തടി കൂട്ടാനും വേണം കഠിനാദ്ധ്വാനം!
ഇത്തിരി കൂടി തടി ഉണ്ടാരുന്നേല്‍ നല്ല ഭംഗി ആയിരുന്നേനെ...തീരെ മെലിഞ്ഞാണല്ലോ ഇരിക്കുന്നത് അസുഖം എന്തെങ്കിലും ഉണ്ടോ...നല്ലപോലെ ആഹാരം കഴിച്ചാല്‍ മതി തടി വച്ചോളും എന്നിങ്ങനെയുള്ള വിലയിരുത്തലുകളും ഉപദേശങ്ങളുമൊക്കെ കേള്‍ക്കുന്നത്, തടിയില്ലാത്തവരുടെ ജീവിതത്തിലെ നിത്യസംഭവമാണ്.
പക്ഷേ ഇപ്പറയുന്നതുപോലെ, കുറച്ചധികം ആഹാരം കഴിച്ചാലൊന്നും ജന്മനാ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവര്‍ക്ക് തടിവയ്ക്കുകയൊന്നുമില്ല. അതായത്, ഭാരം കൂട്ടാനും വേണം കഠിനാദ്ധ്വാനമെന്ന് ചുരുക്കം!
പൊതുവേ ഭാരം കുറയ്ക്കാന്‍ ആളുകള്‍ പെടാപ്പാട് പെടുന്നതിന്റെ കഥയാണ് അധികവും പറഞ്ഞുകേള്‍ക്കാറുള്ളത്. അപ്പോള്‍ ഭാരം കൂട്ടാന്‍ ആരെങ്കിലും കഠിനാധ്വാനം ചെയ്ത ഒരു കഥയുണ്ടെങ്കില്‍ അതിത്തിരി വെറൈറ്റി ആയിരിയ്ക്കുമല്ലോ. അത്തരമൊരു കഥയാണ് വിവേക് ശര്‍മ എന്ന അധ്യാപകന്റേത്. 38 കിലോയില്‍നിന്ന് 63 കിലോയിലേക്ക് വിവേക് എത്തിയത് കഠിനാധ്വാനം കൊണ്ടാണ്. ഭാരം കൂട്ടാനും കുറച്ചു കഷ്ടപ്പെടണമെന്ന് സാരം.
അധ്യാപകനായ വിവേക്, എല്ലും തോലുമായി ഇരിക്കുന്നെന്നും ഈര്‍ക്കിലി സര്‍ എന്നുമൊക്കെ പരിഹാസം കേട്ട് മടുത്തപ്പോഴാണ് ഭാരം കൂട്ടാന്‍ തീരുമാനിച്ചത്. നന്നേ മെലിഞ്ഞ ശരീരഘടനയുള്ള 26-കാരനായ വിവേകിന് 26 ഇഞ്ച് ഇടുപ്പ് അളവുള്ള വസ്ത്രങ്ങള്‍ കിട്ടാന്‍പോലും ബുദ്ധിമുട്ടായി. ഇത് കടുത്ത അപകര്‍ഷതാബോധമാണുണ്ടാക്കിയത്.
അങ്ങനെയാണ് എന്തു വില കൊടുത്തും വണ്ണം കൂട്ടണമെന്ന് വിവേക് തീരുമാനിച്ചത്. അതിനായി സ്വയമൊരു ഡയറ്റ് നിശ്ചയിക്കുകയായിരുന്നു. പ്രാതലില്‍ ഒരു ഏത്തക്കയും ഒരു ഗ്ലാസ്സ് കൊഴുപ്പ് നീക്കാത്ത പാലും ഉള്‍പ്പെടുത്തി. ഉച്ചയ്ക്ക് രണ്ടു ചപ്പാത്തിയും നിറയെ പച്ചക്കറികളും, പഴച്ചാറും ഒരു പാത്രം ദാലും കഴിച്ചു. ഒരു പാത്രം ദാല്‍, ഗ്രീന്‍ വെജിറ്റബിള്‍, ഒരു ഗ്ലാസ് പാല്‍, ചപ്പാത്തി എന്നിവയായിരുന്നു അത്താഴം. കൂടാതെ, രാവിലെ അര മണിക്കൂര്‍ നടക്കുന്നതും ശീലമാക്കി.
വണ്ണം വയ്ക്കാന്‍ വെറുതെ ജങ്ക് ഫുഡ് കഴിക്കാതെ പഴങ്ങള്‍, പച്ചക്കറികള്‍, ഡ്രൈ ഫ്രൂട്ട്‌സ്, നട്‌സ് എന്നിവയായിരുന്നു വിവേക് അധികം കഴിച്ചത്.
ഡ്രൈഫ്രൂട്‌സില്‍ പെടുന്ന ഉണക്കമുന്തിരി കഴിച്ചാല്‍ നല്ല ഉന്മേഷം തോന്നും. ഗ്ലൂക്കോസ്, ഫ്രക്ടോസ് തുടങ്ങിയ നാച്വറല്‍ ഷുഗര്‍ അടങ്ങിയ ഉണക്ക മുന്തിരി ഊര്‍ജ്ജലഭ്യതയ്ക്ക് വളരെ നല്ലതാണ്. പ്രോട്ടീന്‍ ഉള്‍പ്പെടെയുള്ള പോഷകങ്ങളെ ആഗിരണം ചെയ്യാനും ഇത് സഹായിക്കും. ഉണക്കമുന്തിരിയില്‍ അയണ്‍, കോപ്പര്‍, ബി കോംപ്ലക്‌സ് വൈറ്റമിനുകള്‍ എന്നിവ ധാരാളമുള്ളതിനാല്‍ പതിവായി ഉണക്കമുന്തിരി കഴിച്ചാല്‍ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളര്‍ച്ച തടയാനും സാധിക്കും.
