അടിമുടി ആഡംബരം നിറയുന്ന കേരളവീട്

പരമ്പരാഗത ശൈലിയിലുള്ള കേരള വീടുകളുടെ നന്മയ്‌ക്കൊപ്പം മോഡേണ്‍ സൗകര്യങ്ങളും സമന്വയിക്കുന്ന ഒരു വീട് വേണമെന്നതായിരുന്നു ഉടമസ്ഥന്‍ ആഷിക്കിന്റെ ആഗ്രഹം.കോഴിക്കോട് ചേലക്കാട് എന്ന സ്ഥലത്ത് 30 സെന്റില്‍ 4800 ചതുരശ്രയടിയിലാണ് പരമ്പരാഗത ശൈലിയിലുള്ള ഈ ആഡംബരവീട് സ്ഥിതി ചെയ്യുന്നത്. ഇതിനനുസൃതമായാണ് ഈ വീട് നിര്‍മിച്ചത്.
ട്രഡീഷണല്‍ ശൈലിയുടെ പുതിയകാല രൂപമാണ് വീടിന്റെ എലിവേഷന്‍. സ്ലോപ് റൂഫുകള്‍ കലാപരമായി വിന്യസിച്ച് അതിനുമുകളില്‍ മണ്‍ടൈലുകള്‍ പാകി. വൈറ്റ് ഓഫ് ഗ്രീന്‍ നിറങ്ങളുടെ സങ്കലനമാണ് എലിവേഷന്‍. വീടിന്റെ മിനിയേച്ചര്‍ ശൈലിയില്‍ ഗരാജ് സ്‌പേസും വശത്തു നിര്‍മിച്ചു. ഇവിടെ നിന്ന് വീട്ടിലേക്ക് കണക്ഷന്‍ സ്‌പേസും നല്‍കി. ബാംഗ്ലൂര്‍ സ്‌റ്റോണ്‍ കൊണ്ട് മുറ്റം ഇന്റര്‍ലോക്ക് ചെയ്തു. വീടിന്റെ മുന്‍വശത്ത് ഹൈലൈറ്റര്‍ പൂന്തോട്ടവും ഒരുക്കി. ലാന്‍ഡ്‌സ്‌കേപ്പിങ്ങില്‍ ആദ്യം സ്ഥാനം പിടിക്കുക വൃത്താകൃതിയിലുള്ള ഈ പുല്‍ത്തകിടിയാണ്.
പോര്‍ച്ചില്‍ നിന്നും ചെറിയൊരു ഇടനാഴിയിലൂടെയാണ് അകത്തേക്ക് പ്രവേശിക്കുന്നത്. ഇടനാഴിയുടെ തൂണുകളില്‍ ക്ലാഡിങ് ടൈലുകള്‍ പാകി മനോഹരമാക്കി. വീടിന്റെ മുന്നില്‍ നീളന്‍ വരാന്ത നല്‍കി. ഇവിടെ സിറ്റിങ് സ്‌പേസും ക്രമീകരിച്ചു.
വിശാലതയ്‌ക്കൊപ്പം സ്വകാര്യത നിലനിര്‍ത്തുന്ന അകത്തളങ്ങളാണ് വീടിനുള്ളത്. ഉയരത്തില്‍ മേല്‍ക്കൂര നല്‍കിയതുകൊണ്ട് ഫോര്‍മല്‍ ലിവിങ്ങിനു വിശാലത കൈവരുന്നു. കസ്റ്റംമെയ്ഡ് സോഫകള്‍ ഇവിടം അലങ്കരിക്കുന്നു. ഇറ്റാലിയന്‍ മാര്‍ബിളാണ് ഫ്‌ലോറിങ്ങിന് ഉപയോഗിച്ചത്.
തടിയുടെ പ്രൗഢിയും അഴകുമാണ് ഇന്റീരിയറില്‍ കൂടുതലും നിറയുന്നത്. പ്രധാന ഹാളിലെ ഫോള്‍സ് സീലിങ് തടിയിലാണ്. ബാക്കിയിടങ്ങളില്‍ ജിപ്‌സം വെനീര്‍ പ്ലൈവുഡ് കോംബിനേഷനില്‍ ഫോള്‍സ് സീലിങ് ചെയ്തു ലൈറ്റിങ് നല്‍കി. തേക്കിന്‍ തടിയില്‍ കടഞ്ഞെടുത്ത ഗോവണി. കൈവരികളെല്ലാം തേക്കിലാണ്. സ്‌റ്റെപ്പുകളിലും തടിയും ടൈലും ഉപയോഗിച്ചു. ഗോവണിയുടെ താഴെ സ്റ്റഡി സ്‌പേസ് ആയി മാറ്റി.
