ഇനി ഭിത്തിയൊരുക്കാന്‍ ജിപ്‌സം മുതല്‍ ഫ്‌ളൈ ആഷ് വരെ

വീട് നിര്‍മാണത്തിന് വെട്ടുകല്ലിനെയും ചുടുകട്ടയെയും മാത്രം ആശ്രയിച്ചിരുന്ന കാലം എന്നേ മാറിയല്ലോ. ഇന്റര്‍ലോക്ക് ബ്ലോക്കുകളും ഹോളോബ്രിക്‌സും കടന്ന് ഫ്‌ലൈ ആഷ് ബ്രിക്കുകളും ജിപ്‌സം പാനല്‍ ഷീറ്റുകളുമൊക്കെയാണ് ഇപ്പോള്‍ നിര്‍മാണരംഗത്ത് ഇടംപിടിച്ചിരിക്കുന്നത്. സാമ്പത്തിക ലാഭത്തിനൊപ്പം എളുപ്പത്തിലും വേഗത്തിലും തീര്‍ക്കാവുന്ന ജിപ്‌സം പാനല്‍ ഷീറ്റ് ഉപയോഗിച്ചുള്ള നിര്‍മാണ രീതികള്‍ക്ക് പ്രചാരം ലഭിക്കുന്നുണ്ട്.
വീട് നിര്‍മാണത്തില്‍ വിശ്വസിക്കാവുന്ന ഒരു ബദല്‍ മാര്‍ഗമാണ് പ്രീ ഫാബ്രിക്കേറ്റഡ് ലോഡ് ബെയറിങ് പാനല്‍ എന്ന ജിപ്‌സം പാനല്‍ ഷീറ്റുകള്‍. ഇതില്‍ ചുമര്‍ നിര്‍മിക്കുന്നത് ജിപ്‌സം പാനല്‍ ഷീറ്റുകൊണ്ടാണ്. ഞൊടിയിടയില്‍ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാകുമെന്നതാണ് ഏറ്റവും വലിയ നേട്ടം. തറയൊരുക്കിയ പ്രതലത്തില്‍ ഒറ്റനിലയിലുള്ള വീടിന്റെ ഫ്രെയിം വര്‍ക്കിന് ഏറിയാല്‍ രണ്ടാഴ്ച മതിയാകും. ഒപ്പം സാമ്പത്തിക ലാഭവും. ചുമരുകളുടെ പ്ലാസ്റ്ററിങ് ചെലവും ലാഭിക്കാമെന്നതാണ് പ്രത്യേകത. ചൂട് കുറക്കുന്നു, അഗ്‌നിബാധയില്‍നിന്ന് സംരക്ഷണം, ചിതലരിക്കില്ല, ഭൂചലന പ്രതിരോധം, ഫിനിഷിങ് തുടങ്ങി ജിപ്‌സം പാനല്‍ ഷീറ്റുകള്‍ തെരഞ്ഞെടുക്കാന്‍ പ്രരിപ്പിക്കുന്ന കാരണങ്ങള്‍ ഏറെയുണ്ട്. കൊച്ചി അമ്പലമുകളിലെ ഫാക്ടില്‍ നിന്നാണ് ഈ പുതിയ പാനല്‍ ഷീറ്റുകള്‍ പുറത്തിറക്കുന്നത്. ജിപ്‌സത്തിനൊപ്പം ഫൈബര്‍ ചേര്‍ത്ത്, 15-18 സെന്റിമീറ്റര്‍ കനത്തിലാണ് ജിപ്‌സം പാനല്‍ ഷീറ്റുകള്‍ നിര്‍മിക്കുന്നത്.
തെരഞ്ഞെടുക്കുമ്പോള്‍ വീടിെന്റ വിശദമായ പ്ലാന്‍, വാതിലും ജനലുമുള്‍പ്പെടെ ഒഴിച്ചിടേണ്ട ഭാഗങ്ങള്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തി ആദ്യം നല്‍കേണ്ടതുണ്ട്. ഓരോ ചുമരിന്റെയും വലുപ്പത്തിലും ചുമരിനടിയില്‍ വാതിലിനും ജനലിനും ഒഴിച്ചിടേണ്ട ഭാഗങ്ങള്‍ മുറിച്ച് മാറ്റാനുമാണിത്. അതുകൊണ്ടുതന്നെ, വീടിന്റെ ഡിസൈന്‍ പൂര്‍ത്തിയായശേഷം മാത്രമേ ജിപ്‌സം പാനല്‍ ഷീറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാവൂ.
