കൗമാരക്കാരെ ചോദ്യം ചെയ്യാനും മനസ്സിലാക്കാനുമുള്ള അവകാശം, സ്‌നേഹം വെടിയാതെ മാതാപിതാക്കള്‍ നേടിയെടുക്കണം
മികച്ച രീതിയില്‍ പഠിക്കുന്ന മകന്‍ പ്ലസ് വണ്ണില്‍ പുതിയ സ്‌കൂളിലെത്തിയപ്പോള്‍ ചില കൂട്ടുകാരുണ്ടായി. അവരുമൊത്ത് ശനിയാഴ്ചകളില്‍ രാത്രി ചുറ്റിക്കറങ്ങാന്‍ പോകുന്ന ശീലം തുടങ്ങി. ഒന്‍പതു മണിയാകുമ്പോള്‍ ഇറങ്ങും. പാതിരാവിനു മുന്‍പ് തിരിച്ചെത്തും. സിനിമ കാണാന്‍ പോകുന്നുവെന്നായിരുന്നു വിശദീകരണം. ശീലം ശരിയല്ലായെന്നു പറഞ്ഞാല്‍ അനുസരിക്കില്ല. പഠനത്തിലും പെരുമാറ്റത്തിലും കുഴപ്പമില്ലാത്തതുകൊണ്ട് മാതാപിതാക്കള്‍ കര്‍ശനമായി വിലക്കാന്‍ പോയില്ല. പക്ഷേ, ഇവനെയും ചങ്ങാതിമാരെയും ഒരു വീടിന്റെ ബെഡ്‌റൂമിലേക്ക് ഒളിഞ്ഞുനോക്കുന്ന വേളയില്‍ ആളുകള്‍ പിടിച്ചു. നല്ല കുട്ടിയായിരുന്ന അവനെ കൂട്ടുകാര്‍ ചീത്തയാക്കിയതില്‍ മാതാപിതാക്കള്‍ വളരെ സങ്കടപ്പെട്ടു. അവന്‍ ആ ദുശ്ശീലം തുടരുമോ എന്ന ഉത്ക്കണ്ഠയായി പിന്നീടവര്‍ക്ക്!
കിടപ്പുമുറിയിലേക്ക് ഒളിഞ്ഞു നോക്കിയതു തീര്‍ച്ചയായും തെറ്റായ പ്രവൃത്തിയാണ്. കുറ്റകരവുമാണ്. ഇത്തരം കുരുത്തക്കേടുകള്‍ കാട്ടാനുള്ള ധൈര്യം ചങ്ങാതിക്കൂട്ടത്തിലെത്തുമ്പോള്‍ ഉണ്ടായേക്കാം. ഇതൊക്കെ ചെയ്യുന്നതില്‍ ഒരു രസമുണ്ടെന്ന് കൂട്ടുകാര്‍ ഹരം കേറ്റുമ്പോള്‍ ധാര്‍മികബോധം ദുര്‍ബലപ്പെടും. കൂട്ടുകെട്ടിലുണ്ടാകുന്ന വികല വിചാരങ്ങള്‍ സ്വഭാവത്തില്‍ സ്വാധീനം ചെലുത്തും. ഇതു ശരിയല്ലെന്നും ഞാനിതിനില്ലെന്നും ഇത്തരം ചെയ്തികളാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇനി ചങ്ങാത്തത്തിനില്ലെന്നും തറപ്പിച്ച് പറയാന്‍ ശീലിക്കണം. ഇല്ലെങ്കില്‍ കുഴപ്പത്തില്‍ ചാടും. ഇവന്റെ കൂട്ടുകാരില്‍ ഒളിഞ്ഞുനോട്ടമെന്ന മനോവൈകല്യത്തിനടിമപ്പെട്ട ഒരാളുണ്ടായേക്കും. അവന്റെ പ്രേരണയില്‍ മറ്റുള്ളവര്‍ ഒപ്പം കൂടിയതാകും.
