ചെങ്കല്ലില്‍ കൊത്തിയൊരുക്കിയ പഴമയുടെ തനിയാവര്‍ത്തനം

തലമുറകള്‍ കൈമാറി വന്ന എഴുപത്തഞ്ച് വര്‍ഷം പഴക്കമുള്ള വീട് പൊളിച്ച് മാറ്റി രണ്ട് വര്‍ഷം മുമ്പ് നിര്‍മിച്ച പുതിയ വീടാണെങ്കിലും ഒരു കാരണവരുടെ ഭാവമുണ്ട് ഈ വീടിന്. പൂര്‍ണമായും ചെങ്കല്ലില്‍ തീര്‍ത്തതാണ് വള്ളിയേങ്ങല്‍ അകായില്‍ എന്നു പേരിട്ടിരിക്കുന്ന ഈ വീട്.
ചെങ്കല്ല് ഉപയോഗിച്ച് കെട്ടിപ്പൊക്കുന്ന വീടുകള്‍ നമ്മുടെ നാട്ടില്‍ അപൂര്‍വ്വമല്ല. പക്ഷേ ഈ വീടിനെ വ്യത്യസ്തമാക്കുന്നത് ചെങ്കല്ലിന്റെ പ്രകൃതിദത്തമായ മനോഹാരിത സിമന്റ് ഉപയോഗിച്ച് മറയ്ക്കാതെ അതേപോലെ നിലനിര്‍ത്തിയിരിക്കുന്നു എന്നതാണ്. പ്ലാവും മാവും ജാതിയും തണലിടുന്ന തൊടിയില്‍ പഴമയുടെ തനിയാവര്‍ത്തനം പോലെ ഈ വീട് തലയുയര്‍ത്തി നില്‍ക്കുന്നു.
പുല്ല് പാകിയ മുറ്റം പിന്നിട്ട് നേരെ എത്തുന്നത് നീളന്‍ വരാന്തയിലേക്കാണ്. വരാന്തയില്‍ നിന്നും വീടിനുള്ളിലേക്കുള്ള ആര്‍ച്ച് മാതൃകയിലെ പ്രധാന വാതില്‍ തുറന്നാല്‍ ആരുടെയും കണ്ണൊന്നു തള്ളിപ്പോകും. വീടിന്റെ പ്രധാന വാതില്‍ തുറക്കുമ്പോള്‍ മുന്നില്‍ ആദ്യം കാണുന്നത് ചുവന്ന കളറില്‍ നടുമുറ്റത്തിന്റെ ചുവരിലെ മരത്തിന്റെ ചെങ്കല്‍ ശില്‍പ്പമാണ്.
ആര്‍ട്ട് ഗ്യാലറികളില്‍ പോയതു പോലുള്ളൊരു അനുഭൂതി, ഇതു വീടല്ലെന്ന് ആരും മനസില്‍ പതിയെ പറഞ്ഞു തുടങ്ങും. നടുമുറ്റത്തിന് ചുറ്റുമായാണ് സ്വീകരണ മുറിയും ഡൈനിങ്ങ് ഹാളും ക്രമീകരിച്ചിരിക്കുന്നത്. പഴയവീടിന്റെ ഭാഗമായി നിന്നിരുന്ന കിണറിന് ചുറ്റുമാണ് നടുമുറ്റം നിര്മിച്ചിരിക്കുന്നത്.
പഴയ വീടിന്റെ മാതൃക മാത്രമല്ല ഉടമ കടമെടുത്തത് പകരം, പഴയ വീട്ടിലെ മച്ചിന്റേതടക്കമുള്ള തടിയും പുതിയ വീട്ടിലേക്ക് ഉപയോഗിച്ചിരിക്കുന്നു. ഫര്‍ണിച്ചറും വാതിലും കട്ടിളയും തുടങ്ങി കോണിപ്പടിയുടെ കൈപ്പടി പോലും നിര്‍മിച്ചിരിക്കുന്നത് തറവാട്ട് വീട്ടിലെ മരം ഉപയോഗിച്ചാണ്.
കരിമ്പനയാണ് ഈ ചെങ്കല്ല് വീടിനെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം. പാലക്കാടിന്റെ ഗ്രാമങ്ങളില്‍ നിന്നുംപോലും കരിമ്പനകള്‍ നേരിട്ട് പോയി വാങ്ങിയാണ് വീടിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. കരിമ്പനകളുടെ ആരുകള്‍ തീര്‍ക്കുന്ന തികച്ചും നാച്വറലായ ഡിസൈനുകളാണ് ഒരു ഡിസൈനര്‍ കൂടിയായ വീട്ടുടമ മന്‍സൂറിന് കരിമ്പനകളോട് കമ്പം തോന്നാന്‍ കാരണമാക്കിയത്.
