കിണര്‍ കുഴിക്കുന്നതിന് മുമ്പ് അറിയാം ചിലത്

ഭൂമി കണ്ടെത്തുമ്പോള്‍ തന്നെ ആദ്യം പരിശോധിക്കുന്നത് ജലത്തിന്റെ ലഭ്യതയാണ്. ഇത് ഉറപ്പുവരുത്തിയ ശേഷമാകും മിക്കവരും വീടുപണി ആരംഭിക്കുന്നത്. പിന്നെ കിണര്‍ കുഴിക്കുകയാണ് ചെയ്യുന്നത്. കിണര്‍ കുഴിക്കാന്‍ തുടങ്ങുന്നതിനു മുന്‍പായി ജലത്തിന്റെ സ്ഥാനം, വാസ്തുപരമായ സ്ഥാനം എന്നിവ കണ്ടെത്തണം. കിണര്‍ കുഴിക്കുന്നതിനും ചില കണക്കുകള്‍ ഉണ്ട്. മഴ കുറവുള്ള മാസങ്ങളായ മകരം മുതലുള്ള നാലു മാസവും മീനം മുതലുള്ള നാലു മാസവുമാണ് കിണര്‍ കുഴിക്കാന്‍ ഉത്തമം.
ഇതില്‍ ഏറ്റവും മികച്ച സമയം മേട മാസത്തിലെ അശ്വതി, ഭരണി ഞാറ്റുവേലകളിലാണ്. ചൂടുകൂടുതലായ ഈ കാലത്ത് ഭൂമിയിലെ ജല സമ്പത്തുള്ള ഉറവകളുടെ ശക്തി കുറയുകയും എന്നാല്‍ ഏറ്റവും കൂടുതലായുള്ള ഉറവകളെ കണ്ടെത്താന്‍ സാധിക്കുകയും ചെയ്യും.കിണറിന് അനുയോജ്യമായ സ്ഥാനം കണ്ടെത്തുന്നത് കൂപശാസ്ത്രം അനുസരിച്ചാണ്. ഈ ശാസ്ത്ര പ്രകാരം ജലം കിട്ടുന്ന സ്ഥാനം, കിണറിന്റെ ആഴം, പാറയുടെ സ്ഥാനം എന്നിവ ഗണിച്ച് കണ്ടെത്താന്‍ കഴിയും. ഇത്തരത്തില്‍ സ്ഥാനം കാണല്‍ ചടങ്ങുകളില്‍ ശുദ്ധിയായി ശുഭമുഹൂര്‍ത്തം നോക്കി സ്ഥാനം നോക്കുന്ന ആള്‍ വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ ആദ്യം കാണുന്ന ജീവിയെ ലക്ഷണമായി പരിഗണിക്കും.
വസ്തുവിന്റെ മീനംരാശി കിണര്‍ നിര്‍മാണത്തിന് ഉത്തമമാണ്. ഇവിടെ കുഴിക്കുന്നത് ധനസമൃദ്ധിയും ഐശ്വര്യവും പ്രധാനം ചെയ്യുമെന്നാണ് വാസ്തുശാസ്ത്ര വിധി. മേടം, ഇടവം, കുംഭം, മകരം രാശിയും തിരഞ്ഞെടുക്കാവുന്നതാണ്. വസ്തുവിന്റെ അഗ്‌നികോണിലും വായുകോണിലും തെക്ക്ദിക്കിലും കിണര്‍ പാടില്ല. വസ്തുവിന്റെ പരിസരങ്ങളിലെ പാല, പ്ലാവ് തുടങ്ങിയ പാലുള്ള മരങ്ങളില്‍ ജലം സംഭരിച്ചു വെയക്കാനുള്ള കഴിവുണ്ട്.
ഇത്തരം മരങ്ങള്‍ക്കു സമീപം ജല സാന്നിധ്യം കൂടുതലായിരിക്കും. ചിതല്‍പ്പുറ്റുകളും ജല സാന്നിധ്യത്തിന്റെ അടയാളമായി കാണാറുണ്ട്. കിണറിന്റെ ചുറ്റളവിലെ കണക്കുകള്‍ പ്രകാരം 7, 8, പതിനൊന്ന് കോലുകള്‍ ലക്ഷണമൊത്ത കിണറിനു യോജിക്കും. ബലം കുറഞ്ഞ മണ്ണാണെങ്കില്‍ റിംഗ് ഇറക്കുകയാണ് നല്ലത്. കോണ്‍ക്രീറ്റ്, ടെറാകോട്ടാ റിംഗുകള്‍ വിപണിയില്‍ ലഭ്യമാണ്. കിണറുകളുടെ ചുറ്റുമതില്‍ പണിയുന്നതിന് മൂന്ന് അടി എങ്കിലും ഉയരത്തില്‍ കെട്ടണം.
https://www.facebook.com/Malayalivartha