ഗൃഹനിര്‍മ്മാണത്തില്‍ കിഴക്ക് ദിക്കിന്റെ പ്രാധാന്യം

കിഴക്കു ദിക്കിന് നമ്മുടെ ആചാര അനുഷ്ഠാനങ്ങളില്‍ സുപ്രധാന സ്ഥാനമാണുള്ളത്. ഗൃഹനിര്‍മ്മാണത്തിലും ഗൃഹജീവിതത്തിലുമെല്ലാം കിഴക്കു ദിക്കിന്റെ സ്വാധീനം വളരെ വലുതാണ്. ഇതിന് വ്യക്തമായ ചില കാരണങ്ങള്‍ ഉണ്ട്. വിശുദ്ധ ദിക്കെന്നും ഇന്ദ്ര ദിക്കെന്നും അറിയപ്പെടുന്ന കിഴക്കു ദിക്കിന്റെ അധിപന്‍ ദേവന്‍മാരുടെ ദേവനായ ഇന്ദ്രന്‍ ആണ്. ഈ ദിക്കിനെ വേണ്ടവിധത്തില്‍ പരിപാലിക്കുമ്പോള്‍ നമുക്കു ലഭിക്കുക ശരീരത്തിനും, മനസ്സിനും ആരോഗ്യം തരുന്ന ഒരു ദീര്‍ഘകാല ജീവിതമാണ്. പ്രഭാതകിരണങ്ങള്‍ ആദ്യം പതിക്കുന്ന ദിക്കാണ് കിഴക്ക്. പരിശുദ്ധമായ സൂര്യകിരണങ്ങള്‍ ആണ് പ്രഭാതത്തില്‍ സൂര്യനില്‍നിന്നും ഭൂമിയിലേക്ക് എത്തുക. അതു മനസ്സിലാക്കിയാണ് നമ്മുടെ പൂര്‍വ്വികര്‍ പ്രഭാതത്തിലെ സൂര്യനമസ്‌കാരത്തിനും, സൂര്യദേവനെ നോക്കിയുള്ള പ്രാര്‍ത്ഥനകള്‍ക്കും പ്രാധാന്യം നല്‍കിയത്.
ശരീരം കൊണ്ടുള്ള സൂര്യനമസ്‌കാരവും, പ്രഭാതസൂര്യനെ നോക്കിയുള്ള മനസ്സുകൊണ്ടുള്ള പ്രാര്‍ത്ഥനയും ശരീരത്തിനും, മനസ്സിനും നല്‍കുന്ന ആരോഗ്യം വളരെ വലുതാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. കിഴക്ക് ദര്‍ശനമായുള്ള വീടുകള്‍ അനുകൂല ഫലങ്ങള്‍ പ്രദാനം ചെയ്യും. വീടിന്റെ ദര്‍ശനത്തിനൊപ്പം പ്രധാന വാതിലും കൃത്യമായും കിഴക്ക് ദര്‍ശനത്തിലായിരിക്കണം. ഇങ്ങനെയുള്ള ഭവനങ്ങളില്‍ പ്രഭാതകിരണങ്ങള്‍ നേരിട്ട് പതിക്കും. മാത്രവുമല്ല ഗൃഹങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പോസിറ്റീവ് എനര്‍ജിയുടെ തടസ്സമില്ലാത്ത പ്രവാഹത്തിനും ഇതുപകരിക്കും. ഈ ദിക്കില്‍ നിന്നുമുള്ള സൂര്യപ്രകാശത്തെ തടസ്സപ്പെടുത്തുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഭൂഷണമല്ല. ഗൃഹത്തിന് ചുറ്റുമതില്‍ കെട്ടുമ്പോള്‍ പോലും സൂര്യപ്രകാശത്തിന്റെ ആഗമനത്തിന് തടസ്സം വരാതെ നോക്കണം.
https://www.facebook.com/Malayalivartha