പ്ലംബിങ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വീട് പണിയുമ്പോൾ തന്നെ കൃത്യമായ ചിട്ടയോടും പ്ലാനിങ്ങോടും ചെയ്യേണ്ട കാര്യമാണ് പ്ലംബിങ് എന്നത്.ഒരു പ്ലംബിങ് കണ്‍സള്‍ട്ടിനെക്കൊണ്ട് പ്ലംബിങ് ലേഔട്ട് തയ്യാറാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എവിടെയെല്ലാം ടാപ്പുകള്‍ വേണം, ഓരോ സ്ഥലത്തും പൈപ്പുകള്‍ വെക്കേണ്ട സ്ഥലം, വാട്ടര്‍ടാങ്ക്, സെപ്റ്റിക് ടാങ്ക് എന്നിവയുടെ സ്ഥാനം തുടങ്ങിയ കാര്യങ്ങളൊക്കെ വിശദമായി വരച്ചുകാണിക്കുന്ന രേഖയാണ് പ്ലംബിങ് ലേഔട്ട്. വീടുപണി കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷം അറ്റകുറ്റപ്പണി വേണ്ടിവരികയാണെങ്കില്‍ ഈ ലേഔട്ട് എടുത്തു നോക്കിയാല്‍ പൈപ്പ് പോകുന്ന സ്ഥലം മനസ്സിലാക്കാന്‍ എളുപ്പമായിരിക്കും. അനാവശ്യമായി ചുവരു കുത്തിപ്പൊളിക്കാതെയും പൈപ്പുകള്‍ പൊട്ടാതെയും അറ്റകുറ്റപ്പണി നടത്താന്‍ ഇതുവഴി സാധിക്കുന്നു. പ്ലംബിങിന്റെ തുടക്കം വാട്ടര്‍ടാങ്കില്‍ നിന്നാണ്. ടാങ്കിന്റെ വലുപ്പമാണ് ആദ്യം തീരുമാനിക്കേണ്ടത്. വീട്ടിലെ അംഗങ്ങളുടെ എണ്ണം നോക്കിവേണം ടാങ്കിന്റെ വലുപ്പം നിശ്ചയിക്കാന്‍. ഒരാള്‍ക്ക് ഒരു ദിവസം 200 ലിറ്റര്‍ വെള്ളം എന്നതാണ് ഏകദേശ കണക്ക്. ഇതനുസരിച്ച് അഞ്ച് പേരുള്ള വീടാണെങ്കില്‍ 1000 ലിറ്ററിന്റെ ടാങ്ക് മതി. 500 ലിറ്ററിന്റെ ടാങ്കാണ് വാങ്ങിക്കുന്നതെങ്കില്‍ രണ്ട് തവണയായി മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കേണ്ടിവരും.
ഡ്രെയിനേജില്‍ രണ്ടു ഭാഗങ്ങള്‍ ഉണ്ട്. സെപ്ടിക് ടാങ്കും സോക്പിറ്റും. ക്ലോസറ്റിലൂടെ പോകുന്ന വെയ്സ്റ്റ് സെപ്ടിക് ടാങ്കിലേക്കും കുളിക്കുന്നതിന്റേയും അടുക്കളയില്‍ നിന്നുള്ളതിന്റേയും വെയ്സ്റ്റ് സോക്ക്പിറ്റിലേക്കുമാണ് പോകുന്നത്.സോക്ക്പിറ്റ് കിണറില്‍ നിന്നും ഏഴര മീറ്ററെങ്കിലും ദൂരെ വേണം സ്ഥാപിക്കാന്‍. സോക്ക്പിറ്റിലേക്കുള്ള പൈപ്പുകള്‍ ചരിച്ച് (സ്ലോപ്പായി) വേണം സ്ഥാപിക്കാന്‍. പൈപ്പുകളില്‍ വായു പുറത്തേക്ക് പോകാനുള്ള വെന്റിങ്ങ് (എയര്‍പൈപ്പ്) ചെയ്തിരിക്കണം. വായുസഞ്ചാരം ഉണ്ടായാലേ മാലിന്യം ഒഴുകിപ്പോകാന്‍ സാധിക്കൂ. ജോയിന്റുകളിലും ബെന്‍ഡുകളിലും തടസ്സം ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് ആ ഭാഗത്ത് ഇന്‍സ്‌പെഷന്‍ ചേമ്പറുകള്‍ ഘടിപ്പിക്കുന്നതും നന്നായിരിക്കും.
https://www.facebook.com/Malayalivartha