വയനാടിന്റെ ഭംഗി ആസ്വദിക്കാന്‍ ഒരു ട്രീ ഹൗസ്!

കാറ്റിനുപോലും കാപ്പിയുടെ മണമുള്ള വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയിലെ നാഗരംകുന്ന്, ഇവിടുത്തെ ഗ്രീന്‍സ് എന്ന ട്രീഹൗസ് അഥവാ മരവീട് കാണാന്‍ ഇപ്പോള്‍ സന്ദര്‍ശകരുടെ പ്രവാഹമാണ്. പ്രകൃതിയിലലിഞ്ഞു ഈ മഴക്കാലത്തെ കുളിരുകോരുന്ന തണുപ്പ് ആസ്വദിച്ചു ഇവിടെ ഒരുദിവസമെങ്കിലും താമസിക്കാന്‍ ആരും കൊതിക്കും.
പറവൂര്‍കാരനായ വിജില്‍ പ്രകൃതിയെ അറിഞ്ഞുള്ള യാത്രകള്‍ തുടങ്ങിയിട്ട് കാലങ്ങളായി..സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും വിവാഹം ചെയ്ത് വിജില്‍ വയനാടിനെ തന്റെ രണ്ടാം വീടാക്കി മാറ്റുകയായിരുന്നു. തുടര്‍ന്നു ഒരേക്കറോളം വരുന്ന കാപ്പി തോട്ടത്തില്‍ പരിസ്ഥിസൗഹൃദമായി ഒരു ഗൃഹനിര്‍മ്മാണം നടത്തി, ഇതില്‍ രണ്ടു കിടപ്പുമുറികള്‍ മാത്രം.
നാട്ടില്‍നിന്നും വരുന്ന ബന്ധുമിത്രാദികളെ താമസിപ്പിക്കാന്‍ ഒരു മുറികൂടി ആവശ്യമായിവന്നു, അതില്‍ നിന്നും ഉല്‍ഭവിച്ചതാണ് ഈ ട്രീഹൗസ് ന്നെ ആശയം എന്നുപറയാം.
നാട്ടില്‍ നിന്നും വരുന്ന സുഹൃത്തുക്കളും ബന്ധുക്കളും വയനാടിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനാണ് വരുന്നത്, അവരെ കോണ്‍ക്രീറ്റ് മുറിക്കുള്ളില്‍ അടച്ചിടാതെ പ്രകൃതി സൗന്ദര്യം ആസ്വദിപ്പിച്ചുകൊണ്ട് ഒരു ദിവസം താമസിപ്പിക്കണമെന്നു തോന്നി. ആ നല്ല ഉദ്ദേശത്തിന്റെ പരിസമാപ്തിയാണ് ഈ മരവീട്. വിജില്‍ പറയുന്നു.
പിന്നീട് പറമ്പിലെ മരങ്ങള്‍ നോക്കി നടക്കുകയായിരുന്നു, ഉറപ്പുള്ള നാലുമരങ്ങള്‍ കണ്ടെത്തുക എന്നതായിരുന്നു ആദ്യ ദൗത്യം, ഒരുപാട് പഠനം നടത്തേണ്ടി വന്നു, പ്രവൃത്തി പരിചയം ഉള്ള ആളുകളുടെ അഭാവം ഉണ്ടായിരുന്നു, ഇത്തരം നിര്‍മ്മാണം നടത്തിയ ഒരാളെ കണ്ടെത്തി അദ്ദേഹത്തെ കൊണ്ടു മോഡല്‍ ഉണ്ടാക്കിയെടുത്തു, പിന്നീട് പ്രദേശത്തെ സാധാരണ ആശാരിമാരെകൊണ്ടു നിര്‍മ്മാണം നടത്തുകയായിരുന്നു.
നാലുമരങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തത്, രണ്ടു വെണ്‍തേക്കും ഒരു പ്ലാവും ഒരു കാറ്റാടിയും, കൂടാതെ വളരെ പഴക്കം ചെന്ന കുറെയേറെ കവുങ്ങുകള്‍ ഇതോടൊപ്പം താങ്ങായി നല്‍കി. പതിനാറു അടി സമചതുരത്തില്‍ തീര്‍ത്ത ഈ മരവീട്ടില്‍ ടോയ്‌ലറ്റ് സൗകര്യത്തോടു കൂടിയുള്ള കിടപ്പുമുറിയും, ബാല്‍ക്കണിയും ഉണ്ട്. ഇരുപത്തിമൂന്നു അടി ഉയരത്തില്‍ നിര്‍മ്മിച്ച ഈ വീട്ടില്‍ നിന്നും നോക്കിയാല്‍ ദൂരെയുള്ള ബന്ദിപ്പൂര്‍ മലകള്‍ വരെ കാണാന്‍ സാധിക്കും.
ഉദ്ദേശിച്ചതിലും കൂടുതല്‍ തടി ആവശ്യമായി വന്നത് നിര്‍മ്മാണത്തില്‍ കാലതാമസമുണ്ടാക്കി. പരമ്പരാഗത രീതിയില്‍ ആയിരുന്നു നിര്‍മ്മാണം. തടി മുറിച്ചിട്ടതുപോലും വാവ് ദിനം നോക്കിയാണ്. ഡീസലും കശുവണ്ടിക്കറയും ഉപയോഗിച്ചാണ് മരം നശിക്കാതിരിക്കാനുള്ള ട്രീറ്റ്‌മെന്റ് ചെയ്തത്. ഡീസലില്‍ ഉപ്പിട്ട് അലിയിച്ചെടുക്കുകയായിരുന്നു. ഇരുന്നൂറു ലിറ്ററോളം ഡീസല്‍ ആവശ്യമായി വന്നു.
മുഴുവന്‍ തടിയില്‍ തന്നെ തീര്‍ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മരത്തിലുള്ള നിര്‍മ്മാണം ആയതുകൊണ്ട് തന്നെ കൃത്യമായി പ്ലാന്‍ വരച്ചു നിര്‍മ്മിക്കാന്‍ പ്രയാസം ഉണ്ടായിരുന്നു. പണി നടക്കുന്നതിനനുസരിച്ചു വേണ്ട മാറ്റങ്ങള്‍ വരുത്തി. പാര്‍ട്ടിഷന്‍ എല്ലാം പനമ്പ്‌കൊണ്ടു പൊതിഞ്ഞെടുക്കുകയായിരുന്നു. ഇതിനു കുത്തു വീഴാതിരിക്കാന്‍ ടച്ച് വുഡ് അടിച്ചു. ജനലുകള്‍ എല്ലാം പുള്‍ചെയ്തു ചങ്ങലയില്‍ ഉയര്‍ത്തിവെക്കുന്ന രീതിയിലാണ്.
കാപ്പിയുടെ തടിയില്‍ തീര്‍ത്ത ടീപോയി, ചൂരല്‍ കസേരകള്‍ എല്ലാംകൂടി ആകുമ്പോള്‍ മരവീട് പൂര്‍ണമാകുന്നു. വയനാടില്‍ തന്നെ മരത്തില്‍ മാത്രം നിര്‍മ്മിച്ച മൂന്നു വീടുകളെ ഉള്ളു എന്നാണ് അറിവ്. ഇവയെല്ലാം വാണിജ്യാവശ്യത്തിനായി രൂപപ്പെടുത്തിയതാണ്. അങ്ങനെ നോക്കുമ്പോള്‍ പ്രകൃതിയോടിണങ്ങി പ്രകൃതിയില്‍ തന്നെ അലിഞ്ഞുപോകുന്ന ഈ നിര്‍മ്മാണ രീതിയും പരിസ്ഥിതി സ്‌നേഹിയായ വിജിലിന്റെ പരിശ്രമവും അഭിനന്ദനാര്‍ഹമാണ്.
https://www.facebook.com/Malayalivartha