പ്രകൃതിയുടെ മടിത്തട്ടിലെ സുന്ദരവീട്!

ഇടുക്കിയിലെ നെടുങ്കണ്ടത്ത് പ്രകൃതിരമണീയമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മോഡേണ്‍ കന്റംപ്രറി ശൈലിയിലുള്ള വീട്. സമകാലിക ശൈലിയില്‍ കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കുന്ന ചുറ്റുമുള്ള പ്രകൃതിയുമായി ഇഴുകിചേരുന്ന ഒരു വീട് വേണമെന്നതായിരുന്നു ഉടമസ്ഥന്‍ സന്തോഷ് നാരായണന്റെ ആവശ്യം. ഇതിനനുസൃതമായാണ് വീടിന്റെ എലിവേഷനും ഇന്റീരിയറും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഉടമസ്ഥനും കുടുംബവും പ്രവാസിയായി കുവൈറ്റിലാണ് താമസം.
24 സെന്റില്‍ 3500 ചതുരശ്രയടിയിലാണ് വീട് നിര്‍മിച്ചത്. റോഡ് നിരപ്പില്‍ നിന്നും ഏറെ താഴെ സ്ഥിതി ചെയ്യുന്ന പ്ലോട്ടായിരുന്നതിനാല്‍ റോഡ് നിരപ്പിനോട് മണ്ണിട്ട് ഉയര്‍ത്തിയാണ് വീടുപണിതത്. വൈറ്റ് ഗ്രേ തീമിലാണ് എലിവേഷന്‍. എലിവേഷനില്‍ പലയിടത്തും ക്ലാഡിങ് സ്‌റ്റോണുകള്‍ പാകി മനോഹരമാക്കി. ചിലയിടങ്ങളില്‍ ലൂവറുകള്‍ നല്‍കിയത് ശ്രദ്ധേയമാണ്.
വീടിന്റെ തുടര്‍ച്ചയെന്ന പ്രതീതി ജനിപ്പിക്കുന്ന ചുറ്റുമതില്‍. സ്റ്റീല്‍ ഫ്രയിമില്‍ ലൂവറുകള്‍ നല്‍കിയ ഗെയ്റ്റ് കടന്നാല്‍ പോര്‍ച്ചിലേക്ക് നയിക്കുന്ന പാത നാച്വറല്‍ സ്‌റ്റോണ്‍ പാകി അലങ്കരിച്ചു. മുറ്റം വശങ്ങളില്‍ പുല്‍ത്തകിടിയും ലാന്‍ഡ്‌സ്‌കേപിങ്ങും ചെയ്തു ഭംഗിയാക്കിയിട്ടുണ്ട്. പോര്‍ച്ചിന്റെ പുറംഭിത്തികളില്‍ ഗ്രേ ക്ലാഡിങ് ടൈലുകള്‍ പാകി. പോര്‍ച്ചിലൂടെ സിറ്റ്ഔട്ട് സ്‌പേസിലേക്ക്. തുടര്‍ന്ന് പ്രധാനവാതില്‍ വഴി അകത്തളത്തിലേക്ക് കയറാം.
ഇന്റീരിയറിലെ ഹൈലൈറ്റ് ഡബിള്‍ ഹൈറ്റിലുള്ള കോര്‍ട്യാര്‍ഡാണ്. ക്ലാഡിങ് ടൈലുകളാണ് ഭിത്തിയെ അലങ്കരിക്കുന്നത്. താഴെ പെബിളുകള്‍ വിരിച്ചു. ഫര്‍ണിച്ചറുകള്‍ കസ്റ്റം മെയ്ഡാണ്. ഇന്റീരിയര്‍ തീമിനോട് യോജിക്കുന്ന ലെതര്‍ ഫാബ്രിക് സോഫ സെറ്റ് ഫോര്‍മല്‍ ലിവിങ്ങിനു അഴക് പകരുന്നു. വിട്രിഫൈഡ് ടൈലുകളാണ് ഫ്‌ലോറിങ്ങിന് ഉപയോഗിച്ചത്. തൂക്കുവിളക്കുകളും, ക്യൂരിയോകളും വിദേശത്തു നിന്ന് വാങ്ങിക്കൊണ്ടുവന്നതാണ്.
ലിവിങ്ങിനെയും ഊണുമുറിയെയും വേര്‍തിരിക്കുന്നത് ഒരു ഷെല്‍ഫാണ്. ഇതില്‍ അക്രിലിക് ബോക്‌സിനുള്ളില്‍ എല്‍ഇഡി സ്ട്രിപ്പുകള്‍ നല്‍കി അലങ്കരിച്ചു. ബാക്കിയിടങ്ങളില്‍ ക്യൂരിയോസ് വച്ച് അലങ്കരിച്ചു. വാം ടോണ്‍ ലൈറ്റിങ്ങാണ് ഇന്റീരിയറില്‍. പ്രധാന മുറികളില്‍ ജിപ്‌സം വെനീര്‍പ്ലൈവുഡില്‍ തീര്‍ത്ത ഫോള്‍സ് സീലിങ്ങില്‍ ലൈറ്റിങ് നല്‍കി മനോഹരമാക്കിയിട്ടുണ്ട്.
