മാന്‍ഡ്രേക് ഹൗസിന്റെ ഡിസൈന്‍: വിഡിയോ കാണാം

സാനഡു എന്നാല്‍ മാന്‍ഡ്രേക് ഹോം എന്നാണര്‍ഥം. പ്രശസ്തമായ മജീഷ്യന്‍ മാന്‍ഡ്രേക് കോമിക്‌സിലെ മാന്‍ഡ്രേക് വീടുപോലെയാണ് എറണാകുളം ജില്ലയിലെ വൈപ്പിനില്‍ 22 സെന്റില്‍ 2700 ചതുരശ്രയടിയില്‍ വിനോദ്കുമാര്‍ കമ്മത്തിന്റെയും അഞ്ജനയുടേയും വീട് നിര്‍മിച്ചിരിക്കുന്നത്.
ഈ വീടിന്റെ പല തലങ്ങളിലായി പ്രവേശനകവാടങ്ങള്‍. ഒരു ഭാഗത്ത് ചെല്ലുമ്പോള്‍ മാത്രം അടുത്ത ഭാഗത്തേക്ക് എങ്ങനെ പോകണം എന്ന് മനസ്സിലാകുകയുള്ളൂ. അങ്ങനെ ആകാംക്ഷ നിലനിര്‍ത്തുന്ന രീതിയിലാണ് ഡിസൈന്‍. ബോക്‌സ് ഫ്രയിമില്‍ തീര്‍ത്ത കോളം ബീം സ്ട്രക്ചറാണ് ലാന്‍ഡ്‌സ്‌കേപ്പില്‍ നിറയുന്നത്.
എറണാകുളം എ ആര്‍ ആര്‍ക്കിടെക്ട്‌സിലെ ആസിഫ് അഹമ്മദ് ആണ് ഈ വീട് രൂപകല്‍പന ചെയ്തിട്ടുള്ളത്. ലാന്‍ഡ്‌സ്‌കേപ്പിങ്ങിന് ഏറെ പ്രാധാന്യം നല്‍കികൊണ്ട് നിര്‍മിച്ചിരിക്കുന്ന ഈ വീടിന്റെ കാഴ്ചകളിലേക്കാണ് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്.
പഴയ തറവാടിരുന്ന ഭൂമിയാണ്. പുതിയ വീടുപണിയുമ്പോള്‍ തറവാടിന്റെ ഭാഗമായുണ്ടായിരുന്ന തുളസിത്തറ, കിണര്‍, 150 വര്‍ഷത്തോളം പഴക്കമുളള ഇലഞ്ഞിമരം എന്നിവയെല്ലാം നിലനിര്‍ത്തണം, കൂടാതെ ആരും കണ്ടിട്ടില്ലാത്ത ഒരു വ്യത്യസ്തതയുമുണ്ടാകണം എന്നീ ആവശ്യങ്ങളില്‍നിന്നാണ് വീടിന് ഈ വ്യത്യസ്തമായ രൂപം കൈവന്നത്.
വീട്ടിലേക്ക് കയറുമ്പോള്‍ കിളികളുടെ കളകളാരവമാണ് സ്വാഗതം ചെയ്യുക. ഇരുവശവും ഗ്ലാസ് ഫ്രെയിം നല്‍കി ലൂവര്‍ ജനാലകള്‍ നല്‍കിയ സ്‌പേസിലാണ് കിളിക്കൂട്. വീടിന്റെ മധ്യത്തിലുള്ള ഇലഞ്ഞിമരം അടിസ്ഥാനമാക്കിയാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇലഞ്ഞിമരത്തിന്റെ ശാഖകള്‍ വീടിനു കുടചൂടുന്നു. പഴയ തുളസിത്തറയ്ക്കു പിന്നില്‍ കിഴക്കോട്ടു ദര്‍ശനമായാണ് പുതിയ വീടും നിര്‍മിച്ചിരിക്കുന്നത്.
വീടിന് എലിവേഷന്‍ എന്നൊരു ഘടകം ഇവിടെ നല്‍കിയിട്ടില്ല. വീടിന്റെ തന്റെ ഭാഗങ്ങള്‍ അടര്‍ത്തിയെടുത്താണ് ഇവിടെ ലാന്‍ഡ്‌സ്‌കേപ്പിങ് ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏകദേശം 4000 ചതുരശ്രയടിയുള്ള വീട്ടിലേക്ക് കയറിയ പ്രതീതി ജനിപ്പിക്കുന്നു ഈ വീട്. ഓരോ ഗ്രിഡിലും പുല്‍ത്തകിടി നല്‍കിയിരിക്കുന്നു.
സമകാലിക ശൈലിയില്‍ വൈറ്റ് തീമിലാണ് വീട് നിര്‍മിച്ചത്. സിറ്റ്ഔട്ട് തുറന്ന ശൈലിയിലാണ്. ഒരു ഭിത്തിയില്‍ തടിയില്‍ ഗ്ലോസി ഫിനിഷില്‍ ജനാലകള്‍ നല്‍കി. ഒരു വശത്ത് ലൈറ്റ് വെല്‍ നല്‍കി. കാറ്റും വെളിച്ചവും സമൃദ്ധമായി നിറയുന്ന തുറന്ന അകത്തളങ്ങളാണ് വീടിന്റെ ഒരു സവിശേഷത.
