ക്വിക് പേ; വെള്ളക്കരം അടക്കാനുള്ള ഈ പുതിയ സംവിധാനം ലളിതം സുന്ദരം
വെള്ളക്കരം ഓണ്‍ലൈന്‍ ആയി അടയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ലളിതവും അനായാസവും സുരക്ഷിതവുമായ 'ക്വിക് പേ' സംവിധാനം വാട്ടര്‍ അതോറിറ്റി ഏര്‍പ്പെടുത്തി. കണ്‍സ്യൂമര്‍ നമ്പര്‍ ഇല്ലാതെ വാട്ടര്‍ അതോറിറ്റി ഓഫിസുകളില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ മാത്രം ഉപയോഗിച്ച് www.epay.kwa.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അതിവേഗം ബില്ലുകള്‍ അടയ്ക്കാം.
പുതിയ സംവിധാനം ജനങ്ങള്‍ ഉപയോഗിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. മുന്‍പ് ഓണ്‍ലൈന്‍ പേയ്‌മെന്റിന് ആവശ്യമായിരുന്ന വണ്‍ ടൈം റജിസ്‌ട്രേഷന്‍, യൂസര്‍ നെയിം, യൂസര്‍ ഐഡി എന്നിവ ഒഴിവാക്കിയാണ് ക്വിക് പേ വരുന്നത് . 24 മാസത്തേക്കു വരെ മുന്‍കൂര്‍ പണം അടയ്ക്കാനും കഴിയും.
മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ കണ്‍സ്യൂമര്‍ ഐഡി, കണ്‍സ്യൂമര്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് ബില്‍ തിരയാനും ഉപഭോക്താവിന്റെ പേര്, മീറ്റര്‍-ഉപഭോഗ വിവരങ്ങള്‍ എന്നിവയുള്‍പ്പെടെ ബില്‍ വിശദാംശങ്ങള്‍ അറിയാനും കഴിയും. ബില്‍ അടച്ചതിന്റെ രസീത് മൊബൈല്‍ നമ്പറിലും, ഇ മെയില്‍ ഐഡിയിലും ലഭിക്കും. പണമടച്ചു കഴിഞ്ഞ് ഉപഭോക്താവിന് രസീത് പ്രിന്റ് ചെയ്‌തെടുക്കാനും സംവിധാനമുണ്ട് .
ബില്‍ അടച്ചുകഴിഞ്ഞതായുള്ള അറിയിപ്പ് എസ്എംഎസ് ആയും ഇമെയില്‍ ആയും ലഭിക്കും . നിലവില്‍ ബില്‍ ഡെസ്‌ക് എന്ന പേയ്‌മെന്റ് ഗേറ്റ്വേ യിലൂടെ ഏതു ബാങ്കിന്റേയും ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വഴിയോ പണമടയ്ക്കാം. ബാങ്കുകള്‍ വഴി നേരിട്ടും ബിബിപിസ്, പേ-ടിഎം എന്നിവ വഴിയും പണമടയ്ക്കാനുള്ള സൗകര്യം 'ക്വിക് പേ' പോര്‍ട്ടലില്‍ ഉടന്‍തന്നെ ഏര്‍പ്പെടുത്തുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
https://www.facebook.com/Malayalivartha