കുട്ടികളുടെ മുറി ഒരുക്കുമ്പോൾ
കുട്ടികൾ അതിവേഗമാണ് വളരുക. അവരുടെ ഇഷ്ടങ്ങളും താൽപര്യങ്ങളും ശീലങ്ങളുമെല്ലാം അതിലേറെ വേഗം മാറും . കുട്ടികള്‍ക്ക് ഓരോ പ്രായത്തിനും അനുസരിച്ച് അഭിരുചികളില്‍ വ്യത്യാസം വരും . അതിനാല്‍ കുട്ടികളുടെ മുറിയൊരുക്കുമ്പോള്‍ അത് അവരുടെ മാറിവരുന്ന അഭിരുചികള്‍ക്ക് അനുസരിച്ച് ഘടനയിലും രൂപകല്‍പ്പനയിലും ചെലവുകുറഞ്ഞ രീതിയില്‍ പെട്ടെന്ന് മാറ്റം വരുത്താനാകുന്നതാകണം.
അടിസ്ഥാന ഘടനയ്ക്ക് മാറ്റം വരാതെ പ്രായത്തിനനുസരിച്ചു വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ കഴിയുന്ന രീതിയിൽ മുറി പണിയാം. ചുവരിൽ മുഴുവൻ കാർട്ടൂൺ കഥാപാത്രങ്ങളും നിറങ്ങളും നിറയ്ക്കുന്നത് ഒരു കാലത്ത് ട്രെൻഡ് ആയിരുന്നു. കുട്ടികളുടെ പ്രായത്തിനനുസരിച്ച് കർട്ടൻ, കുഷനുകൾ, റഗ്സ്, പെയിന്റിങ്ങുകൾ തുടങ്ങിയ ആക്സസറീസ് മാത്രം മാറ്റുന്നതാണു പുതിയ രീതി. ഒരു ചുവരിനു മാത്രം കുട്ടികളുടെ ഇഷ്ടനിറം നൽകുകയോ ചിലയിടത്തു മാത്രം വാൾപേപ്പർ ഒട്ടിക്കുകയോ ചെയ്യുന്നതിൽ കുഴപ്പമില്ല. ഭാവിയിൽ ഇവ മാറ്റാൻ അധികം ചെലവ് വരില്ല എന്നതാണു മെച്ചം
കുട്ടികളുടെ മുറിയായതുകൊണ്ട് ചെറുത് മതി എന്നു കരുതരുത്. സാമാന്യം വലിപ്പമുള്ളതും കാറ്റും വെളിച്ചവും ശരിക്കും കിട്ടുന്നതുമായിരിക്കണം കുട്ടികളുടെ മുറി.
ഫർണിച്ചർ വാങ്ങുമ്പോഴും ഭാവിയിലേക്കും കൂടി ഉപകാരപ്പെടുന്ന തരത്തിൽ ഉള്ളത് വാങ്ങുക. കിടക്ക അത്യാവശ്യം വലിപ്പമുള്ളത് തന്നെ വാങ്ങാം. ചുവരിൽ ഉറപ്പിക്കാൻ പാകത്തിലുള്ള ക്യാബിനെറ്റുകൾ ആണ് നല്ലത്. കുട്ടിമേശയും ചുവരിനോട് ചേർന്ന് ജനലിനരികിൽ സെറ്റ് ചെയ്യാം. അവർക്ക് എഴുതിയും വരച്ചും പഠിക്കാൻ ഒരു ചെറിയ ബോർഡ് തൂക്കുന്നതും നല്ലതാണ്.
ഫർണിച്ചറുകൾ കൊണ്ട് മുറി കുത്തി നിറക്കാതിരിക്കുക. കുട്ടികൾക്ക് ഇഷ്ട്ടം പോലെ നടക്കാനും കളിക്കാനും ഓടാനും കൂട്ടുകൂടാനും ഉള്ള സൗകര്യം ഇവിടെ ഉണ്ടായിരിക്കണം
കുട്ടി മുറികൾ മാസ്റ്റർ ബെഡ് റൂമിനടുത്ത് തന്നെ ഒരുക്കുന്നത് നല്ലത്. നിരീക്ഷിക്കപ്പെടുന്നു എന്ന തോന്നല്‍ ഇല്ലാതിരിക്കുകയും അതേസമയം രക്ഷിതാക്കള്‍ക്ക് കാണാനാകുന്ന ഭാഗത്തിലും ആയിരിക്കണം കുട്ടികളുടെ മുറി. ആവശ്യം വന്നാല്‍ കുട്ടികളുടെ മുറിയിലേക്ക് രക്ഷിതാക്കള്‍ക്കും തിരിച്ചും പെട്ടെന്ന് എത്തിപ്പെടാനാകണം. രണ്ടു മുറികൾക്കുമിടയിൽ ഒരു ഡോർ കൊടുക്കുന്നത് നല്ലതാണ് . അല്ലാതെ രക്ഷിതാക്കള്‍ക്ക് താഴെയും കുട്ടികള്‍ക്ക് മുകളിലത്തെ നിലയിലും എന്ന രീതിയില്‍ ആകരുത് മുറികള്‍
https://www.facebook.com/Malayalivartha