വൈറ്റ് ഗ്രേ മിശ്രണമാണ് ഇന്റീരിയര്‍. അകത്തേക്ക് കയറുന്നതുതന്നെ വലിയൊരു ഹാളിലേക്കാണ്. ലിവിങ്, ഡൈനിങ്, അടുക്കള എല്ലാം ഇതിന്റെ ഭാഗമാണ്. ലിവിങ് സ്‌പേസിനെ വേര്‍തിരിച്ചറിയുന്നതിനായി ബോക്‌സ് ശൈലിയില്‍ ഫോള്‍സ് സീലിങ് ചെയ്ത് കോവ് ലൈറ്റിങ് നല്‍കി. ഇന്റീരിയര്‍ തീമിനോട് യോജിക്കുന്ന വൈറ്റ് കസ്റ്റം മെയ്ഡ് സോഫകളാണ് ഇവിടെ നല്‍കിയത്.
അക്രിലിക്കിന്റെ വിസ്മയമാണ് അകത്തളങ്ങളില്‍ കാണാനാകുക. ഇന്റീരിയറിന് ഗ്ലോസി ഫിനിഷ് നല്‍കുന്നതില്‍ പ്രധാനി ഇതാണ്. വൈറ്റ് തീമിനോട് യോജിക്കുന്ന വോള്‍പേപ്പര്‍ ലിവിങ് സ്‌പേസ് അലങ്കരിക്കുന്നു. സ്‌പേസിന് ഒരു ത്രിമാനത നല്‍കാന്‍ സഹായിക്കുന്ന ഡിസൈനാണ് ഇതില്‍ ഉപയോഗിച്ചത്. ലിവിങ്ങില്‍ വുഡന്‍ ഫ്‌ളോറിങ് നല്‍കി.
ഡൈനിങ്ങിനോട് ചേര്‍ന്ന് വൈറ്റ് ഗ്രേ മിശ്രണത്തില്‍ പൂജാമുറി. ആറുപേര്‍ക്കിരിക്കാവുന്ന ഊണുമേശ. പ്ലാനുലാര്‍ ഗ്ലാസാണ് ഇതില്‍ ഉപയോഗിച്ചത്. ഊണുമുറിയുടെ വശത്തെ ഭിത്തിയില്‍ ടിവി യൂണിറ്റ് നല്‍കി. ഊണുമുറിയുടെ ഒരു വശത്തെ ഭിത്തി മുഴുവന്‍ യുപിവിസി സ്ലൈഡിങ് വാതിലുകള്‍ നല്‍കി.
വൈറ്റ്, ഗ്രേ നിറപ്പകിട്ടില്‍ അടുക്കള, ഇവിടെ ഒരു ബ്രെക്ഫാസ്റ്റ് കൗണ്ടറും ഒരുക്കി. പ്ലാനുലാര്‍ ഗ്ലാസാണ് ബ്രെക്ഫാസ്റ്റ് കൗണ്ടറില്‍ ഉപയോഗിച്ചത്. അടുക്കളയോട് ചേര്‍ന്ന് വര്‍ക്ക് ഏരിയ നല്‍കി. സെന്‍ട്രലൈസ്ഡ് എസിയും വീട്ടില്‍ നല്‍കി.
ലളിതമായ കിടപ്പുമുറികള്‍. അക്രിലിക് ബോര്‍ഡുകള്‍ ഹെഡ്‌ബോര്‍ഡ് അലങ്കരിക്കുന്നു. മുകളില്‍ ഫോള്‍സ് സീലിങ്ങും കോവ് ലൈറ്റിങ്ങും നല്‍കി. കിടപ്പുമുറിയുടെ ഇരുവശങ്ങളിലും സുതാര്യമായ ഗ്ലാസ് യൂണിറ്റ് നല്‍കി. ഒരു വശത്തു ലാന്‍ഡ്‌സ്‌കേപ് ഏരിയ കാണാം. മറുവശത്തു കോര്‍ട് യാര്‍ഡ് സ്‌പേസും അപ്പുറത്തെ കിടപ്പുമുറികളും കാണാം.
എല്ലാ ഭാഗത്തുനിന്നും കാണാവുന്ന കേന്ദ്രബിന്ദുവാണ് കോര്‍ട് യാര്‍ഡ്. നാലു ഭാഗത്തേക്കും പെബിള്‍സും ഗ്രാസും വിരിച്ച നടപ്പാതയും കാണാം.
എല്ലാ സ്‌പേസിലും അതിന്റെ ഡിസൈന്‍ ലിന്റല്‍ ലെവല്‍ വരെ മാത്രമാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ ഇടങ്ങളും തമ്മില്‍ ഒരു ബന്ധവും ഐക്യതയും കാണാം.
ഒരു പാര്‍ട്ടി ആംബിയന്‍സ് ഉള്ള ലൈറ്റിങ്ങാണ് നല്‍കിയത്. ഇലഞ്ഞിമരത്തില്‍ തൂക്കുവിളക്കുകള്‍ നല്‍കി. നേരം ഇരുട്ടുമ്പോള്‍ ആഘോഷം നിറയുന്ന ഒരു റിസോര്‍ട്ടിന്റെ പ്രതീതിയാണ് വീട്ടില്‍.
https://www.facebook.com/Malayalivartha