തിരുനെൽവേലി കോതയാർ ഡാമിന്റെ പരിസരത്ത് നിന്ന് അരിക്കൊമ്പൻ ഇന്നലെ സഞ്ചരിച്ചത് 200 മീറ്റർ മാത്രം: നെയ്യാർ വനമേഖലയിൽ കേരള വനം വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കാൻ, പെരിയാർ കടുവാ സങ്കേതത്തിൽ നിന്നുള്ള ആന്റിന എത്തിച്ചു: അരിക്കൊമ്പൻ ഇപ്പോഴുള്ളത് കേരള അതിർത്തിയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ...
അരിക്കൊമ്പൻ തിരുനെൽവേലി കോതയാർ ഡാമിന്റെ പരിസരത്തു നിന്ന് ഇന്നലെ സഞ്ചരിച്ചത് 200 മീറ്റർ മാത്രമാണെന്ന് കേരള വനം വകുപ്പ്. അരിക്കൊമ്പന്റെ ശരീരത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകൾ ഇന്നലെ ഉച്ചയ്ക്ക് പെരിയാർ കടുവ സങ്കേതത്തിൽ ലഭിച്ചതിൽ നിന്നാണ് സഞ്ചാരപഥം വ്യക്തമായത്. കേരള അതിർത്തിയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയാണ് ആനയുള്ളത്. നെയ്യാർ വനമേഖലയിൽ കേരള വനം വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കാൻ പെരിയാർ കടുവാ സങ്കേതത്തിൽ നിന്നുള്ള ആന്റിന ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ചു. ഇത് തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡനു കൈമാറും.
തിരുനെൽവേലി കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലാണ് കോതയാർ ഡാം. മേഘമലയിലും കമ്പത്തും അരിക്കൊമ്പൻ ഭീതിപരത്തിയപ്പോൾ ആന്റിനയുടെ സഹായത്തോടെയാണ് തമിഴ്നാട് വനം വകുപ്പ് പിടികൂടാൻ അടിയന്തര നടപടി സ്വീകരിച്ചത്. ഒരു ആന്റിന മുണ്ടൻതുറൈ സങ്കേതത്തിലെ വൈൽഡ് ലൈഫ് വാർഡനു കൈമാറാനാണ് തമിഴ്നാട് വനംവകുപ്പിന്റെ തീരുമാനം. അരിക്കൊമ്പൻ തീർത്തും അവശനാണെന്നും, ചിന്നക്കനാലിൽ ചികിത്സിച്ച് തുറന്ന് വിടാമായിരുന്നുവെന്നും, ആനപ്പാപ്പാൻ ആറന്മുള മോഹൻ ദാസ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിരുന്നു.
ഗോഥയാറിന്റെ തീരത്ത് കണ്ണടച്ച് വളരെ അവശനായി നിൽക്കുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങൾ കണ്ടതോടെ അദ്ദേഹം ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ശാരീരിക അവശതയനുഭവിക്കുന്ന ആനകൾ ജലാശയത്തിനടുത്ത് നിലയുറപ്പിക്കുമെന്നത് ഒരു സത്യമാണ്. ആനകളുടെ ഒരു രീതിയാണ്.
ഈ ആന വളരെ അവശനാണ് അതിന്റെ ബോഡി അസാധാരണമാം വിധം വീക്കാണ്. ശരീരം താങ്ങി നിർത്താൻ കാലുകൾക്ക് ബലമില്ലാതെയാകുമ്പോൾ വെള്ളത്തിലിറങ്ങികിടന്ന് ശരീര ഭാരം കുറക്കാൻ .....അഥവാ നിയന്ത്രിക്കാൻ വേണ്ടി അവശതയുള്ള ആനകൾ ശ്രമിക്കും ..... അങ്ങിനെ വെള്ളത്തിലേക്ക് ഇറങ്ങാൻ ഇറങ്ങി കിടക്കാൻ ധൈര്യമില്ലാത്തത് കൊണ്ടാണത് ജലാശയത്തിന് സമീപത്ത് തന്നെ നിലയുറപ്പിച്ചിട്ടുള്ളത്.
ഈ അവസ്ഥയിലെത്തി നിൽക്കുന്ന ആനയുടെ രൂപവും ഭാവവും കാണുമ്പോൾ ഭഗവാനെ അരുതാത്തതൊന്നും സംഭവിക്കരുതേയെന്ന് ഞാൻ ശ്രീ ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുകയാണ് എന്നായിരുന്നു ആ കുറിപ്പ്. അരിക്കൊമ്പനെ സ്നേഹിക്കുന്നവർക്കും ഇത് താങ്ങാൻ കഴിയാത്ത അവസ്ഥയാണ്.
