പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വീട്!
കടുത്ത ഊര്‍ജപ്രതിസന്ധി നേരിടുന്ന കേരളത്തിനൊരു വഴികാട്ടിയാണ് ചിറയില്‍ ഹൗസ് എന്ന കൊച്ചു വീട്. കാരണം ഈ വീട് പൂര്‍ണമായും പ്രവര്‍ത്തിക്കുന്നത് സൗരോര്‍ജത്തിലാണ്. ഇവിടെ കെഎസ്ഇബി കണക്ഷന്‍ നല്‍കിയിട്ടില്ലെന്നു പറഞ്ഞാല്‍ വിശ്വസിച്ചേ പറ്റൂ.
സൗരോര്‍ജ കമ്പനി ഉടമയായ നസീം മൂന്നര വര്‍ഷം മുമ്പാണ് തറവാടിനോട് ചേര്‍ന്ന് പതിയ ഇരുനില വീട് വച്ചത്. വീടിന് തറക്കല്ലിടുമ്പോള്‍ തന്നെ തീരുമാനമെടുത്തിരുന്നു. ഈ വീട്ടില്‍ സൂര്യനായിരിക്കും താരം. 250 വാട്ടിന്റെ ആറ് പാനലുകള്‍ ടെറസില്‍ പിടിപ്പിച്ചു. മൊത്തം ഒന്നര കിലോവാട്ട് വൈദ്യുതി. ആറ് യൂണിറ്റ് വൈദ്യുതിയാണ് സാധാരണ ദിവസങ്ങളില്‍ ഉല്‍പാദിപ്പിക്കുക. മഴയുള്ള സമയത്ത് മൂന്നര യൂണിറ്റെങ്കിലും ലഭിക്കും. 150 അവന്റെ നാല് ബാറ്ററികളിലേക്കാണ് ഊര്‍ജം ശേഖരിക്കുന്നത്. 4.8 കിലോവാട്ട് ശേഷിയുള്ള ഇന്‍വര്‍ട്ടറുമുണ്ട്. മുഴുവന്‍ സംവിധാനത്തിന്റെ ചെലവ് 2.25 ലക്ഷം.
വീട്ടിലെ എല്ലാ വൈദ്യുത ഉപകരണങ്ങളും ഒരേ സമയം പ്രവര്‍ത്തിക്കാന്‍ ഇത് മതിയെന്ന് നസീം പറയുമ്പോള്‍ വിശ്വസിക്കാനൊന്ന് മടിക്കും. സംശയമകറ്റാന്‍ ടിവി, എസി, മോട്ടോര്‍, ഇസ്തിരി പെട്ടി എന്നിവയെല്ലാം ഒരേ സമയത്ത് പ്രവര്‍ത്തിച്ചു കാണിച്ചു തരുമ്പോള്‍ ആ സംശയം ആവിയാകും. ഇടയ്ക്ക് ബാറ്ററി വാട്ടര്‍ ഒഴിച്ചു കൊടുക്കുകയല്ലാതെ മറ്റ് മെയിന്റനന്‍സ് ആവശ്യമില്ലെന്ന് നസീം പറയുന്നു.
ആള്‍ താമസമില്ലാത്ത തറവാട്ടില്‍ നിന്ന് നസീം അനധികൃതമായി കറന്റ് വലിക്കുകയാണെന്നൊരു പരാതി ഇടയ്ക്ക് വൈദ്യുതി ഓഫിസിലെത്തി. പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. നസീമിന്റെ ഉദ്യമത്തെ അഭിനന്ദിച്ചാണവര്‍ മടങ്ങിയത്. സോളര്‍ സംവിധാനം കണ്ട് ബോധ്യപ്പെട്ട പലരും നസീമിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.
അനര്‍ട്ടിന്റെ സോളാര്‍ കണക്ട് പദ്ധതി പ്രകാരം നമ്മുടെ വീട്ടില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന സൗരവൈദ്യുതി കെഎസ്ഇ ബിക്ക് വില്‍ക്കാന്‍ സാധിക്കും. വീട്ടിലെ സൗരോര്‍ജ പ്ലാന്റ് കെഎസ്ഇബി ലൈനുമായി ബന്ധപ്പെടുത്തിയിരിക്കും. വീട്ടുകാരുടെ ഉപയോഗം കഴിഞ്ഞുള്ള വൈദ്യുതി എനര്‍ജി മീറ്റര്‍ വഴി വൈദ്യുത ശൃംഖലയിലേക്ക് നല്‍കാം.
സൗരപാനല്‍ സ്ഥാപിക്കുന്നതിന് കുറഞ്ഞത് പത്ത് ചതുരശ്രമീറ്റര്‍ നിഴല്‍ രഹിത മേല്‍ക്കൂര ലഭ്യമായിരിക്കണം. രണ്ട് മുതല്‍ 100 കിലോ വാട്ട് വരെയാണ് ഒരു ഉപഭോക്താവിന് ഉല്‍പാദിപ്പിക്കാവുന്ന വൈദ്യുതിയുടെ അളവ്. ഈ സംവിധാനത്തില്‍ ബാറ്ററി ബാക്ക് അപ് ഉണ്ടാവുകയില്ല. ഒരു കിലോവാട്ട് സൗരവൈദ്യുത ഉപകരണ സംവിധാനത്തിന് 75,000 രൂപയാകും. സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി 7,500 രൂപയും കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി 22,500 രൂപയും ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സഹായം ലഭിക്കുന്നതല്ല. അപേക്ഷാ ഫോറം അനര്‍ട്ടിന്റെ വെബ് സൈറ്റില്‍ ലഭ്യമാണ്. (www.anert.gov.in).
https://www.facebook.com/Malayalivartha