ആഡംബര ഭവനങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്ന ജാളികള്‍ തിരിച്ചെത്തുന്നു
വലിയൊരു അകത്തളത്തെ രണ്ടു ഭാഗങ്ങളായി പകുത്ത് മോടി പിടിപ്പിക്കുന്നതില്‍ ജാളികള്‍ക്ക് ഒരു പ്രത്യേക സ്ഥാനമാണുള്ളത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്റീരിയര്‍ ഡിസൈനിങ് തന്ത്രമാണ് ജാളികള്‍. മുഗള്‍ ചക്രവര്‍ത്തിമാരായ ഷാജഹാന്റേയും അക്ബറിന്റേയും കൊട്ടാര അകത്തളങ്ങളെ മോടി പിടിപ്പിച്ചിരുന്ന മരത്തില്‍ തീര്‍ത്ത ജാളികള്‍ ഒരുകാലത്ത് നമ്മുടെ ആഡംബര ഭവനങ്ങളില്‍ ഒഴിച്ചുകൂട്ടാനാവാത്ത ഒന്നായിരുന്നു.
എന്നാല്‍ കാലാന്തരത്തില്‍ ജാളികള്‍ നമ്മുടെ ഭവനങ്ങളില്‍ നിന്നും വിട പറഞ്ഞു. പകരം കര്‍ട്ടനുകള്‍ സ്ഥാനം പിടിച്ചു. എന്നാല്‍ പടിയിറങ്ങിയ ജാളികള്‍ ഇപ്പോള്‍ പൂര്‍വാധികം ശക്തമായി തിരിച്ചു വരികയാണ്. എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി രൂപത്തിലും ഭാവത്തിലും ആകൃതിയിലും വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട് എന്ന് മാത്രം.
മെഷീനുകളുടെ വരവോടെ ജാളികളുടെ നിര്‍മ്മാണച്ചെലവും മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ പണ്ട് കൈകൊണ്ട് ചെയ്തിരുന്ന ജോലികളുടെ ഭംഗി ഒന്ന് വേറെ തന്നെയാണ്. ജ്യാമിതീയ രൂപങ്ങള്‍ ആണ് അന്ന് പ്രധാനമായും ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് മെഷീനുകള്‍ വന്നതോടെ ഡിസൈനുകള്‍ മാറി. പൂക്കളും വ്യത്തങ്ങളും ചതുരങ്ങളും മാത്രമല്ല നമുക്കിഷ്ടമുള്ള എന്തു ഡിസൈനും ഈ മെഷീനില്‍ ചെയ്‌തെടുക്കാം എന്ന രീതിയായി. കമ്പ്യൂട്ടര്‍ സഹായത്തോടെ പോലും ജാളികള്‍ക്കായി ഡിസൈനുകള്‍ ഒരുക്കുന്നുണ്ട്.
പണ്ട് മരത്തടിയില്‍ ആണ് ജാളികള്‍ തീര്‍ത്തിരുന്നത് എങ്കില്‍ ഇപ്പോള്‍ കല്ല്, തടി, ഷീറ്റുകള്‍ എന്നിവ കൊണ്ടാണ് ജാളികള്‍ ഉണ്ടാക്കുന്നത്. എം ഡി എഫ്, മള്‍ട്ടി വുഡ്, പ്ലൈവുഡ്, സിമന്റ് ബോര്‍ഡ്, കൊറിയന്‍ ടോപ്പ് തുടങ്ങിയ മെറ്റിരിയലുകളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. ജാളികള്‍ ഘടിപ്പിക്കുന്ന സ്ഥലത്തെ ലൈറ്റിനെ അടിസ്ഥാനമാക്കി ഇതിന്റെ ഭംഗി വര്‍ധിക്കും.
ഇന്റീരിയറിലെ കോമണ്‍ ഏരിയയില്‍ ഒരൊറ്റ ജാളി മാത്രമായി നില്‍ക്കുന്നത് ഒരു പ്രത്യേക ഭംഗിയാണ്. കൊത്തുപണികളും, അറേബ്യന്‍ പേര്‍ഷ്യന്‍ ഡിസൈനുകളുമൊക്കെയുള്ള പാര്‍ട്ടീഷന്‍ ജാളികള്‍ ഏറെ ആവശ്യക്കാര്‍ ഉള്ളവയാണ്.ഹാള്‍ അല്‍പം വലുതായിപ്പോയെന്ന് തോന്നിയാല്‍ ജാളി ഒരെണ്ണം വാങ്ങി വച്ചാല്‍ മതി ഡൈനിങിനും ലിവിങിനും ഇടയില്‍ മറ വേണ്ടവര്‍ ഇപ്പോള്‍ തെരഞ്ഞെടുക്കുന്നത് ജാളികളാണ്.
https://www.facebook.com/Malayalivartha