ഡബിള്‍ ഹൈറ്റിലാണ് ഫാമിലി ലിവിങ് സ്‌പേസ്. ഇവിടെ എല്‍ ഷേപ്പില്‍ സോഫ യൂണിറ്റ് നല്‍കി.
ഇന്റീരിയറിലെ മറ്റൊരു ഹൈലൈറ്റ് വോള്‍പേപ്പര്‍ ഒട്ടിച്ച ഡബിള്‍ ഹൈറ്റ് ഭിത്തിയാണ്. ഫാമിലി ലിവിങ്ങിനും കിടപ്പുമുറികള്‍ക്കുമിടയിലുള്ള ഇടനാഴിയുടെ ഭിത്തിയിലാണ് ഡബിള്‍ ഹൈറ്റില്‍ വോള്‍പേപ്പര്‍ ഒട്ടിച്ചത്. ഗോവണി കയറി മുകളില്‍ ചെല്ലുമ്പോള്‍ ഇതിന്റെ തുടര്‍ച്ച കാണാം.
ഊണുമുറിയുടെ വശത്തു പുറത്തേക്ക് വാതിലും പാഷ്യോ സ്‌പേസും ഒരുക്കി. ഈ വാതില്‍ തുറന്നിട്ടാല്‍ വീട്ടിലേക്ക് സമൃദ്ധമായി കാറ്റും വെളിച്ചവും കടന്നെത്തും. ഈ പാഷ്യോയ്ക്ക് സമീപം പര്‍ഗോള ഓപ്പണിങ് നല്‍കി കോര്‍ട്യാര്‍ഡും കുളവും ചെടികളും നല്‍കി.
വിശാലമായ മോഡുലാര്‍ കിച്ചനാണ് ഒരുക്കിയിട്ടുള്ളത്. വൈറ്റ് കൗണ്ടര്‍ടോപ്പില്‍ ഒരുഭാഗം ബ്രെക്ഫാസ്റ്റ് കൗണ്ടറായി ഉപയോഗിക്കാം. അടുക്കളയിലും ഫോള്‍സ് സീലിങ്ങിന്റെയും ലൈറ്റിങ്ങിന്റെയും മായാജാലം കാണാം.
നാലു കിടപ്പുമുറികളാണ് വീട്ടില്‍. രണ്ടെണ്ണം താഴെയും രണ്ടെണ്ണം മുകളിലും. എല്ലാത്തിനും അറ്റാച്ഡ് ബാത്‌റൂം സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓരോ കിടപ്പുമുറികള്‍ക്കും ഓരോ കളര്‍തീമാണ് നല്‍കിയത്. ഇതിനനുസരിച്ച് റോമന്‍ ബ്ലൈന്‍ഡുകളും ജനാലകള്‍ക്ക് നല്‍കി.
കിടപ്പുമുറികളില്‍ വേര്‍തിരിവ് കൊണ്ടുവരുന്നതിനായി കട്ടിലിന്റെ താഴെയുള്ള ഫ്‌ലോറില്‍ വുഡന്‍ പാറ്റേണ്‍ മാര്‍ബിള്‍ പാകിയത് ശ്രദ്ധേയമാണ്. കട്ടിലിന്റെ ഹെഡ്‌ബോര്‍ഡ് ഭാഗത്തെ ഭിത്തിയിലും വോള്‍പേപ്പറുകള്‍ ഒട്ടിച്ചിട്ടുണ്ട്.
(Project Facts: Area- 4800 SFT, Place- Chelakkad, Calicut, Plot- 30 cents ,Completion year- 2017,Owner- Ashiq,Designer- Rafeeq,Nimfra Architects, Vadakara,email- nimfraarchitects@gmail.com,Mob- 9446534722)
https://www.facebook.com/Malayalivartha