വെട്ടുകല്ലില്‍ തറയൊരുക്കി ആവശ്യമുള്ളയിടങ്ങളില്‍ കമ്പികള്‍ ഉയര്‍ന്നുനില്‍ക്കുന്ന രീതിയില്‍ തറ പൂര്‍ത്തിയാക്കുകയാണ് ആദ്യം വേണ്ടത്. തറക്ക് മുകളില്‍ ചെറിയൊരു ബെല്‍റ്റുണ്ടാക്കിയശേഷം ഉള്‍ഭാഗത്ത് അറകളുള്ള ഷീറ്റ് ലോറിയില്‍നിന്ന് ക്രെയിനുപയോഗിച്ച് പ്ലാനില്‍ രേഖപ്പെടുത്തിയ ഇടങ്ങളില്‍ തറയില്‍ ഇറക്കിവെക്കുകയാണ് രീതി. വീടിെന്റ അരികുകളില്‍ നേരത്തേ തറയില്‍ കമ്പി ഉയര്‍ത്തിവെച്ച സ്ഥലങ്ങളിലെ പാനലുകളില്‍ മാത്രം കോണ്‍ക്രീറ്റ് നിറക്കും. സാധാരണ വീടുകള്‍ക്ക് നല്‍കുന്ന തൂണിെന്റ ഗുണം ചെയ്യാനാണിത്.
ചുമര്‍ ഉയര്‍ന്നുകഴിഞ്ഞാല്‍ മുകളില്‍ റൂഫ് ഷീറ്റുകള്‍ സ്ഥാപിക്കുകയാണ് അടുത്ത ഘട്ടം. ചുമരിനുപയോഗിച്ച ഷീറ്റുകള്‍ തന്നെയാണ് ഇവിടേയും ഉപയോഗിക്കുന്നത്. മേല്‍ക്കൂര സ്ഥാപിക്കാനും ക്രയിനിന്റെ സഹായം വേണം. നേരത്തേ കോണ്‍ക്രീറ്റ് ചെയ്ത ഇരുഭാഗത്തെയും ചുമരുകള്‍ക്ക് മുകളില്‍ റൂഫിെന്റ പാനല്‍ മുറിച്ചെടുത്ത് സ്ഥാപിച്ച് കോണ്‍ക്രീറ്റ് നിറക്കുന്നതോടെ സാധാരണ വീടുകളുടെ പില്ലറും ബീമും നല്‍കുന്ന ഉറപ്പ് ഇവക്കും ലഭിക്കും. ചുമരൊരുക്കുമ്പോള്‍ തന്നെ ഇലക്ട്രിക് വയറിങ്ങും പൂര്‍ത്തിയാക്കാം. ഒപ്പം ജനലും വാതിലുകളും ഘടിപ്പിക്കുന്നതോടെ ആഴ്ചകള്‍കൊണ്ട് വീട് റെഡി. ജിപ്‌സം ഷീറ്റുകള്‍ വെളുത്ത നിറത്തിലുള്ളതായതിനാല്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ പുട്ടിയിട്ട് നേരിട്ട് പെയിന്റ് ചെയ്യാം, ചുമരില്‍ സിമന്റും മണലുമുപയോഗിച്ച് പ്ലാസ്റ്ററിങ് നടത്തേണ്ടതില്ല.
കോണ്‍ക്രീറ്റ് പാനലിനെ അപേക്ഷിച്ച് ജിപ്‌സം പാനലിന് ഭാരം വളരെ കുറവാണ്.വെട്ടുകല്ലോ ചുടുകട്ടയോ ഉപയോഗിച്ചാല്‍ ചുമരിന്റെ കനം ഒമ്പത് ഇഞ്ചാണെങ്കില്‍ അഞ്ച് ഇഞ്ച് മാത്രമാണ് ജിപ്‌സം പാനല്‍ ചുമരിന്റെ കനം.ചുമരിന്റെ കനം കുറയുന്നതിനാല്‍ കാര്‍പെറ്റ് ഏരിയയുടെ അളവുകൂട്ടാന്‍ സഹായകരമാണ്.പ്ലാസ്റ്ററിങ് വേണ്ടതില്ല, സിമന്റും മണലും കുറച്ച് മതിയാകും.
ഡിസൈനില്‍ പിന്നീട് മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ല.ക്രയിന്‍ പ്രവര്‍ത്തിപ്പിക്കാവുന്ന സ്ഥലങ്ങളില്‍ മാത്രമേ നിര്‍മിക്കാനാവൂ.ഷീറ്റുകള്‍ സ്ഥാപിക്കല്‍ ചെലവേറിയതിനാല്‍ ഒരേസമയം കൂടുതല്‍ പ്രോജക്ടുകളുണ്ടെങ്കില്‍ മാത്രമേ പ്രായോഗികമാവുകയുള്ളൂ.സണ്‍ഷേഡ് നിര്‍മിക്കുന്നതിനും വീടിന്റെ ഡിസൈനും ഒട്ടേറെ പരിമിതികളുണ്ട്.
