ഒരു സെന്റിലും മഴക്കുഴി ഒരുക്കാം

കേരളത്തിലെ വലിയൊരു ശതമാനം ആളുകള്‍ക്കും വീടിരിക്കുന്ന സ്ഥലം കഴിഞ്ഞാല്‍ പിന്നെ പറയത്തക്ക പറമ്പും ഉണ്ടാകില്ല. പെയ്യുന്ന മഴയെ മുഴുവനായി ഭൂമിയിലേക്കു താഴ്ത്തുകയെന്നതാണ് കുടിവെളളക്ഷാമം ഇല്ലാതാക്കാനുളള ഏറ്റവും നല്ല മാര്‍ഗം. ഒരു സെന്റിലാണ് വീടുണ്ടാക്കുന്നതെങ്കില്‍ മഴവെളളം ഭൂമിയില്‍ താഴ്ത്താനും അതുവഴി കിണറിലെ ഉറവകള്‍ ശക്തിപ്പെടുത്താനും സാധിക്കും. മഴവെളളം ഭൂമിയിലേക്ക് ഇറക്കിവിടുന്നതോടെ വെളളക്കെട്ട് ഒഴിവാക്കുകയും ചെയ്യും. തീരദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെളളക്കെട്ടുണ്ടാക്കുമെന്നതിനാല്‍ അത്തരം പരീക്ഷണങ്ങള്‍ പറ്റില്ല.
മേല്‍ക്കൂരയില്‍ വീഴുന്ന മഴവെളളം അരിച്ച് കിണറ്റിലെത്തിക്കുന്ന മാര്‍ഗമാണ് ഏറ്റവും എളുപ്പവും പെട്ടെന്നുതന്നെ ഫലം ലഭിക്കുന്നതും. ഈ മാര്‍ഗത്തിന് ചെലവും വളരെ കുറവാണ്. അരിക്കാനുളള സംവിധാനത്തിന്റെയും പൈപ്പുകളുടെയും ചെലവേ ഇതിനാകൂ. മുറ്റത്ത് വണ്ടിപോകുന്ന സ്ഥലത്തു മാത്രം ഗ്രാനൈറ്റോ ഇഷ്ടികയോ വിരിച്ച് ഉറപ്പുളളതാക്കി ബാക്കി ഭാഗമെല്ലാം പുല്‍ത്തകിടിയാക്കുക. നാട്ടിലെ കാലാവസ്ഥയോടു യോജിക്കാത്ത പുല്ലാണെങ്കില്‍ വേനല്‍ക്കാലത്ത് കൂടുതല്‍ വെള്ളം വലിച്ചെടുക്കാന്‍ സാധ്യതയുളളതിനാല്‍ നാടന്‍ പുല്ല് ഉപയോഗിക്കാം. പുല്ലിനു പകരം കൂട്ടമായി നടുന്ന കുറ്റിച്ചെടികളുമാകാം. പുല്ലിലോ ചെടികളുടെ ചുവട്ടിലോ വെള്ളം തങ്ങിനിന്ന് പതിയേ ഭൂമിയിലേക്ക് ഇറങ്ങും.
സ്ലാബും ഗ്രില്ലും ഉപയോഗിച്ച് വെള്ളം ഭൂമിയുടെ അടിയിലേക്കു കടത്തിവിടുന്ന മാര്‍ഗവും നഗരങ്ങളില്‍ പ്രാവര്‍ത്തികമാക്കാം. വെള്ളക്കെട്ട് ഒഴിവാക്കാനും ഇത് ഫലപ്രദമാണ്. ഒന്നോ രണ്ടോ സ്ലാബുകളാണ് ഇതിന് പ്രധാനമായും വേണ്ടത്. എട്ട് ഇഞ്ച് വ്യാസമുളള, ഒരടി നീളമുളള പൈപ്പുകള്‍ ഈ സ്ലാബില്‍ സ്ഥാപിക്കണം. സ്റ്റീല്‍ അരിപ്പയുമുണ്ടെങ്കില്‍ വെള്ളം മാത്രം ഭൂമിക്കടിയിലേക്കെത്തും. സ്ലാബിന്റെ നീളവും വീതിയും നോക്കി കുറഞ്ഞത് ഒരടിയെങ്കിലും താഴ്ചയുളള കുഴിയെടുക്കുക. മണ്ണ് ഇടിയാതിരിക്കാന്‍ വശങ്ങളില്‍ ഇഷ്ടിക അടുക്കി മുകള്‍ ഭാഗത്ത് സിമന്റിട്ട് ഉറപ്പിക്കണം. അടിയില്‍ ഒന്നും ചെയ്യേണ്ടതില്ല. കുഴിയുടെ മുകളില്‍ സ്ലാബിട്ട് വെള്ളം അതിലേക്കു കടത്തിവിടാം.
കാര്‍പോര്‍ച്ചിനടിയിലെ സ്ഥലം വെറുതെ കളയാതെ അവിടെ ഇത്തരം മഴക്കുഴികള്‍ ഉണ്ടാക്കാം. ചതുരാകൃതിയിലുളള കുഴിയുണ്ടാക്കി മുകളില്‍ സ്ലാബിട്ട് കാര്‍പോര്‍ച്ച് നിര്‍മിക്കാം. ഈ സ്ലാബിലെ മാന്‍ഹോളിലൂടെ വെള്ളം താഴേക്ക് ഇറക്കി വിടുന്നതാണ് രീതി. സ്ഥലം എത്ര കുറവാണെങ്കിലും ഇത് വളരെ ഫലപ്രദമാണ്. കനം കൂടിയ സ്ലാബ് നിര്‍മിക്കണമെന്നതുമാത്രമാണ് കൂടുതല്‍ ചെലവ്. വീടുപണികഴിഞ്ഞ് ബാക്കിയായ ഇഷ്ടികയും മെറ്റലുമെല്ലാം ഈ കുഴിയിലിട്ട് വെള്ളം താഴ്ത്താന്‍ സഹായിക്കും.
