ഫ്‌ളോറിങ് കരുതലോടെ
- വീട് പണിയിലെ ഏറ്റവും ചിലവേറിയ ഭാഗമാണ് ഫ്‌ളോറിംഗ്. ബജറ്റിലൊതുങ്ങുന്ന രീതിയില്‍ എന്നാല്‍ ഗുണമേന്മയില്‍ കോട്ടംവരാതെ ശ്രദ്ധയോടെ വേണം ഫ്‌ളോറിംഗ് കൈകാര്യം ചെയ്യാന്‍. വിദഗ്ധരായ പണിക്കാരെ വേണം ഫ്‌ളോറിംഗ് ജോലികളേല്‍പ്പിക്കാന്‍. പണിക്കാരുടെ കാര്യത്തിലെ അതേ കരുതല്‍ തന്നെ മെറ്റീരിയല്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും വേണം.
മാര്‍ബിള്‍ തന്നെയാണ് കൂട്ടത്തില്‍ പ്രമുഖന്‍. വെട്രിഫൈഡ് ടൈലിന്റെ തിളക്കത്തില്‍ മാര്‍ബിളിന്റെ പ്രൗഢി മങ്ങിയെന്നത് നേര് തന്നെ. എന്നാലും ആവശ്യക്കാര്‍ കുറവല്ല എന്നത് മറ്റൊരു തരം. ഏതാണ്ട് 50-ല്‍ പരം വൈവിധ്യങ്ങളില്‍ മാര്‍ബിളുകള്‍ ലഭ്യമാണ്. നിറത്തിലും ഗുണമേ•യിലും മികച്ചത് തൂവെള്ള നിറത്തിലുള്ളതാണ്. താജ്മഹലും തൂവെള്ള മാര്‍ബിള്‍ കൊണ്ടാണല്ലോ നിര്‍മ്മിച്ചിരിക്കുന്നത്. രാജസ്ഥാനാണ് മാര്‍ബിളിന്റെ ഉറവിടം. ഗുജറാത്തിലെ ചില ഭാഗങ്ങളിലും മാര്‍ബിള്‍ ലഭ്യമാണ്. 2500 സ്‌ക്വയര്‍ ഫീറ്റിനു മുകളില്‍ വീടുവയ്ക്കുന്ന ഒരാള്‍ക്ക് നേരിട്ട് രാജസ്ഥാനില്‍ നിന്ന് മിതമായ വിലയ്ക്ക് മാര്‍ബിള്‍ വാങ്ങിക്കൊണ്ട് വരാവുന്നതാണ്.
മാര്‍ബിള്‍ പോലെതന്നെ പ്രകൃതിദത്ത ഉല്‍പ്പന്നമാണ് ഗ്രാനൈറ്റും. കനംകൂടിയ ഗ്രാനൈറ്റും കനം കുറഞ്ഞ ഗ്രാനൈറ്റും ലഭ്യമാണ്. കനം കുറഞ്ഞ ഗ്രാനൈറ്റുകള്‍ ഫ്‌ളോറിംഗിനുപയോഗിക്കാതിരിക്കുക. ഇതില്‍ കാലക്രമേണ നിറം മങ്ങുകയും പൊട്ടലുണ്ടാകുകയും ചെയ്യും. കൂടാതെ കേരളത്തിന്റെ കാലാവസ്ഥയനുസരിച്ച് ഇത്തരം ഗ്രാനൈറ്റുകളില്‍ ഈര്‍പ്പം പിടിക്കാനുള്ള സാധ്യതയുണ്ട്. മാത്രമല്ല ഗ്രാനൈറ്റ് വാങ്ങുമ്പോള്‍ പോളിഷ് നല്ലതാണെന്നും അതിലുപരി പൊട്ടലുകള്‍ ഇല്ലായെന്നും സ്വയം പരിശോധിച്ചുറപ്പു വരുത്തുക.
വളരെക്കുറഞ്ഞ സമയം കൊണ്ട് ഫ്‌ളോറിംഗ് വിപണി പിടിച്ചടക്കിയവയാണ് സെറാമിക് വെട്രിഫൈഡ് ടൈലുകള്‍. വിവിധ നിറത്തിലും വലിപ്പത്തിലും ഇവ ലഭ്യമാണ്. കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് ഗ്രാനൈറ്റിനെയും മാര്‍ബിളിനെയും പിന്തള്ളിയാണ് സെറാമിക് വെട്രിഫൈഡ് ടൈലുകള്‍ വിപണി കീഴടക്കിയത്.
അല്‍പം വില കൂടുതലാണെങ്കില്‍ പോലും ബ്രാന്‍ഡഡ് മെറ്റീരിയലുകള്‍ തന്നെ തിരഞ്ഞെടുക്കുക. അടുക്കയിലും ബാത്ത്‌റൂമിലും മിനുസം കുറഞ്ഞ ഗ്രിപ്പുള്ള ഫ്‌ളോറിംഗ് മെറ്റീരിയലുകളുപയോഗിക്കുക. ബാത്ത്‌റൂമിലെ ടൈലുകള്‍ ജോയ്ന്റ് ഫ്രീ ആയിരിക്കാന്‍ പ്രതേ്യകം ശ്രദ്ധിക്കുക. കിച്ചന്‍സ്ലാബിന് ഉചിതം കറുത്ത ഗ്രാനൈറ്റ് ആണ്. ആകര്‍ഷകമാണെന്നതിന് പുറമേ കട്ടിയുള്ളതും ഈടുനില്‍ക്കുന്നതും ആണ് അവ. മുറികളില്‍ എപ്പോഴും ഇളം നിറത്തിലുള്ള ടൈലുകള്‍ സെലക്ട് ചെയ്യാന്‍ ശ്രദ്ധിക്കുക. പെയ്ന്റുകള്‍ക്കിണങ്ങും എന്നത് കൂടാതെ ബോര്‍ഡര്‍, ബട്ടണ്‍ വര്‍ക്കുകള്‍ എന്നിവയ്ക്കും ഇളം നിറത്തിലുള്ള പ്ലെയ്ന്‍ ടൈലുകളാണ് ചേരുക.
ഫ്‌ളോറിംഗിനു ശേഷവും ശ്രദ്ധിക്കണം. മറ്റു പണികള്‍ ചെയ്യുമ്പോള്‍ തറയില്‍ പാടും പോറലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതൊഴിവാക്കാന്‍ ഫ്‌ളോര്‍ പാഡ്, സ്റ്റിക്കര്‍ എന്നിവയുപയോഗിച്ച് പ്രതലം സംരക്ഷിക്കണം.
https://www.facebook.com/Malayalivartha