മികച്ച വിജയം സ്വന്തമാക്കാം
മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ സമ്മര്‍ദ്ദം നല്‍കുന്ന സമയമാണ് പരീക്ഷാക്കാലം . എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പരീക്ഷാക്കാലത്തെ സമ്മര്‍ദ്ദത്തെ അതിജീവിച്ചു മികച്ച വിജയം സ്വന്തമാക്കുവാന്‍ വിദ്യാര്‍ഥികള്‍ക്കാവും. അതിനു സഹായകരമായ ഏതാനും നിര്‍ദ്ദേശങ്ങളാണ് ചുവടെ കൊടുക്കുന്നത്.
1. പരീക്ഷയ്ക്കു മുമ്പേ പാഠങ്ങള്‍ പഠിച്ചു തീര്‍ക്കാന്‍ ആവശ്യത്തിനു സമയം നീക്കിവയ്ക്കുക. പലയാളുകളും പഠനം അവസാന നിമിഷത്തേക്കു മാറ്റിവയ്ക്കുന്നവരാണ്. എന്നാല്‍ ഇതൊരു നല്ല നടപടിയല്ല. പരീക്ഷകളുടെ എണ്ണം, ലഭ്യമായ സമയം, വിഷയം പഠിച്ചു തീര്‍ക്കുവാനുള്ള ബുദ്ധിമുട്ട് ഇവയുടെ അടിസ്ഥാനത്തില്‍ ഒരു ടൈംടേബിള്‍ തയ്യാറാക്കുക. ഇതു പരീക്ഷയ്ക്ക് ഒരുങ്ങുമ്പോഴുള്ള സമ്മര്‍ദ്ദം കുറയ്ക്കുവാന്‍ സഹായകരമാകും.
2. പഠന സ്ഥലം നിര്‍ണ്ണയിക്കുക
പഠനസ്ഥലം വൃത്തിയുള്ളതും, ചിട്ടയായി ക്രമീകരിച്ചിരിക്കുന്നതുമാണെന്ന് ഉറപ്പു വരുത്തുക. പുസ്തകങ്ങള്‍ പഠിക്കേണ്ടതിന്റെ പ്രാധാന്യമനുസരിച്ചു അടുക്കി വയ്ക്കുക. പഠന സ്ഥലം ഭക്ഷണം കഴിക്കുവാനോ, ടി.വി കാണുവാനോ ഒന്നും ഉപയോഗിക്കരുത്. അങ്ങനെയാണെങ്കില്‍ പഠിക്കുവാനിരിക്കുമ്പോള്‍ ടിവി കാണുവാനും, ഭക്ഷണം കഴിക്കുവാനുമൊക്കെയുള്ള തോന്നല്‍ ഉണ്ടാകുവാനിടയുണ്ട്.
3. ചോദ്യ പേപ്പറുകള്‍ക്ക് ഉത്തരമെഴുതി പരിശീലിക്കുക.
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ, അല്ലെങ്കില്‍ പത്തുവര്‍ഷത്തെ ചോദ്യപേപ്പറുകള്‍ ചെയ്തു പരിശീലിക്കുന്നതു പരീക്ഷയുടെ രീതി മനസ്സിലാക്കുന്നതിനും, ഉത്തരം എഴുതുമ്പോഴുള്ള തെറ്റുകള്‍ തിരുത്തുന്നതിനും സഹായകരമാകും. ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഏതാണെന്നു മനസ്സിലാക്കുന്നതിനും ഇതു സഹായകരമാണ്.
4. പ്രാര്‍ഥനയ്ക്കായി സമയം കണ്ടെത്തുക
പരീക്ഷാക്കാലത്തെ ടെന്‍ഷനെ നേരിടുവാനുള്ള മികച്ച മാര്‍ഗ്ഗമാണ് പ്രാര്‍ത്ഥന. മനസ്സിനെ ശാന്തമാക്കുന്നതിനും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും ശുഭാപ്തി വിശ്വാസമുള്ളവരായിത്തീരുന്നതിനും പ്രാര്‍ഥന സഹായകരമാണ്.