ഫാറ്റ് അധികമുള്ള പാല്‍, ബട്ടര്‍ എന്നിവ വിവേക് കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി. ഇപ്പോള്‍ വിവേകിന്റെ ഭാരം അറുപത്തിമൂന്ന് കിലോയാണ്. 38 കിലോയില്‍നിന്ന് 63 കിലോയിലേക്ക് എത്താന്‍ വിവേകിന് രണ്ടു വര്‍ഷം ചിട്ടയായി അധ്വാനിക്കേണ്ടി വന്നു. ഇപ്പോള്‍ ഈ ജീവിതചര്യ പിന്തുടരുകയാണ് വിവേക്.
തടി കൂട്ടാനോ തടി കുറയ്ക്കാനോ ഉള്ള ശ്രമത്തിനു ശേഷം നമ്മള്‍ ആരോഗ്യവാനാണോ അല്ലയോ എന്നറിയണമല്ലോ? ഇതാ അതിനു സഹായിക്കുന്ന ചില സിംപിള്‍ ടെസ്റ്റുകള്‍.
നിങ്ങള്‍ക്ക് ഒറ്റക്കാലില്‍ എത്ര നേരം നില്‍ക്കാന്‍ കഴിയുമെന്ന് നോക്കുക. കേള്‍ക്കുമ്പോള്‍ ഇതെന്തു തമാശയെന്നു തോന്നാമെങ്കിലും ഒറ്റക്കാലില്‍ നീണ്ട നേരം നില്‍ക്കാന്‍ സാധിക്കുന്നത് ഒരാളുടെ തലച്ചോറിന്റെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഒരുകാലില്‍ ശരീരത്തെ ബാലന്‍സ് ചെയ്തു നിര്‍ത്താന്‍ തലച്ചോറ് അല്‍പ്പം പ്രവര്‍ത്തിക്കണമെന്നു സാരം. 60 സെക്കന്റ് നേരം ഒറ്റക്കാലില്‍ നില്‍ക്കാന്‍ സാധിച്ചാല്‍ നിങ്ങള്‍ക്ക് നല്ല ആരോഗ്യമുണ്ട് എന്നാണ് സൂചന. എന്നാല്‍ ഇരുപതുസെക്കന്റ് പോലും സാധിച്ചില്ല എങ്കില്‍, കാര്യം അല്‍പ്പം ഗൗരവമാണെന്ന് മനസ്സിലാക്കുക.
ഒരു കസേരയില്‍ ഇരുന്നിട്ട് ഒരു പത്തു വട്ടം എഴുനേല്‍ക്കുകയും ഇരിക്കുകയും ചെയ്തു നോക്കൂ. 21 സെക്കന്റ് നേരമോ അതില്‍ കുറവോ ആണ് അതിനായി നിങ്ങള്‍ എടുത്തത് എങ്കില്‍ നിങ്ങള്‍ക്ക് നല്ല ആരോഗ്യമുണ്ട്. എന്നാല്‍ കൂടുതല്‍ സമയം എടുക്കുന്നവര്‍ സൂക്ഷിക്കുക. മസ്സില്‍ സ്‌ട്രെംഗ്ത് കുറവാണെന്നാണ് സൂചന. ശ്വാസകോശസംബന്ധമായ എന്തെങ്കിലും അസുഖങ്ങള്‍ക്കുള്ള സാധ്യതയും ഇത് കാണിക്കുന്നു.
തറയില്‍ നീണ്ടു നിവര്‍ന്നിരുന്നു കാലിലെ വിരലുകളില്‍ തൊടാന്‍ നോക്കൂ. അതിനു ഒട്ടും സാധിച്ചില്ലെങ്കില്‍ ഹൃദയസംബന്ധരോഗങ്ങളെ നിങ്ങള്‍ ഭയക്കണം. നോര്‍ത്ത് ടെക്‌സാസ് സര്‍വകലാശാലയില്‍ നടന്നൊരു പഠനം പറയുന്നത് ഫ്‌ലെക്‌സിബിള്‍ ആയ ശരീരം സൂചിപ്പിക്കുന്നത് ഫ്‌ലെക്‌സിബിള്‍ ആയ ഹൃദയധമനികളെ ആണത്രേ.
ഒരു നാലു നില കെട്ടിടത്തിലേക്ക് വേഗത്തില്‍ ലിഫ്റ്റ് ഉപയോഗിക്കാതെ സ്റ്റെപ് കയറി നോക്കൂ. ശ്വാസതടസ്സം ഇല്ലാതെ അത് നിങ്ങള്‍ക്ക് സാധിക്കുന്നെങ്കില്‍ ഭയക്കേണ്ട. അല്ലെങ്കില്‍ നിങ്ങള്‍ ഹൃദ്രോഗത്തെയും കാന്‍സര്‍ രോഗത്തെയും ഒരല്‍പം ഭയക്കണം.
https://www.facebook.com/Malayalivartha