അരിക്കൊമ്പന്റെ ആയൂരാരോഗ്യസൗഖ്യത്തിന് വേണ്ടി ആനപ്രേമിയായ ഭക്ത അഷ്ട ദ്രവ്യ മഹാഗണപതി ഹോമം നടത്തിയത് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ആനപ്രേമി സംഘത്തിലുള്ള വടക്കഞ്ചേരി സ്വദേശിനിയാണ് അരിക്കൊമ്പന് വേണ്ടി ഹോമം നടത്തിയത്. വടക്കഞ്ചേരി മഹാഗണപതി ക്ഷേത്രത്തിലാണ് ഹോമം നടന്നത്. ഇതാദ്യമായാണ് ഈ ക്ഷേത്രത്തിൽ അഷ്ട ദ്രവ്യ ഗണപതിഹോമം ഒരു ആനയ്ക്ക് നടത്തുന്നതെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. വടക്കഞ്ചേരി സ്വദേശിയായ ഭക്ത നിലവിൽ കർണാടകയിലാണ് താമസിക്കുന്നത്.
അരിക്കൊമ്പന്റെ ആരോഗ്യത്തിനും ആയുസിനും വേണ്ടിയായിരുന്നു വഴിപാട് നടത്തിയത്. എന്നാൽ ഹോമം നടത്തിയ ഭക്തയുടെ പേരും വിവരങ്ങളും വെളിപ്പെടുത്താൻ ക്ഷേത്ര അധികൃതർ തയ്യാറായില്ല. പന്തളം പുത്തൻകാവ് ക്ഷേത്രത്തിലും അരിക്കൊമ്പന് വേണ്ടി ശത്രുസംഹാര പുഷ്പാഞ്ജലി നടത്തിയത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. അരിക്കൊമ്പനെ ആകാശത്തും ഭൂമിയിലുമല്ലാത്ത ത്രിശങ്കു സ്വര്‍ഗത്തില്‍ എത്തിച്ചത് ആനപ്രേമികളാണെന്ന് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ പ്രതികരിച്ചിരുന്നു. ആനപ്രേമികള്‍ ചെയ്യുന്നത് മഹാ അന്യായമാണ് എന്നും അവരെയാണ് ആദ്യം അടിച്ചോടിക്കേണ്ടത് എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അരിക്കൊമ്പൻ ചെരിഞ്ഞാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ആനപ്രേമികള്‍ക്കായിരിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് കടുവയുമായി ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായതായിരിക്കാം എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഈ മുറിവ് ഗുരുതരമാണ് എന്നും അദ്ദേഹം നിരീക്ഷിച്ചു. അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് ചികിത്സിക്കണം എന്നും എം എല്‍ എ ആവശ്യപ്പെട്ടു. കടുവയെ പേടിച്ചാണ് അരിക്കൊമ്പന്‍ കമ്പം, തേനി മേഖലയില്‍ ഇറങ്ങിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില ആനകള്‍ ആവാസവ്യവസ്ഥ മാറിപ്പോകില്ലെന്നും വീണ്ടും കടുവാ സങ്കേതത്തില്‍ കയറ്റിവിട്ടാല്‍ കടുവയുടെ ശബ്ദം കേട്ട് അരിക്കൊമ്പന്‍ ജനവാസമേഖലയിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇങ്ങനെ പോയാല്‍ കോടതി വിധി വരുന്നത് വരെ അരിക്കൊമ്പന്‍ ജീവനോടെ ഉണ്ടാകില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ ആനക്കും ദൈവം തമ്പുരാനും മാത്രമേ എപ്പോഴാണ് വെള്ളം കുടിച്ചത് എന്നറിയൂ എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് ലഭിച്ചതിനേക്കാള്‍ ഉയര്‍ന്ന അളവില്‍ ഡോസ് ഉള്ള മയക്കുവെടിയാണ് അരിക്കൊമ്പന് കിട്ടിയിരിക്കുന്നത്. വണ്ടിയില്‍ കൊണ്ടുപോവുമ്പോള്‍ വീണ്ടും വീണ്ടും മയക്കിക്കൊണ്ടിരിക്കുകയാണ്.
ആന പൊരിവെയിലത്തും ഉറങ്ങുന്നതിന് കാരണം ഈ ഡോസ് കൂടിയതാണ്. എലിഫന്റ് ആംബുലന്‍സിന്റെ പിന്നില്‍ നില്‍ക്കാന്‍ അരിക്കൊമ്പന് കഴിയുന്നില്ല. അതിനാലാണ് അത് ഇരുന്ന് പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു. പൊരിവെയിലില്‍ അരിക്കൊമ്പന്‍ 250 കിലോമീറ്ററാണ് യാത്ര ചെയ്തത്. കേസ് കൊടുത്ത ദ്രോഹികളാണ് ഇതിന് കാരണം. ആനയുടെ സൈക്കോളജി മനസിലാക്കണം എന്നും മിണ്ടാപ്രാണിയായ അതിനോട് ഇങ്ങനെയൊക്കെ ചെയ്യാമോ എന്നും ഗണേഷ് കുമാര്‍ ചോദിച്ചു.
https://www.facebook.com/Malayalivartha