ഡൈനിങ്ങിനു സമീപം ഒരു ഫാമിലി ലിവിങ് സ്‌പേസ് ഒരുക്കി. വേര്‍തിരിച്ചറിയുന്നതിനു ഇവിടെ നിലത്ത് റഗ്ഗ് വിരിച്ചു. ആറുപേര്‍ക്കിരിക്കാവുന്ന ലളിതമായ ഊണുമേശ. ഇതിനുമുകളില്‍ തൂക്കുവിളക്കുകള്‍ നല്‍കി. ഡൈനിങ്ങിന്റെ ഒരുവശത്ത് ക്രോക്കറി ഷെല്‍ഫ് ക്രമീകരിച്ചു. ഇതിന്റെ വശത്തായി വാഷ് ഏരിയ, ടോയ്‌ലറ്റ് എന്നിവ ക്രമീകരിച്ചു. ഇവിടെ പാര്‍ടീഷനുമുകളില്‍ ബ്ലാക് അക്രിലിക്കില്‍ ജാളി വര്‍ക്ക് നല്‍കിയത് ശ്രദ്ധേയമാണ്.
ഗോവണി കയറിച്ചെല്ലുന്നത് വിശാലമായ ഹാളിലേക്കാണ്. ഒരുവശത്ത് താഴത്തെ കോര്‍ട്യാര്‍ഡിന്റെ തുടര്‍ച്ച കാണാം. മുകള്‍നിലയില്‍ ക്ലാഡിങ്ങിനു പകരം ഗ്ലാസ്സാണ് നല്‍കിയത്. ഇതിലൂടെ പ്രകാശം സമൃദ്ധമായി അകത്തളത്തിലേക്കെത്തുന്നു. ഇവിടെ ഒരു ഭിത്തിയില്‍ പ്ലൈവുഡ് പാനലിങ് നല്‍കി ടിവി യൂണിറ്റ് ക്രമീകരിച്ചു.
ഹാളിന്റെ ഒരുവശത്തെ ഭിത്തിയില്‍ പ്ലൈവുഡ് ലാമിനേഷനില്‍ തീര്‍ത്ത ഹെക്‌സഗനല്‍ ഷേപ്പിലുള്ള ബുക് ഷെല്‍ഫ് കൗതുകകരമാണ്. മുകളില്‍ ഹാളില്‍ വായനാമുറിയായോ ഫാമിലി ലിവിങ്ങായോ ഉപയോഗിക്കാനുതകും വിധത്തില്‍ സിറ്റിംഗ് സ്‌പേസ് ക്രമീകരിച്ചു.
അഞ്ചു കിടപ്പുമുറികളാണ് വീട്ടില്‍. താഴെ രണ്ടും മുകളില്‍ മൂന്നും. കിടപ്പുമുറികള്‍ക്ക് അറ്റാച്ഡ് ബാത്‌റൂം, വാര്‍ഡ്രോബ് എന്നിവ ഒരുക്കിയിട്ടുണ്ട്. ചുവരുകളില്‍ തീമിനോട് ചേരുന്ന വോള്‍പേപ്പര്‍ ഒട്ടിച്ചു ഭംഗിയാക്കി. ഇന്റീരിയര്‍ തീമിനോട് യോജിക്കുന്ന ബ്ലൈന്‍ഡുകള്‍ കിടപ്പുമുറി അലങ്കരിക്കുന്നു.
വൈറ്റ്+ ഗ്രേ കോംബിനേഷനിലാണ് അടുക്കള. ബ്ലാക് ഗ്രാനൈറ്റാണ് കൗണ്ടര്‍ടോപ്പിന് ഉപയോഗിച്ചത്. അടുക്കളയിലും ഫോള്‍സ് സീലിങ് ലൈറ്റിങ് നല്‍കിയത് ശ്രദ്ധേയമാണ്.
വ്യക്തമായ പ്ലാനും മേല്‍നോട്ടവുമുണ്ടായിരുന്നതുകൊണ്ട് വെറും ആറുമാസം കൊണ്ട് വീടിന്റെ പണി പൂര്‍ത്തിയായി. ഇന്റീരിയര്‍ ചെയ്യാന്‍ 2 മാസം കൂടിചേര്‍ത്ത് എട്ടുമാസം കൊണ്ട് വീട് റെഡിയായി.
ഇപ്പോള്‍ സമീപത്തെ റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വേഗത ഇവിടെയെത്തുമ്പോള്‍ താനെ കുറയും. പ്രകൃതിയുടെ മനോഹരമായ പശ്ചാത്തലത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന വീട് ആസ്വദിച്ചിട്ടാണ് ആളുകളുടെ തുടര്‍ന്നുള്ള യാത്ര.(Area- 3500 SFT Plot- 24 cents Location- Nedumkandam Completion year- 2017 Duration- 6 months Owner- Santhosh Narayanan Exterior-Jayan Creative engineers & architects, Nedumkandam Design- ...Ponnu Jose De-Design, Kottayam email-dedesign.ktm@gmail.com Mob- 9048785246)
https://www.facebook.com/Malayalivartha