ശരീരത്തില്‍ ഒരിടത്തുണ്ടാകുന്ന കാന്‍സര്‍-മുഴകള്‍ മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നത് എന്തുകൊണ്ടെന്നറിയാമോ?
കാന്‍സര്‍ കരളിലേക്കും തലച്ചോറിലും അസ്ഥിയിലും ഒക്കെ വ്യാപിച്ചു എന്ന് പറഞ്ഞുകേള്‍ക്കാറുണ്ടല്ലോ. എങ്ങനെയാണ് കാന്‍സര്‍ ഇങ്ങനെ പടരുന്നത് ?
കോശങ്ങള്‍ ഓരോന്നും സാധാരണയായി പരസ്പരം ചേര്‍ന്ന് ഒട്ടിയാണിരിക്കുക. ഈ ഒട്ടിച്ചേര്‍ന്നിരിക്കലാണ് അവയവങ്ങളുടെ രൂപം നിലനിര്‍ത്താനും, കോശങ്ങള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറാനും ഒക്കെ സഹായിക്കുന്നത്. cell adhesion molecule അഥവാ CAM എന്ന് അറിയപ്പെടുന്ന ചില ഇടനിലക്കാരാണ് ഇതിനു സഹായിക്കുന്നത്. കാന്‍സര്‍ ബാധിച്ച കോശങ്ങളില്‍ ഈ ഇടനിലക്കാരുടെ പ്രവര്‍ത്തനം കുറവാണ്. അതുകൊണ്ടു തന്നെ കോശങ്ങള്‍ ഒട്ടിച്ചേര്‍ന്ന് ഇരിക്കില്ല , പകരം ലൂസായി ഇരിക്കും. മറ്റുഭാഗങ്ങളിലേക്കു പടരാന്‍ സഹായിക്കുന്നത് കാന്‍സര്‍ കോശങ്ങളുടെ ഈ സവിശേഷ സ്വഭാവമാണ് . ഇത്തരത്തില്‍ അസുഖം പകരുന്നതിനെ മെറ്റസ്റ്റേസിസ് എന്നാണ് പറയുക
ഇങ്ങനെ കാന്‍സര്‍ പടരുന്നത് പ്രധാനമായും 3 രീതിയിലാണ്.
കാന്‍സര്‍ ബാധിച്ച അവയവത്തില്‍ നിന്നോ , ഭാഗത്തുനിന്നോ കോശങ്ങള്‍ അടര്‍ന്നു തൊട്ടടുത്തുള്ള ഭാഗത്തേക്ക് നേരിട്ട് പടരും. ഉദാഹരണത്തിന് ഗര്‍ഭാശയ കാന്‍സറുകള്‍ വളര്‍ന്നു തൊട്ടടുത്തുള്ള മൂത്രനാളിയിലേക്കോ , അണ്ഡാശയങ്ങളിലോ എത്താം. മൂത്രനാളിയില്‍ ഇങ്ങനെ എത്തിയാല്‍ മൂത്രതടസ്സം ഉണ്ടാവും .
ഈ ലൂസായ കാന്‍സര്‍ കോശങ്ങള്‍ രക്തത്തിലൂടെ , സിരകളിലൂടെ അടുത്തും അകലയുമുള്ള സ്ഥലങ്ങളില്‍ എത്താം . രക്തത്തിലൂടെ ഈ കോശങ്ങള്‍ ഒഴുകി , രക്തക്കുഴലുകള്‍ പോകുന്ന മറ്റു അവയവങ്ങളില്‍ എത്തും. ഉദാഹരണത്തിന് ആണുങ്ങളില്‍ prostate ഗ്രന്ഥിയില്‍ ഉണ്ടാകുന്ന കാന്‍സര്‍ അസ്ഥികളിലേക്കു പടരുന്നത് ഇങ്ങനെയാണ് .
സാധാരണയായി കോശങ്ങള്‍ക്ക് ഇടയിലൂടെ ഒരു നേര്‍ത്ത ദ്രാവകം ഒഴുകുന്നുണ്ട് . Tissue ഫ്്‌ളൂയിഡ് അഥവാ ലിംഫ് എന്നാണ് ഇതിനെ വിളിക്കുക. രക്തത്തില്‍ നിന്നാണ് ലിംഫ് ഉണ്ടാകുന്നത്, രോഗാണുക്കളെയും മറ്റും നിര്‍വീര്യമാക്കുകയാണ് പ്രധാന ജോലി. ഈ ഫ്്‌ളൂയിഡ്, ലിംഫ് കുഴലുകളിലൂടെ ഒഴുകി രക്തത്തില്‍ എത്തും. ഇതിന്റെ ഇടക്ക് ചില പിറ്റ് സ്റ്റോപ്പുകള്‍ ഉണ്ട്. അവിടെയാണ് രോഗാണുക്കളെയും മറ്റും കൊല്ലുന്നത്. ഈ പിറ്റ് സ്റ്റോപ്പുകളെയാണ് നമ്മള്‍ കഴലകള്‍ അല്ലെങ്കില്‍ lymph nodes എന്ന് വിളിക്കുക. കാന്‍സര്‍ കോശങ്ങള്‍ ലിംഫിലൂടെ ഒഴുകി കഴലകളിലും അതുമായി ബന്ധപെട്ടു കിടക്കുന്ന അവയവങ്ങളിലും എത്തും. വായില്‍ കാന്‍സര്‍ ഉള്ളയാള്‍ക്ക് കഴുത്തിലെ കഴലകളിലേക്ക് അസുഖം പടരാം.
കാന്‍സര്‍ രോഗമാണെന്ന് ഉറപ്പിക്കണമെങ്കില്‍ ആ ഭാഗത്തെ കോശങ്ങളെടുത്ത് മൈക്രോസ്‌കോപ്പിലൂടെ നോക്കി ഉറപ്പാക്കണം . ഇതിനാണ് ബയോപ്‌സി എന്ന് നമ്മള്‍ പറയുന്നത് . ചിലപ്പോള്‍ സൂചികൊണ്ട് കുത്തിയോ (FNAC) , കഴലകളുടെയോ, കലകളുടെയോ കുറച്ചു ഭാഗം എടുത്തോ (excision biopsy) അതും സാധ്യമല്ലെങ്കില്‍ ശസ്ത്രക്രിയ സമയത്തു കോശങ്ങള്‍ ശേഖരിച്ചോ രോഗം സ്ഥിരീകരിക്കാം.
കീമോ /റേഡിയേഷന്‍ ചികിത്സ തുടങ്ങുന്നതിനു മുന്നേ ഏതുതരം കോശങ്ങളില്‍ നിന്നാണ് കാന്‍സര്‍ ഉണ്ടായിരിക്കുന്നത് എന്ന് ഉറപ്പാക്കണം . തലച്ചോറിലെ കാന്‍സര്‍ പോലെയുള്ള ചില പ്രത്യേക സാഹചര്യത്തില്‍ ഇത്തരത്തില്‍ കോശങ്ങള്‍ പരിശോധിച്ചു ഉറപ്പാക്കല്‍ സാധിച്ചെന്നിരിക്കില്ല . അത്തരം സാഹചര്യങ്ങളില്‍ സ്‌കാനിംഗ് , മറ്റു പരിശോധനകള്‍ എന്നിവയെ ആശ്രയിച്ചായിരിക്കും ചികിത്സ നിശ്ചയിക്കുക.
https://www.facebook.com/Malayalivartha