ലോകത്തിലെ ആദ്യത്തെ കറങ്ങുന്ന കെട്ടിടം ദുബായില്‍ പൂര്‍ത്തിയാവുന്നു!

ദുബായ്, മനുഷ്യനിര്‍മിതമായ നിരവധി വിസ്മയങ്ങളുടെ നഗരമാണ്. ലോകത്തെ ഏറ്റവും വലിയ കെട്ടിടം മുതല്‍ ഏറ്റവും വലിയ മനുഷ്യനിര്‍മിത ദ്വീപ് വരെ ആ പട്ടിക നീളുന്നു. ഇപ്പോള്‍ ആ പട്ടികയിലേക്ക് പുതിയൊരു അതിഥി കൂടിയെത്തുകയാണ്. ഡൈനാമിക് ടവര്‍ അഥവാ ഡാവിഞ്ചി ടവര്‍.
പണി പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ ആദ്യത്തെ രൂപം മാറാന്‍ കഴിവുള്ള കെട്ടിടമാകും ഡൈനാമിക് ടവര്‍. 80 നിലകളുള്ള (1,273 അടി) അംബരചുംബിക്ക് ഇരു വശങ്ങളിലേക്കും 360 ഡിഗ്രി കറങ്ങാന്‍ സാധിക്കും. വോയിസ് ആക്ടിവേറ്റഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെ താമസക്കാര്‍ക്ക് അപ്പാര്‍ട്‌മെന്റുകള്‍ നിയന്ത്രിക്കാന്‍ കഴിയും.
പ്രീ ഫാബ്രിക്കേറ്റഡ് ശൈലിയില്‍ പണിയുന്ന ആദ്യ അംബരചുംബി എന്ന സവിശേഷതയുമുണ്ട് ഡാവിഞ്ചി ടവറിന്. സ്റ്റീല്‍, അലുമിനിയം, കാര്‍ബണ്‍ ഫൈബറുകള്‍ കൊണ്ട് പുറത്തെ ഫാക്ടറിയില്‍ നിര്‍മിക്കുന്ന ചുവരുകള്‍ ഇവിടെ കൂട്ടിയോജിപ്പിക്കുകയാകും ചെയ്യുന്നത്. പദ്ധതിയനുസരിച്ച് ഓരോ നിലയ്ക്കും സമാന്തരമായി വിന്‍ഡ് ടര്‍ബൈനുകള്‍ സ്ഥാപിക്കും.മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകളും.
താമസക്കാര്‍ക്ക് തങ്ങളുടെ കാറുകള്‍ ലിഫ്റ്റില്‍ കയറ്റി അപ്പാര്‍ട്‌മെന്റില്‍ തന്നെ പാര്‍ക്ക് ചെയ്യാനുള്ള സജ്ജീകരണങ്ങളും ഇവിടെ ഒരുക്കും. പ്രശസ്ത വാസ്തുശില്പി ഡേവിഡ് ഫിഷറാണ് രൂപകല്‍പ്പന നിര്‍വഹിക്കുന്നത്. ഡൈനാമിക് ആര്‍ക്കിടെക്ച്ചര്‍ എന്ന കമ്പനിയാണ് നിര്‍മാതാക്കള്‍. ഏകദേശം 330 മില്യണ്‍ യുഎസ് ഡോളറാണ് നിര്‍മാണച്ചെലവ്. 2020-ല്‍ പണി പൂര്‍ത്തിയാക്കാനാണ് പദ്ധതി.
https://www.facebook.com/Malayalivartha