പരസ്പര വിശ്വാസവും കരുതലുമടക്കം ദാമ്പത്യത്തിനു എന്നും പുതുമ പകരുന്ന മന്ത്രങ്ങള്‍ ഇതാ; തിരക്കിനിടയില്‍ പങ്കാളിയോട് കിന്നാരം പറയാനും യാത്ര പോകാനും സമയമില്ലെന്ന് ഇനി പറയരുത്
1. വഴക്കുകള്‍ ഒരു കോഫിയില്‍ തീര്‍ക്കാം
കുടുംബ ജീവിതത്തില്‍ ചെറിയ വഴക്കുകള്‍ ഉണ്ടായില്ലെങ്കിലാണ് പ്രശ്‌നം. കരുതലും സ്‌നേഹവും സ്വാര്‍ഥതയുമൊക്കെയാണ് ഈ കുഞ്ഞു പിണക്കങ്ങള്‍ക്കു പിന്നില്‍. വാശിയും ദേഷ്യവും അധികമായി വഴക്ക് രൂക്ഷമാകും മുന്‍പേ പരസ്പരം സമാധാനിപ്പിക്കുക. ഒരു കോഫി ടൈമില്‍ സന്തോഷം വീണ്ടെടുക്കാം.
2. സ്വകാര്യ നിമിഷങ്ങള്‍ വേണം
ടിവി കാണുന്നതിനിടയിലൊ ഭക്ഷണം കഴിക്കുന്നതിനിടയിലൊ ഉള്ള ഒഴുക്കന്‍ വിശേഷം പറച്ചിലല്ല. മറ്റൊന്നിലേക്കും ശ്രദ്ധ വീതിച്ചു കൊടുക്കാതെ ഭാര്യക്കും ഭര്‍ത്താവിനുമിടയിലെ സ്വകാര്യ വര്‍ത്തമാനങ്ങള്‍ വേണം. ആ സംസാരത്തില്‍ വേണം ഏറ്റവും സത്യസന്ധമായി പെരുമാറാന്‍. മറയൊന്നുമില്ലാതെ ചിരിക്കാനും കരയാനും കെട്ടിപ്പിടിക്കാനും ശ്രമിക്കുക. എവിടെങ്കിലും പ്രണയതാളം തെറ്റിയോ എന്നു സംശയമുണ്ടെങ്കില്‍ അതും തുറന്നു ചോദിക്കാം. ഒന്നിച്ചിരുന്ന് ആ സംഗീതം തിരികെ പിടിക്കാം
3. തുറന്നു പറയണം, പക്ഷേ...
പഴയ പ്രണയബന്ധം ഒരു ചാക്കിലാക്കി കടലില്‍ താഴ്ത്തിക്കോളൂ. പിന്നീട് അവരുമായി ബന്ധം പുതുക്കാനും ശ്രമിക്കരുത്. ഇത് നിങ്ങളുടെ ഇന്നിനെയും നാളെയെയും മോശമായി ബാധിക്കും. ആ പ്രണയത്തെക്കുറിച്ച് പങ്കാളിയോടു തുറന്നു പറയാതിരിക്കുന്നതാകും നല്ലത്. തുറന്നു പറച്ചിലുകള്‍ ദാമ്പത്യത്തില്‍ വളരെ പ്രധാനമാണെങ്കിലും ചില കാര്യങ്ങള്‍ മൂടിവയ്ക്കുന്നതാണ് അതിന്റെ ഭംഗി. വീട്ടുകാര്‍ പങ്കാളിയെ പറ്റി പറയുന്ന മോശം കമന്റുകള്‍, സുഹൃത്തുക്കള്‍ പങ്കാളിയെ തമാശയായി പറഞ്ഞ കളിയാക്കലുകള്‍ ഇവയൊന്നും ഷെയര്‍ ചെയ്യണമെന്നില്ല.
4. ഒളിഞ്ഞുനോട്ടം വേണ്ട
പങ്കാളിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട്‌സില്‍ ഒളിഞ്ഞു നോക്കുന്നത് നല്ല ശീലമല്ല. അവരുടെ അനുവാദമില്ലാതെ ഫോണിലും കംപ്യൂട്ടറിലും പരതി എന്റെ കയ്യില്‍ തെളിവുണ്ടെന്ന് വിളിച്ചു പറഞ്ഞ് പങ്കാളിയെ അപമാനിക്കരുത്. ഇതവരുടെ മനസ്സില്‍ മുറിവുണ്ടാക്കും. എന്തെങ്കിലും സംശയങ്ങള്‍ തോന്നിയാല്‍ തുറന്നു ചോദിക്കാനുള്ള സ്വാതന്ത്ര്യം പങ്കാളിക്കുണ്ട്, അതു തിരിച്ചറിയുക. പങ്കാളിയുടെ പെരുമാറ്റത്തില്‍ അസ്വാഭിവകമായി എന്തെങ്കിലും തോന്നിയാല്‍ കാര്യമന്വേഷിച്ച് അതിന്റെ ശരി തെറ്റുകള്‍ മനസ്സിലാക്കിക്കുക.
5. എന്നും ആ മനസ്സിനൊപ്പം
'ഹെല്‍ത് ചെക്ക്അപ് നാളെയല്ലേ, ഞാനും കൂട്ടു വരാം...' ഈ വാക്കുകള്‍ നല്‍കുന്ന കരുതല്‍ മതി പങ്കാളിയുടെ മനസ്സിന് സന്തോഷം പകരാന്‍. വീട്ടുകാര്യങ്ങളും ഓഫിസ് വിശേഷങ്ങളുമൊക്കെ പരസ്പരം അന്വേഷിക്കണം. സൗമ്യമായി അവരുടെ വിവരങ്ങള്‍ അറിയാനുള്ള ആഗ്രഹത്തോടെ വേണം ഇത്തരം കുശാലാന്വേഷണങ്ങള്‍. തന്റെ കാര്യങ്ങള്‍ നോക്കാനും ആവശ്യങ്ങള്‍ അറിഞ്ഞു നില്‍ക്കാനും ഒപ്പമുണ്ടെന്ന വിശ്വാസം എന്നും പങ്കാളിയുടെ ഉള്ളിലുണ്ടാകണം.
https://www.facebook.com/Malayalivartha