കാലങ്ങളായി ചുമര്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചു വരുന്നതാണ് വെട്ടുകല്ല്. പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ഭാഗങ്ങളിലാണ് ഏറ്റവും കൂടുതലായി ഇവ ഉപയോഗിക്കുന്നത്. ഈ ഭാഗങ്ങളിലെ ഗുണനിലവാരമുള്ള വെട്ടുകല്ലിെന്റ ലഭ്യത തന്നെയാണ് പ്രധാന കാരണം. ഏകദേശം 32 സെ.മീ. നീളവും 21 സെ.മീ. വീതിയും 16 സെ.മീ. കനവും ആണ് കാണപ്പെടുന്നത്. കൈകൊണ്ട് ചെത്തി മിനുസപ്പെടുത്തുന്നതിനു പുറമെ ഇപ്പോള്‍ യന്ത്രംകൊണ്ട് മിനുസപ്പെടുത്തിയവയും ലഭ്യമാണ്. വെട്ടുകല്ല് തെരഞ്ഞെടുക്കുമ്പോള്‍ ചുവന്നതും കൂടുതല്‍ ദ്വാരങ്ങള്‍ ഇല്ലാത്തതും കളിമണ്ണിന്റെ അംശം കുറഞ്ഞതും എടുക്കാന്‍ ശ്രദ്ധിക്കണം.
പഴയകാലത്ത് മണ്ണ് കുഴച്ച് ഇഷ്ടിക നിര്‍മിച്ച് ധാരാളം വീടുകള്‍ പണിതിരുന്നു. ഈര്‍പ്പം, മഴവെള്ളത്തിന്റെ സാന്നിധ്യം എന്നിവയില്ലെങ്കില്‍ ഇത് ഭിത്തിനിര്‍മാണത്തിന് ഉപയോഗിക്കാം. എന്നാല്‍, ഇന്ന് ചുടുകല്ലാണ് ഏറെ പ്രചാരത്തിലുള്ളത്. തെക്കന്‍ കേരളത്തില്‍ വീട് നിര്‍മാണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത് ചുടുകട്ടയാണ്. ചുടുകട്ട രണ്ടു തരമുണ്ട്. ഒന്ന് സാധാരണ ചൂള ഇഷ്ടിക (നാടന്‍ ഇഷ്ടിക). മറ്റേത് വയര്‍കട്ട് (മെഷീന്‍ കട്ട്) ഇഷ്ടിക. ഒട്ടേറെ ബദലുകള്‍ നിര്‍മാണമേഖലയില്‍ ഉദയം ചെയ്തിട്ടുണ്ടെങ്കിലും വെട്ടുകല്ലും ചുടുകട്ടയും തന്നെയാണ് ഇപ്പോഴും ഈടുറ്റ നിര്‍മാണങ്ങള്‍ നടത്താന്‍ അനുയോജ്യവും ലാഭകരവും.
നിര്‍മാണ സാമഗ്രികള്‍, നിര്‍മാണ സമയം, നിര്‍മാണച്ചെലവ് എന്നിവ കുറക്കുമെന്നതാണ് ഇന്റര്‍ലോക്ക് ബ്രിക്കുകളുടെ പ്രത്യേകത. സിമന്റും മണ്ണും കംപ്രസ് ചെയ്തുണ്ടാക്കുന്ന സ്‌റ്റെബിലൈസ്ഡ് കട്ടകളാണ് ഇന്റര്‍ലോക്ക് ബ്രിക്‌സ്. പേര് സൂചിപ്പിക്കുംപോലെ പരസ്പരം 'ലോക്ക്' ആകും വിധമാണ് ഭിത്തി കെട്ടുമ്പോള്‍ ഇത്തരം കട്ടകള്‍ അടുക്കുന്നത്. അതിനാല്‍, കട്ടകള്‍ക്കിടയില്‍ പരുക്കന്‍ തേക്കേണ്ട ആവശ്യമില്ല. നല്ല ഉറപ്പുള്ള ഇവ ചെലവും സമയവും 60 ശതമാനം വരെ കുറക്കും.