കരിമ്പനകളില്‍ തീര്‍ത്ത മച്ചില്‍ തൂങ്ങുന്ന വിവിധ നിറത്തിലുള്ള അലങ്കാര വിളക്കുകള്‍ കൊച്ചിയില്‍ നിന്നും ശേഖരിച്ചതാണ്. ആന്റിക്ക് മാതൃകയിലുള്ള ഈ അലങ്കാര വിളക്കുകള്‍ കരിമ്പന മച്ചില്‍ വീഴ്ത്തുന്ന വിവിധ നിറങ്ങളിലുള്ള പ്രകാശം ഒരു ഹെറിറ്റേജ് ഹോട്ടലില്‍ ചെന്ന അനുഭൂതിയിലേക്ക് നമ്മെ കൊണ്ടുപോകുന്നു.
ചെങ്കല്‍ വീടുകളുടെ എക്‌സ്‌പേര്ട്ട് ആര്‍ക്കിടെക്റ്റ് സതീശാണ് മന്‍സൂറിന്റെ മനസിലുള്ള പഴയമയെ ചെങ്കല്ലില്‍ കൊത്തിയെടുത്ത് വീടാക്കി മാറ്റിയത്. മൂന്ന് കിടപ്പുമുറികളാണ് വീട്ടിലുള്ളത്. താഴത്തെ നിലയില്‍ രണ്ടും മുകള്‍ നിലയില്‍ ഒന്നും. നിലത്ത് ചുവന്ന നിറത്തിലുള്ള തറയോടുകളാണ് പാകിയിരിക്കുന്നത്. മേല്‍ക്കൂരയില്‍ പാകിയിരിക്കുന്ന ഓടുകളും പഴയ തറവാടിന്റേതുതന്നെ. വീടിനു പഴമയുടെ മുഖഛായ നല്‍കുന്നതില്‍ ഈ ഓടുകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.
ഡൈനിങ്ങ് ടേബിളിലും സ്വീകരണ മുറിയിലെ ഫര്‍ണിച്ചറുകളിലും ഒന്നു കണ്ണോടിച്ചാല്‍ മനസിലാകും എല്ലാം ഒരേ മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത്. അതേപ്പറ്റി കൂടുതലന്വേഷിച്ചപ്പോള്‍ മനസിലായി പഴയ വീടിന്റെ തടി ഉപയോഗിച്ച് പഴയ മാതൃകയില്‍ ഫര്‍ണിച്ചര്‍ പ്രത്യേകം പണികഴിപ്പിക്കുകയായിരുന്നു.
മറ്റൊരു പ്രത്യകത ആര്‍ച്ച് മാതൃകയില്‍ തീര്‍ത്ത ജനാലകള്‍ക്ക് നല്‍കിയിരിക്കുന്ന വിവിധ നിറങ്ങളിലുള്ള ഗ്ലാസുകളാണ്. ആന്റീക് മാതൃകയിലുള്ള വീട്ടിലെ വാഷ്‌ബേസിന്‍ പോലും പ്രത്യേകം തെരഞ്ഞെടുത്തതാണ്. പാഴായിപോകുന്ന പ്ലാസ്റ്റിക് പാത്രങ്ങളെ പോലും വീട്ടില്‍ മനോഹരമായ ഫഌവര്‍വാസുകളായി കാണം. ചൂടിക്കയറുപയോഗിച്ച് മിഠായി പാത്രങ്ങളെ പോലും അലങ്കരച്ച് അതില്‍ ജീവനുള്ള ചെടികള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നു.
മോഡുലാര്‍ മാതൃകയിലാണ് വീട്ടിലെ അടുക്കള ക്രമീകരിച്ചിരിക്കുന്നത്, പുറമെ വിറക് അടുപ്പിനായി മറ്റൊരു അടുക്കളയും, കൂടാതെ വര്‍ക്ക് ഏരിയയും അനുബന്ധമായി നല്‍കിയിട്ടുണ്ട്. പൊടിപിടിച്ച് ചെങ്കല്ലിന്റെ നിറം മങ്ങുന്നതിന് മുമ്പേ ഇവര്‍ വീട് നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാറുണ്ട്.
ചെങ്കല്ല് വീടുകളുടെ സ്‌പെഷ്യലിസ്റ്റാണ് തൃശ്ശൂര്‍ സ്വദേശിയായ ആര്‍ക്കിടെക്റ്റ് സതീഷ്. കോഴിക്കോട് സ്ഥിരതാമസമാക്കിയ സതീഷ് 1988 മുതല്‍ നിര്‍മാണ മേഖലയില്‍ സജീവമാണ്. കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം അദ്ദേഹം 500-ല്‍ അധികം വീടുകള്‍ പണിതു കഴിഞ്ഞു.
https://www.facebook.com/Malayalivartha