അടുക്കള അടിപൊളിയാക്കാം
അടുക്കള കൂടുതല്‍ ഭംഗിയുള്ളതാക്കാന്‍ വീട് പണിയുമ്പോള്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. പാത്രം കഴുകുമ്പോള്‍ സിങ്കില്‍ നിന്നും വെള്ളം താഴെ പോയി നിലമൊക്കെ നനയും. വഴുക്കും. അതില്‍ ചവിട്ടിനിന്ന് ജോലി ചെയ്യാനും വയ്യ ഇത് പരിഹരിക്കാന്‍ സിങ്കിന്റെ വക്കുകളില്‍ കര്‍ബിങ് ചെയ്താല്‍ മതി. ഇങ്ങിനെ ചെയ്യുമ്പോള്‍ വെള്ളം പുറത്തേക്കൊഴുകില്ല. സ്ലാബിന്റെ മെറ്റീരിയലായ ടൈലോ മറ്റോ ഉപയോഗിച്ചു തന്നെ അത് ചെയ്യാം. സിങ്ക് വാങ്ങുമ്പോള്‍ മിക്കവരും തിളങ്ങുന്നത് നോക്കിയാണ് വാങ്ങുന്നത്. അത്തരം സിങ്കുകള്‍ സ്‌ക്രാച്ച് ഫ്രീ ആകണമെന്നില്ല. അതിനാല്‍ മാറ്റ് ഫിനിഷ് വാങ്ങുന്നതാണ് എപ്പോഴും നല്ലത്. മിക്ക അടുക്കളകളിലും പ്ലേറ്റ് റാക്ക്‌സ് എവിടെയെങ്കിലുമൊക്കെയാവും വയ്ക്കുക. അതിനു പകരം സിങ്കിന്റെ മുകളിലായി പ്ലേറ്റ് റാക്ക്‌സ് വയ്ക്കുന്നതാണ് നല്ലത്. അങ്ങിനെയാകുമ്പോള്‍ പാത്രം തുടയ്‌ക്കേണ്ട ആവശ്യമില്ല.
പാത്രത്തിലെ വെള്ളം സിങ്കിലേക്ക് തന്നെ വീഴും. പാത്രം അവിടെവച്ച് തന്നെ ഉണങ്ങിക്കോളും. അടുക്കളയില്‍ മറ്റെവിടെയെങ്കിലും വെള്ളം വീഴുമെന്ന ആശങ്കയും വേണ്ട. കിച്ചന്‍ കാബിനറ്റുകള്‍ക്കകത്ത് മിക്കപ്പോഴും ഇരുട്ടായിരിക്കും. മഴക്കാലത്തൊക്കെ അതില്‍ ഈര്‍പ്പവുമാകും. പല്ലി, പാറ്റ, കൂറ തുടങ്ങിയവയ്‌ക്കൊക്കെ മുട്ടയിട്ട് വളരാന്‍ എളുപ്പം. പാളികളിലേതെങ്കിലും ഒരു ഭാഗം ഗ്ലാസ് ആക്കിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. അതിലൂടെ അകത്തേക്ക് വെളിച്ചവും ചൂടും കടക്കും. വെളിച്ചത്തില്‍ ഇത്തരം ജീവികള്‍ മുട്ടയിടില്ല. ഈര്‍പ്പം പെട്ടെന്ന് പോവുന്നതിനും ഇത് സഹായിക്കും. മേശയ്ക്ക് മുകളിലുള്ള ഷെല്‍ഫുകളില്‍ എല്ലാത്തിനും പാളികള്‍ വേണമെന്നില്ല. പാളികള്‍ കുറയ്ക്കുന്നത് സമയവും പണച്ചെലവും കുറയ്ക്കും. ചായപ്പൊടി, പഞ്ചസാര, മുളക് തുടങ്ങിയവയുടെ ടിന്നുകള്‍ വയ്ക്കുന്ന ഷെല്‍ഫുകള്‍ എപ്പോഴും തുറക്കുകയും അടക്കുകയും ചെയ്യുന്നതാണ്.
അത്തരം ഷെല്‍ഫുകള്‍ക്ക് പാളികള്‍ വേണമെന്നില്ല. അടുക്കളയില്‍ വിന്‍ഡോസ് വയ്ക്കുന്നതിന് പകരം ഗ്രില്‍ വയ്ക്കാം. വായു കൂടുതല്‍ കയറുന്നതാണ് എപ്പോഴും നല്ലത്. ഗ്രില്ലുകള്‍ വയ്ക്കുമ്പോള്‍ പുറത്തുനിന്ന് കാണുമെന്നത് പ്രശ്‌നമാണെങ്കില്‍ വെര്‍ട്ടിക്കല്‍ ബ്ലൈന്‍ഡ്‌സുപയോഗിക്കാം. കാഴ്ചയിലും ഭംഗിയായിരിക്കും. മിക്ക വീടുകളിലും ഇപ്പോള്‍ ഇലക്ട്രിക് ചിമ്മിനികളാണ് ഉപയോഗിക്കുന്നത്. പുകയും മറ്റും ഫില്‍റ്റര്‍ ചെയ്യുന്നുവെന്നതാണ് ഇതിന്റെ ഉപയോഗം. ഒരുപാട് പേര്‍ താമസിക്കുന്ന ഫ്‌ളാറ്റുകളിലൊക്കെയാണ് പ്രധാനമായും ഇലക്ട്രിക് ചിമ്മിനികള്‍ ഉപയോഗപ്രദം. നാട്ടിന്‍പുറങ്ങളിലും വിസ്താരമുള്ള സ്ഥലത്ത് വീട് വയ്ക്കുമ്പോഴുമൊന്നും ഇതിന്റെ ആവശ്യമില്ല. അത്തരമിടങ്ങളില്‍ എക്‌സ്‌ഹോസ്റ്റ് ഫാന്‍ തന്നെ മതിയാകും. ഇലക്ട്രിക് ചിമ്മിനികളാണെങ്കില്‍ ആറാറ് മാസം കൂടുമ്പോള്‍ സര്‍വീസ് ചെയ്യണം, തീ പിടിക്കാനുള്ള സാധ്യതയും കൂടുതലാണ്.
https://www.facebook.com/Malayalivartha