ഇന്റര്‍ലോക്കിങ് ബ്രിക്‌സ് ഉപയോഗിച്ച് ചുമര്‍ കെട്ടുമ്പോള്‍ ഒന്നിടവിട്ടുള്ള കെട്ടുകളില്‍ ലംബമായ ജോയിന്റ് (വെര്‍ട്ടിക്കല്‍ജോയന്റ്) ഒരേ രേഖയില്‍ വരാതെ ശ്രദ്ധിക്കണം. മൂലകള്‍ക്കും ജനലുകളോടും വാതിലുകളോടും ചേര്‍ന്നുള്ള ഭാഗങ്ങള്‍ക്കും ഉറപ്പേകാന്‍ കട്ടകള്‍ സിമന്റുപയോഗിച്ച് തേക്കാം. ഇത് ഈര്‍പ്പത്തെ തടയുകയും ചെയ്യും. സാധാരണ രീതിയില്‍ കട്ട കെട്ടുന്നതിനെ അപേക്ഷിച്ച് മണലിന്റേയും സിമന്റിന്റേയും അളവ് നന്നേ കുറവ് മതി. ഭിത്തി പ്ലാസ്റ്റര്‍ ചെയ്യേണ്ട എന്നതാണ് ഏറ്റവും പ്രധാന നേട്ടം. നല്ല മിനുസമുള്ള പ്രതലമാണ് ഇന്റര്‍ലോക്ക് കട്ടയുടേത്. നേരിട്ട് പെയിന്റടിക്കാനാകും. അതുവഴി സാധാരണ രീതിയെ അപേക്ഷിച്ച് ചുമര്‍നിര്‍മാണത്തി?െന്റ ചെലവ് 30 മുതല്‍ 40 ശതമാനം വരെ കുറക്കാന്‍ കഴിയും. എന്നാല്‍, ഭാരം താങ്ങാനുള്ള ശേഷി ചെങ്കല്ലിനെയും വെട്ടുകല്ലിനെയും അപേക്ഷിച്ച് കുറവാണെന്നതാണ് ഇന്റര്‍ലോക്ക് ബ്രിക്കിന്റെ പ്രധാന ന്യൂനത. മണ്ണ്, കോണ്‍ക്രീറ്റ്, ഫ്‌ലൈ ആഷ് എന്നിവ കൊണ്ടുള്ള ഇന്റര്‍ലോക്ക് കട്ടകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.
ക്ലേയിലും സിമന്റിലും നിര്‍മിക്കുന്ന ഹോളോബ്രിക്‌സും സോളിഡ് ബ്രിക്‌സുമാണ് ചുമര്‍ നിര്‍മാണത്തിന് ഉപയോഗിച്ചുവരുന്ന മറ്റൊരിനം. ഇവ ഉപയോഗിച്ചാല്‍ നിര്‍മാണ ചെലവ് കുറക്കാമെങ്കിലും ഭാരം താങ്ങാനുള്ള ശേഷി കുറവാണെന്നത് ന്യൂനതയാണ്.
വ്യവസായ അവശിഷ്ടമായ ഫ്‌ലൈ ആഷ് ഫലപ്രദമായി പുനരുപയോഗപ്പെടുത്തിയുള്ള ഉല്‍പന്നമാണ് ഫ്‌ലൈ ആഷ് ബ്ലോക്ക്. ചെങ്കല്ലിന്റെ നാലിലൊന്ന് ഭാരം മാത്രമുള്ള ഇത്തരം ബ്ലോക്കുകള്‍ ഫ്‌ലൈ ആഷിനൊപ്പം ചുണ്ണാമ്പുകല്ലും സിമന്റും ചേര്‍ത്താണ് നിര്‍മിച്ചെടുക്കുന്നത്. കേരളത്തില്‍ അത്ര പരിചിതമല്ലാത്ത ഇത് തീര്‍ത്തും പ്രകൃതിസൗഹൃദ രീതിയില്‍ നിര്‍മിച്ചെടുക്കുന്നതാണ്. ഫ്‌ലൈ ആഷ് ബ്ലോക്കുകള്‍ പ്രത്യേക പശ ഉപയോഗിച്ച് പടവ് ചെയ്യുന്നതിനാല്‍ ഭിത്തികെട്ടുന്നതിന് സിമന്റും മണലും ആവശ്യമേയില്ലെന്നതും പ്രത്യേകതയാണ്. ഭാരം താങ്ങാനുള്ള ശേഷിക്കുറവ് ഫ്‌ലൈ ആഷിനുമുണ്ട്. അതുകൊണ്ടുതന്നെ മുറികള്‍ വിഭജിക്കുമ്പോഴുള്ള ചുവരുകളുടെ നിര്‍മാണത്തിനും പില്ലറുകളാല്‍ നിര്‍മിച്ച കെട്ടിടങ്ങളിലുമാണ് കൂടുതലായി ഉപയോഗിക്കുന്നത്.
https://www.facebook.com/Malayalivartha