിപ്പടികള്‍ക്കും ഫ്രയിമുകള്‍ക്കുമൊക്കെ തെങ്ങിന്‍ തടിയും അലുമിനിയം ഫ്രയിമുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ചില ഭാഗങ്ങളില്‍ പഴയ തടികളും മറ്റും പുനരുപയോഗിച്ചിട്ടുമുണ്ട്. നിര്‍മാണച്ചെലവിലും ഫര്‍ണിഷിങ്ങിലും ഇതിലൂടെ നല്ലൊരു തുകലാഭിക്കാന്‍ സാധിച്ചു. ടെറാക്കോട്ട ടൈലുകളാണ് ഇന്റീരിയറില്‍ ചെലവുകുറയ്ക്കുന്ന മറ്റൊരു ഘടകം.
എയര്‍ ഗ്യാപ് എന്ന പ്രക്രിയയിലൂടെ മികച്ച നിലവാരമുള്ള തെങ്ങിന്‍തടി കണ്ടെത്തിയാണ് ഫര്‍ണിച്ചറിനുവേണ്ടിയും റൂഫിന് വേണ്ടിയും ഉപയോഗിച്ചത്. ഇതിനായി എല്ലാ വശത്തുനിന്നും വായു ലഭിക്കുന്നവിധം തെങ്ങിന്‍തടികള്‍ ഒരുവര്‍ഷത്തോളം പ്രത്യേക അറയില്‍ ക്രമീകരിച്ച ശേഷം നിരീക്ഷിക്കുന്നു. കാമ്പ് കുറഞ്ഞ ഭാഗങ്ങളില്‍ കാലക്രമേണ പൂപ്പലും അഴുകലും ഉണ്ടാകും. ദൃഢതയേറിയ ഭാഗങ്ങള്‍ മാറ്റമില്ലാതെ നിലനില്ക്കും. അങ്ങനെ പൂപ്പലും അഴുകലും ഉണ്ടാകുന്ന തടി കണ്ടെത്തി ഒഴിവാക്കുന്നു.
അഞ്ചുപേരുള്ള ഒരു ചെറിയ കുടുംബമാണ് ഇവിടെ താമസിക്കുന്നത്. അതിനാല്‍ അകത്തളങ്ങളില്‍ വലിയ ആര്‍ഭാടങ്ങളൊന്നും നല്‍കിയിട്ടില്ല.
ഡബിള്‍ ഹൈറ്റിലാണ് ലിവിങ് റൂം. ലിവിങ്ങിലേക്ക് പ്രവേശിക്കുന്ന പ്രധാന വാതിലിന്റെ വശത്ത് ഒരു ഭിത്തി നല്‍കി മറ്റു മുറികള്‍ക്ക് സ്വകാര്യത നല്‍കിയിരിക്കുന്നു. ഇതിനുസമീപം ഒരു കോര്‍ട് യാര്‍ഡും ക്രമീകരിച്ചിരിക്കുന്നു. സീലിങ്ങില്‍ ടെറാക്കോട്ട ടൈലുകള്‍ ഉപയോഗിച്ചിരിക്കുന്നു. വിവിധ പാളികളുള്ള ടെറാക്കോട്ടയും ഗ്ലാസുമാണ് പര്‍ഗോളയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിലൂടെ അരിച്ചെടുത്ത പ്രകാശം അകത്തളങ്ങളില്‍ നിറയുന്നു.
ലിവിങ് റൂമിലെ ഫര്‍ണിച്ചറുകള്‍, കിടപ്പുമുറിയിലെ കട്ടിലുകള്‍, അടുക്കളയിലെ കാബിനുകള്‍ എല്ലാം പുനരുപയോഗിച്ചിരിക്കുന്നു. എം എസ് പൈപ്പില്‍ തെങ്ങിന്‍ തടി കൊണ്ടു നിര്‍മിച്ച ഗോവണികള്‍ അകത്തളത്തിന്റെ മാറ്റുകൂട്ടുന്നു. ആറു പേര്‍ക്കിരിക്കാവുന്ന ലളിതമായ ഗ്ലാസ് ഡൈനിങ് ടേബിള്‍. സെറാമിക് ടൈലുകളാണ് ഫ്‌ലോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. ടെറാക്കോട്ട ക്ലാഡിങ് ടൈലുകളും സ്‌ളേറ്റ് സ്‌റ്റോണുകളും ചുവരുകള്‍ അലങ്കരിക്കുന്നു.
ഓപ്പണ്‍ ശൈലിയിലാണ് കിടപ്പുമുറികള്‍. ഭിത്തിയുടെ എല്ലാ വശങ്ങളിലും ജനാലകളും ഓപ്പണിങ്ങുകളും നല്‍കിയിരിക്കുന്നു. തെങ്ങിന്‍തടി കൊണ്ടുള്ള ഫ്രയിമുകള്‍ കിടപ്പുമുറിയുടെ ഭിത്തികള്‍ അലങ്കരിക്കുന്നു.
മിനിമല്‍ ശൈലിയില്‍ ഒരു പാന്‍ട്രിയും സെര്‍വിങ് സ്‌പേസുമാണ് അടുക്കളയ്ക്ക് പകരം ക്രമീകരിച്ചിരിക്കുന്നത്.
മുകള്‍നിലയില്‍ ഒരു ചെറിയ ജിം ഏരിയയും നല്‍കിയിരിക്കുന്നു. ലാന്‍ഡ്‌സ്‌കേപ്പില്‍ ചെറിയ പുല്‍ത്തകിടിയും വച്ചുപിടിപ്പിച്ചിട്ടുണ്ട്. നിരവധി മരങ്ങളും ലാന്‍ഡ്‌സ്‌കേപ്പില്‍ തണല്‍ വിരിക്കുന്നു.
പരിസ്ഥിതിയെപ്പറ്റി വാചാലമായി സംസാരിക്കുകയും ജീവിതത്തില്‍ ആഡംബരം നിറഞ്ഞ കോണ്‍ക്രീറ്റ് മാളികകള്‍ നിര്‍മിക്കുകയും ചെയ്യുന്നവരില്‍നിന്നു വ്യത്യസ്തമായ ഒരു മാതൃകയാണ് പ്രകൃതി നിറയുന്ന ഈ വീട്.
https://www.facebook.com/Malayalivartha