കുട്ടികളുടെ ബുദ്ധി വികസിക്കുവാന്‍ അവരോട് ഇങ്ങനെ ഇടപെടൂ...പേരന്റിംഗ് വിദഗ്ധര്‍ പറയുന്നു
നമുക്ക് ഏറെ പ്രിയപ്പെട്ട സിനിമയോ വാര്‍ത്തയോ നമ്മള്‍ കണ്ടു കൊണ്ടിരി ക്കുമ്പോള്‍ കുഞ്ഞു സംശയങ്ങളും കൊച്ചുവര്‍ത്തമാനവുമായി കുട്ടികള്‍ നമുക്കരികെ വന്നാല്‍ എന്താകും നമ്മുടെ പ്രതികരണം? ഒന്നുകില്‍, ശല്യപ്പെടുത്താതെ ഒന്നു ചുമ്മാതിരി കൊച്ചേ എന്നു പറയും. അല്ലെങ്കില്‍ അടുക്കളയിലേക്ക് നോക്കി, എടീ.. ഇതിനെ എടുത്തുകൊണ്ടു പോ എന്നു പറയും!
എന്നാല്‍ ഒരച്ഛനും വെറും 19 മാസം പ്രായമുള്ള മകനും തമ്മില്‍ ടിവിയിലെ ഒരു ഷോയേക്കുറിച്ച് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ട, പേരന്റിംഗ് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്, കുട്ടികളുടെ ബൗദ്ധികശേഷികളെ മെച്ചപ്പെടുത്താനുള്ള വഴിയെന്ത് എന്നത് മനസ്സിലാക്കാന്‍ ഉദാഹരണമായി ഉപയോഗിക്കാവുന്ന വീഡിയോ ആണിതെന്നാണ്.
അമേരിക്കയിലെ ടെന്നസിക്കാരനായ കൊമേഡിയന്‍ ഡി ജെ പ്രിയോര്‍, തന്റെ 19 മാസം പ്രായമുള്ള മകന്‍ കിംഗ്സ്റ്റണ്‍ പ്രയോറുമായി സംസാരിക്കുന്ന ആ വിഡിയോ അതുകൊണ്ട് തന്നെ വൈറലായി.
ടിവി ഷോ-യില്‍ കാണുന്ന ചില കാര്യങ്ങളെ കുറിച്ച് കുട്ടി പറയാന്‍ ശ്രമിക്കുമ്പോള്‍, ഇടയ്ക്ക് കൃത്യമായ വാക്കുകള്‍ കിട്ടാത്തതിനാല്‍ പ്രിയോറിന്റെ മകന്‍ ടിവിയിലേയ്ക്ക് ചൂണ്ടി ആംഗ്യം കാണിക്കുകയാണ് ചെയ്യുന്നത്.
ഉടന്‍ പ്രിയോര്‍, തിരികെ കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുന്നുണ്ട്. ഞാന്‍ പറഞ്ഞത് മനസ്സിലാകുന്നുണ്ടോ എന്ന് തിരക്കുകയും ചെയ്യുന്നു. അതിനുശേഷം മകന് പ്രതികരിക്കാന്‍ സമയം കൊടുക്കുകയാണ് ചെയ്യുന്നത്. എങ്ങനെയാണ് പരസ്പര സംഭാഷണം നടത്തേണ്ടത് എന്നത് ഫലപ്രദമായി കുട്ടിക്കു മനസ്സിലാകാന്‍ ഇതു സഹായിക്കും എന്നാണ് ഇതിനെക്കുറിച്ചുള്ള പേരന്റിങ് വിദഗ്ധരുടെ അഭിപ്രായം. ചര്‍ച്ചകളിലും സംവാദങ്ങളിലുമൊക്കെ പങ്കെടുക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് സംസാരിക്കാന്‍ അവസരം കൊടുക്കാത്ത എത്രയോ പേരെ നാമൊക്കെ കാണുന്നു. അവരും, ഇത് കണ്ട് ചിലത് പഠിക്കേണ്ടതുണ്ടെന്ന് വേണമെങ്കിലും പറയാം.
കണ്ടിരിക്കാന്‍ സുഖമുള്ള ഒരു വിഡിയോ എന്നതിനപ്പുറം കൊച്ചുകുട്ടികളുടെ തലച്ചോറിന്റെ വികാസത്തിന് അച്ഛനമ്മമാരുമായുള്ള സംസാരവും ഇടപെടലുകളും എത്ര ഫലപ്രദമായി ഉപയോഗിയ്ക്കാം എന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് ഇതെന്നും പേരന്റിങ് വിദഗ്ധര്‍ പറയുന്നു.
ഭാഷ ഉള്‍പ്പെടെ, ഭാവി ജീവിതത്തിനു വേണ്ടുന്ന പ്രധാനശേഷികള്‍ കുട്ടികള്‍ പഠിക്കുന്നത് തങ്ങള്‍ക്കു ചുറ്റുപാടുമുള്ള ലോകത്തുനിന്നും ലഭിക്കുന്ന വിവരങ്ങളിലൂടെയാണ്. ഇതിന് പ്രധാനമായും വേണ്ടത്്, കൊണ്ടും കൊടുത്തുമുള്ള ഇടപെടലുകളില്‍ പങ്കെടുക്കുന്നതാണ്.
ഉദാഹരണത്തിന് ഒരു കുഞ്ഞ് അമ്മയുടെ മുഖത്തുനോക്കി ശബ്ദം ഉണ്ടാക്കുകയോ ചിരിക്കുകയോ ചെയ്യുമ്പോള്‍ അമ്മ തിരിച്ച് അതിനോടു നോട്ടത്തിലൂടെയോ ചിരിയിലൂടെയോ പ്രതികരിക്കുന്നു. ആശയസംവേദനം വാക്കുകള്‍ ഇല്ലാതെയും സാദ്ധ്യമാകും എന്ന് കുഞ്ഞുങ്ങള്‍ അങ്ങനെയാണ് മനസ്സിലാക്കുന്നത്.
കുട്ടികളുടെ ഭാഷാ വികസനത്തിന് മാതാപിതാക്കള്‍ക്ക് ഏറ്റവും ഫലപ്രദമായി ചെയ്യാവുന്ന ഒന്നാണ് കുട്ടികളുമായി സംസാരിക്കുന്നത്. കുട്ടികളുമായുള്ള ഷോപ്പിങ്ങോ ചുറ്റിക്കറങ്ങലോ പോലും കുട്ടികളുടെ ബൗദ്ധികശേഷികളെ മെച്ചപ്പെടുത്താനുള്ള വഴിയാക്കാമെന്നതാണ് സത്യം.
https://www.facebook.com/Malayalivartha