5. കുറിപ്പുകള്‍ /ചാര്‍ട്ടുകള്‍ തയ്യാറാക്കുക
ഓരോ വിഷയവും പഠിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട കുറിപ്പുകളും, ചാര്‍ട്ടുകളും തയ്യാറാക്കുക. പരീക്ഷയ്ക്ക് തൊട്ടുമുമ്പുള്ള റിവിഷനും വളരെ സഹായകരമാണ്. ഓര്‍മ്മയില്‍ കാര്യങ്ങള്‍ നിലനിര്‍ത്തുന്നതിന് ചിത്രങ്ങളും ഗ്രാഫുകളും സഹായകരമാണ്.
6. ബന്ധപ്പെടുത്തി പഠിക്കുക
നമ്മുടെ മനസ്സില്‍ രൂഢമൂലമായിട്ടുള്ള ആളുകള്‍, വര്‍ഷങ്ങള്‍, സ്ഥലങ്ങള്‍ ഇവയൊക്കെയുമായി ബന്ധപ്പെടുത്തി കാര്യങ്ങള്‍ പഠിക്കുന്നതു വളരെ സഹായകരമാണ്.
ഉദാഹരണമായി ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ അവസാനം ചേര്‍ക്കപ്പെട്ട ഭാഷകള്‍ മൈഥിലി, ബോഡോ, ഡോഗ്രി, സന്താളി എന്നിവയാണ്. ഇത് ഓര്‍ത്തിരിക്കുവാന്‍ ബുദ്ധിമുട്ടാണെങ്കില്‍ മൈഥിലി എന്ന പെണ്‍കുട്ടി ബി ഡി എസ്സ് പൂര്‍ത്തിയാക്കി ദന്തഡോക്ടറായതിനെക്കുറിച്ച് ആലോചിക്കുക. അപ്പോള്‍ മൈഥിലി ബി ഡി എസ്സ് എന്ന സൂത്രവാക്യം നമുക്ക് രൂപപ്പെടുത്താനാകും. ബോഡോ, ഡോഗ്രി, സന്താളി എന്നിവയുടെ ചുരുക്കെഴുത്താണ് ബി ഡി എസ്സ്.
ഇത്തരത്തില്‍ ലോജിക്കല്‍ അല്ലാത്ത കാര്യങ്ങളുമായി ബന്ധപ്പെടുത്തി പഠിക്കുന്നത് മനസ്സില്‍ ഓര്‍ത്തിരിക്കാന്‍ സഹായകരമാണ്.
7. ചര്‍ച്ച ചെയ്ത് പഠിക്കുക / മറ്റുള്ളവരെ പഠിപ്പിക്കുക
ഗ്രൂപ്പ് സ്റ്റഡിയുടെ ഏറ്റവും വലിയ നേട്ടം കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു പഠിക്കാം എന്നുള്ളതാണ്. ഒറ്റയക്കു പഠിക്കുമ്പോഴുള്ള വിരസത ഒഴിവാക്കാനും ഇതു സഹായകരമാണ്. പഠിച്ച കാര്യങ്ങള്‍ മറ്റുള്ളവരെ പറഞ്ഞു കേള്‍പ്പിക്കുന്നതും മറ്റുള്ളവരെ പഠിപ്പിക്കുന്നതും ഓര്‍മ്മശക്തിയെ ഉണര്‍ത്തും. പഠനം രസകരമാക്കുന്നതിനും ഗ്രൂപ്പ് സ്റ്റഡി സഹായകരമാണ്. എന്നാല്‍ ഗ്രൂപ്പ് സ്റ്റഡിയുടെ സമയത്തു പഠനവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും സമയം പാഴാക്കുന്നതും ഒഴിവാക്കണം.
https://www.facebook.com/Malayalivartha