പുരപ്പുറത്തെ വെള്ളം പ്രയോജനപ്പെടുത്താന്‍ ഏതു സ്ഥലത്തും സാധിക്കും. കൂടുതല്‍ സ്ഥലമുണ്ടെങ്കില്‍ അരിപ്പയിലൂടെ വെള്ളം കടത്തി വിടുന്നതിനു പകരം മറ്റൊരു സംവിധാനം പരീക്ഷിക്കാം. കിണറിനോടു ചേര്‍ന്നുതന്നെ ഒരു കുഴിയെടുത്ത് മഴവെള്ളം അതിലൂടെ കിണറ്റിലെത്തിക്കുകയാണിത്. ടെറസ്സിലെ വെള്ളമെല്ലാം ഒരു പൈപ്പിലേക്ക് ഏകോപിപ്പിച്ച് മഴക്കുഴിയിലേക്ക് വിടുക. മഴക്കുഴിയില്‍ മെറ്റലോ, ഇഷ്ടികയുടെയോ ഓടിന്റെയോ കഷണങ്ങളോ ഇട്ട് വെളളത്തെ പതിയെപ്പതിയെ ഭൂമിയിലേക്കിറക്കാം. ഉറച്ച മണ്ണാണെങ്കില്‍ മാത്രമേ ഇതു നടക്കൂ എന്നതോര്‍ക്കണം. മണ്ണിന് ഉറപ്പു കുറവാണെങ്കില്‍ കിണറുതന്നെ ഇടിയാന്‍ സാധ്യതയുണ്ട്. ചെടികളുടെയും വൃക്ഷങ്ങളുടെയും ചുവട്ടില്‍ തടമുണ്ടാക്കി അതിലൂടെ വെള്ളം ഭൂമിയിലേക്കു താഴ്ത്താം.
പത്ത് സെന്റ് ഉണ്ടെങ്കില്‍ രണ്ട് തെങ്ങോ മാവോ വയ്ക്കാത്തവരുണ്ടാകുമോ? തെങ്ങിന്‍ കുഴിയിലോ തടത്തിലോ ഒഴുകിയെത്തുന്ന വെള്ളം കെട്ടിക്കിടന്ന് ഭൂമിയിലേക്ക് താഴും. വലിയ തെങ്ങുകള്‍ ഉണ്ടെങ്കില്‍ മഴക്കാലം തുടങ്ങുന്നതിനു മുമ്പ് അവയ്ക്കു തടമെടുത്ത് പച്ചിലകളും ചാണകവുമെല്ലാമിട്ടു കൊടുക്കാറുണ്ട്. ഈ തെങ്ങിന്‍ തടങ്ങളും വെള്ളം ഭൂമിയിലേക്ക് ഇറങ്ങാനുളള മാര്‍ഗങ്ങളാണ്. ഏതു വീടിനും ഒരു കൊച്ചുപൂന്തോട്ടമുണ്ടാകുമല്ലോ പുല്‍ത്തകിടി ഉണ്ടെങ്കില്‍ അതിലൂടെ കുറേവെള്ളം ഭൂമിയിലേക്കെത്തും. പുല്‍ത്തകിടി ഇല്ലെങ്കില്‍പ്പോലും കുറ്റിച്ചെടികളും ചെറിയ ചെടികളുമെല്ലാം വെള്ളത്തെ തടഞ്ഞു നിര്‍ത്തി ഭൂമിയിലേക്ക് താഴ്ത്താന്‍ സഹായിക്കാം.
പരമാവധി ചെടികള്‍ നടുക മാത്രമാണ് നമ്മുടെ കടമ. കരിയിലകള്‍ കൂടിക്കിടന്നാല്‍ അതും വെള്ളം ഭൂമിയിലേക്കു താഴ്ത്തുന്നതിനും ഭൂമിയുടെ മുകളില്‍ ഒരു ആവരണം പോലെ കിടക്കുന്നതിനും സഹായിക്കും. ചകിരി, വാഴപ്പിണ്ടി ഇവയെല്ലാം വെളളത്തിന്റെ ഒലിച്ചുപോക്ക് നിയന്ത്രിച്ച് വെള്ളം താഴാന്‍ സഹായിക്കും. വീടു കഴിഞ്ഞ് കുറച്ചധികം സ്ഥലമുണ്ടെങ്കില്‍ മൂന്നോ നാലോ ഇടങ്ങളിലായി മഴക്കുഴിയില്‍ നിര്‍മിക്കാം. ഏറ്റവും കുറഞ്ഞത് ഒരു മീറ്റര്‍ ക്യൂബ് എങ്കിലും വലുപ്പം വേണം മഴക്കുഴിക്ക്. മഴക്കുഴിയില്‍ ബേബി മെറ്റലോ പൊട്ടിയ ഇഷ്ടികകളോ പൊട്ടിയ ഓടിന്‍ കഷണങ്ങളോ വച്ച് വെള്ളം പതുക്കെ താഴാന്‍ അനുവദിക്കാം.
https://www.facebook.com/Malayalivartha