ചെലവ് ചുരുക്കി നാല് സെന്റില്‍ ഒരു വീട്

നാല് സെന്റിന്റെ പരിമിതികളൊന്നും തോന്നാത്ത നാല് കിടപ്പുമുറികളുള്ള ഇരിങ്ങാലക്കുടക്കാരന്‍ ഹാന്‍സ് പീറ്ററിന്റെ വീട്, ഡിസൈനറായ കൂട്ടുകാരന്‍ ദീപകിന്റേയും ഹാന്‍സ് പീറ്ററിന്റേയും സൗഹൃദത്തിന്റെ അടയാളമാണ്. 2200 ചതുരശ്രയടിയുള്ള ഈ വീടിന്റെ വിശേഷങ്ങളിലേക്ക്...
അടിത്തറ: സാധാരണ റബിള്‍ ഫൗണ്ടേഷന്‍ ആണ് ചെയ്തത്. എന്നാല്‍ പിറകില്‍ കിണറിനോടു ചേര്‍ന്ന ഭാഗത്ത് മണ്ണിന് അല്‍പം ഉറപ്പു കുറവ് തോന്നി. അവിടെ ബീം നല്‍കി.
എക്സ്റ്റീരിയര്‍: കന്റെംപ്രറി ശൈലിയിലുള്ള എക്സ്റ്റീരിയര്‍ ആണ്. അതിന്റെ ഭാഗമായി ഫ്‌ലാറ്റ് റൂഫ് നല്‍കി. പുറംഭിത്തിയില്‍ സ്‌റ്റോണ്‍ ക്ലാഡിങ് ചെയ്തു. ജിഐ ട്യൂബുകള്‍കൊണ്ട് നിര്‍മിച്ച ഗെയ്റ്റും ആകര്‍ഷകമാണ്. മതിലിലും ഇടയ്ക്ക് ജിഐ ട്യൂബുകള്‍ നല്‍കിയിട്ടുണ്ട്.
ഫ്‌ലോറിങ്: വിട്രിഫൈഡ് ടൈലാണ് എല്ലാ മുറികളിലും ഉപയോഗിച്ചിരിക്കുന്നത്. സ്‌റ്റെയര്‍കെയ്‌സിന്റെ പടികളിലും അടുക്കളയിലെ കൗണ്ടര്‍ടോപ്പിനും ഗ്രാനൈറ്റ് ഉപയോഗിച്ചു.
ജനലും വാതിലും: യുപിവിസി കൊണ്ടാണ് ജനലുകള്‍. പ്രധാന വാതിലുകള്‍ സ്റ്റീലില്‍ പണിതവയാണ്. മറ്റു മുറികള്‍ക്ക് ഫൈബര്‍ വാതിലുകളാണ്.
കിച്ചന്‍ കാബിനറ്റ്, വാഡ്രോബ്: അലുമിനിയം കോംപസിറ്റ് പാനല്‍കൊണ്ടാണ് അടുക്കളയിലെ കാബിനറ്റും കിടപ്പുമുറികളിലെ വാഡ്രോബും പണിതിരിക്കുന്നത്. ടിവി യൂണിറ്റ്, പ്രെയര്‍ ഏരിയ തുടങ്ങിയ ഇടങ്ങളിലുള്ള സ്‌റ്റോറേജുകള്‍ക്ക് മള്‍ട്ടിവുഡ് ആണ് ഉപയോഗിച്ചത്.
ഫര്‍ണിച്ചര്‍: പ്ലൈവുഡിലും മള്‍ട്ടിവുഡിലുമാണ് ഫര്‍ണിച്ചര്‍ പണിതിരിക്കുന്നത്. ഊണുമേശയുടെ കസേരകള്‍ മാത്രം ചടച്ചിയുടെ തടികൊണ്ട് പണിതു.
ഫോള്‍സ് സീലിങ്: ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ് എന്നിവിടങ്ങളില്‍ മാത്രം ജിപ്‌സം ഫോള്‍സ് സീലിങ് ചെയ്തു.
കാറ്റും വെളിച്ചവും: വീടിനുള്ളില്‍ കാറ്റും വെളിച്ചവും വേണമെന്നത് വീട്ടുകാരുടെ ആഗ്രഹമായിരുന്നു. സ്‌റ്റെയറിനു താഴെ ചുവരിലുള്ള വെര്‍ട്ടിക്കല്‍ പര്‍ഗോള, വലിയ ജനാലകള്‍, പാഷ്യോ എന്നിവയെല്ലാം വീടിനുള്ളില്‍ വായുസഞ്ചാരവും പ്രകാശവും ഉറപ്പാക്കുന്നു. കൃത്രിമ വെളിച്ചത്തിനായി എല്ലായിടത്തും ഉപയോഗിച്ചിരിക്കുന്നത് എല്‍ഇഡിയാണ്.
ചെലവ് കുറയ്ക്കാന്‍: അലങ്കാരങ്ങളൊട്ടുമില്ലാതെ ആവശ്യങ്ങളിലൂന്നിയാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. എല്ലാ മുറികള്‍ക്കും വെള്ളനിറമാണ് നല്‍കിയത്. ഊണുമുറിയിലെ കസേരകള്‍ക്കു മാത്രമേ തടി ഉപയോഗിച്ചിട്ടുള്ളൂ. എല്‍ഇഡിയാണ് ലൈറ്റിങ്ങിന്. ഇത്തരം ചില കാര്യങ്ങളില്‍ ചെലവ് കുറച്ച് ആ പണം പുട്ടി, ഫോള്‍സ് സീലിങ്, ചുവരു കെട്ടാന്‍ വയര്‍കട്ട് ഇഷ്ടിക എന്നിവയ്ക്കായി വിനിയോഗിച്ചു.
(Location: ഇരിങ്ങാലക്കുട, തൃശ്ശൂര്‍, Area: 2200 Sqft , Designer: ദീപക് അമ്മനത്ത് ഡികെ അസോഷ്യേറ്റ്‌സ് ഇരിങ്ങാലക്കുട, തൃശ്ശൂര്‍.dkassociatesijk@rediffmail.com)
https://www.facebook.com/Malayalivartha