ചങ്ങാതികൂട്ടത്തിലെ ഈ കുഴപ്പക്കാരനാണ് പെരുമാറ്റം രൂപപ്പെടുത്തിയെന്നു സാരം. മറ്റാരെങ്കിലുമൊക്കെ ഇങ്ങനെ ചെയ്തതിന്റെ കഥകള്‍ കേട്ട് കുട്ടിപ്പട പരീക്ഷിച്ചതുമാകാം. കുരുത്തക്കേടുകള്‍ ഉള്ളവരും അതിനെ ചെറുക്കാന്‍ പറ്റാത്തവരുമൊക്കെ ഉള്‍പ്പെടുന്ന കൂട്ടത്തില്‍ പെട്ടാല്‍ നല്ല കുട്ടികളും വഴിതെറ്റിപ്പോകും. അതുകൊണ്ടാണ് ചങ്ങാതിമാരെ തിരഞ്ഞെടുക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നു പറയുന്നത്. നല്ലതു ചെയ്യുന്നവരാണങ്കില്‍ നന്മയിലേക്കും ചീത്ത ചെയ്യുന്നവരെങ്കില്‍ തിന്മയിലേക്കും പോകുമെന്ന് ഓര്‍ക്കണം. ഇങ്ങനെ ഒരു ഒളിഞ്ഞുനോട്ടക്കാരനായി മുദ്ര ചാര്‍ത്താതെ ഇതൊക്കെ സ്‌നേഹപൂര്‍വം മനസ്സിലാക്കി കൊടുക്കാം. തുടര്‍ ജീവിതത്തിലതു പ്രയോജനപ്പെടും. മാനക്കേടവനെ വേറൊരാളാക്കി മാറ്റാതിരിക്കാനും ശ്രദ്ധിക്കണം.
ഈ സംഭവത്തിലാണെങ്കില്‍ കുട്ടിയുടെ കൂട്ടുകെട്ട് നല്ല പാതയിലൂടെയല്ലെന്നറിയാന്‍ പല സൂചനകളുമുണ്ടായി. അതിലൊന്നാണ് രാത്രി സഞ്ചാരം. പഠന മികവ് പരിഗണിച്ച് ഇളവ് നല്‍കിയതാണ് കുഴപ്പമായത്. മിടുക്കിന്റെ മേല്‍ കരിനിഴല്‍ ചാര്‍ത്തുന്ന ചീത്തപ്പേര് അതുകൊണ്ടുണ്ടായി. ചങ്ങാതിമാരുമൊത്ത് പുറത്തു പോകുമ്പോള്‍ തിരിച്ചു വരുമെന്നു പറയുന്ന സമയം പതിവായി തെറ്റിക്കുന്നതും അപായസൂചനയാണ്. വൈകിയതു ചൂണ്ടിക്കാണിക്കുമ്പോള്‍ കൃത്യമായ വിശദീകരണം നല്‍കാതെ കയര്‍ക്കുന്നതും നല്ല ലക്ഷണമല്ല. കൂട്ട് കൂടിയുള്ള ഉല്ലാസവേളകള്‍ക്കായി പണം കൂടുതലായി ആവശ്യപ്പെടുമ്പോഴും ജാഗ്രത പുലര്‍ത്തണം. എന്തിനാണ് പണമെന്ന് കുട്ടികള്‍ വ്യക്തമായി ബോധ്യപ്പെടുത്തണമെന്ന നിഷ്‌കര്‍ഷ വേണം.
ആരുടെ കൂടെയാണെന്നും എവിടേക്കാണെന്നും എന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നതെന്നുമൊക്കെയുള്ള വിവരങ്ങള്‍ ഒളിപ്പിച്ചു വയ്ക്കാനുള്ള പ്രവണത നല്ലതല്ല. പ്രായംകൊണ്ട് മുതിര്‍ന്നവരുമായുള്ള കൂട്ടുകെട്ട് പലപ്പോഴും പെരുമാറ്റ വൈകല്യങ്ങളിലേക്കുള്ള ചവിട്ടുപടിയാകും. ഇതൊക്കെ ചോദിക്കാനും മനസ്സിലാക്കാനുമുള്ള അവകാശം സ്‌നേഹം വെടിയാതെ നേടിയെടുക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയണം. കുഴപ്പമുണ്ടാക്കുമ്പോള്‍ കൂട്ടുകെട്ടിനെ മാത്രം പഴിച്ച് ആശ്വാസം തേടരുത്.
https://www.facebook.com/Malayalivartha