കുട്ടികള്‍ക്ക് നേരെയുള്ള പീഡനം ; മാതാപിതാക്കള്‍ കരുതിയിരിക്കുക
കുട്ടികളോടുള്ള ലൈംഗിക ദുഷ്പെരുമാറ്റം സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യാന്‍ നമ്മിലാരുംതന്നെ ആഗ്രഹിക്കില്ല. ആ ചിന്തതന്നെ മാതാപിതാക്കള്‍ക്കു താങ്ങാവുന്നതിലും അപ്പുറമാണ്! പക്ഷേ അത് ഭീകരവും ദുഃഖപൂര്‍ണവുമായ ഒരു യാഥാര്‍ഥ്യമാണ്. കുട്ടികളില്‍ അത് ഉളവാക്കുന്ന ഫലം അങ്ങേയറ്റം വിനാശകരവുമാണ്.
നിങ്ങളുടെ ജീവിതാനുഭവങ്ങള്‍ ഒന്നു മിനുസപ്പെടുത്തിയെടുത്ത് കുട്ടിയുടെ സംരക്ഷണാര്‍ഥം ഉപയോഗിച്ചാല്‍ മതി. ലൈംഗിക ചൂഷണത്തില്‍നിന്നു കുട്ടിയെ സംരക്ഷിക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്വം മാതാപിതാക്കളുടേതാണ്; കുട്ടിയുടേതല്ല. അതുകൊണ്ട് കുട്ടികളെ ബോധവത്കരിക്കുന്നതിനുമുമ്പ് മാതാപിതാക്കള്‍ ഇതു സംബന്ധിച്ച് ബോധവാന്മാരായിരിക്കണം.
നിങ്ങള്‍ ഒരു മാതാവോ പിതാവോ ആണെങ്കില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്. കുട്ടികളെ ചൂഷണം ചെയ്യുന്ന വിരുതന്മാര്‍ ആരാണെന്നും അവര്‍ എങ്ങനെയാണ് അതു ചെയ്യുന്നതെന്നും നിങ്ങള്‍ മനസ്സിലാക്കിയിരിക്കണം. ഈ ആഭാസന്മാരെക്കുറിച്ചു ചിന്തിക്കുമ്പോള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്ന അപരിചിതരുടെ മുഖമാണു പലപ്പോഴും അച്ഛനമ്മമാരുടെ മനസ്സില്‍ തെളിയുന്നത്. അത്തരം ദുഷ്ടന്മാരുണ്ട് എന്നതിനു സംശയമില്ല. വാര്‍ത്താമാധ്യമങ്ങള്‍ മിക്കപ്പോഴും അതു നമ്മുടെ ശ്രദ്ധയില്‍പ്പെടുത്താറുണ്ടല്ലോ? എന്നാല്‍ അത്തരക്കാര്‍ താരതമ്യേന ചുരുക്കമാണ്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണത്തിന്റെ ഏകദേശം 90 ശതമാനം കേസിലും കുട്ടിക്ക് അറിയാവുന്ന, അവനു വിശ്വാസമുള്ള വ്യക്തികളാണു വില്ലന്മാര്‍ എന്നറിയുക.
നിങ്ങളോട് അടുപ്പമുള്ള ഒരു അയല്‍ക്കാരനോ അധ്യാപകനോ ആരോഗ്യരംഗത്തെ ഒരു പ്രവര്‍ത്തകനോ കോച്ചോ ബന്ധുക്കളോ ഒന്നും നിങ്ങളുടെ കുട്ടിയെ നശിപ്പിക്കുമെന്നു വിശ്വസിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കില്ല. സത്യത്തില്‍ മിക്കവരും അത്തരക്കാരല്ല. അതുകൊണ്ടുതന്നെ ചുറ്റുമുള്ള എല്ലാവരെയും സംശയദൃഷ്ടിയോടെ കാണേണ്ടതില്ല. സാധാരണഗതിയില്‍ ലൈംഗികാഭാസന്മാര്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്നു മനസ്സിലാക്കുന്നതു കുട്ടിയെ സംരക്ഷിക്കാന്‍ നിങ്ങളെ സഹായിക്കും.
അവരുടെ തന്ത്രങ്ങളെക്കുറിച്ച് അറിയുകവഴി, സംരക്ഷണത്തിന്റെ പ്രാഥമിക ഉറവായി വര്‍ത്തിക്കാന്‍ നിങ്ങള്‍ക്കു കഴിയും. ഉദാഹരണത്തിന് മുതിര്‍ന്നവരെക്കാള്‍ കുട്ടികളോട് ലൈംഗിക താത്പര്യം ഉള്ള ഒരു വ്യക്തി നിങ്ങളുടെ അയല്‍പക്കത്തോ പരിചയത്തിലോ ഉണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമെങ്കില്‍, നിങ്ങളുടെ കുട്ടിക്കു അയാള്‍ പ്രത്യേക ശ്രദ്ധ നല്‍കുകയോ അവനെ നോക്കാന്‍ മുന്നോട്ടു വരുകയോ പുറത്തുകൊണ്ടുപോകാന്‍ മനസ്സു കാണിക്കുകയോ ഒക്കെ ചെയ്യുന്നെങ്കില്‍, അവരുടെമേല്‍ ഒരു കണ്ണുവേണം. ഏതുസമയത്തും കുട്ടിയുടെ അടുത്ത് നിങ്ങള്‍ വരാനിടയുണ്ടെന്ന് അങ്ങനെയുള്ളവര്‍ക്ക് ഒരു തോന്നല്‍ നല്‍കുക. ഉദാഹരണത്തിന് സംഗീതം പഠിപ്പിക്കാന്‍ വീട്ടിലെത്തുന്ന അധ്യാപകനാണ് അയാളെങ്കില്‍, കുട്ടി ക്ലാസ്സില്‍ അടങ്ങിയിരിക്കുന്നുണ്ടോ എന്ന് ഞാന്‍ ഇടയ്ക്കിടെ വന്ന് നോക്കിക്കോളാം എന്നൊന്ന് പറഞ്ഞുവയ്ക്കാം. അരുതാത്തത് എന്തെങ്കിലും സംഭവിച്ചിട്ട് ദുഃഖിക്കുന്നതിനെക്കാള്‍ ഭേദമാണ് അത്.
കുട്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അവന്റെ സുഹൃദ്ബന്ധങ്ങളിലും പഠനകാര്യങ്ങളിലും താത്പര്യമെടുക്കണം. സ്‌കൂളില്‍നിന്നോ കൂട്ടുകാരൊന്നിച്ചോ വിനോദയാത്രകള്‍ക്ക് പോകാന്‍ കുട്ടി പരിപാടിയിട്ടാല്‍ അതു സംബന്ധിച്ച എല്ലാ വിശദാംശങ്ങളും അന്വേഷിച്ചറിയുക. 33 വര്‍ഷം ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്ത ഒരു മാനസികാരോഗ്യ വിദഗ്ധന്‍ പറയുന്നത് മാതാപിതാക്കള്‍ ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ തടയാമായിരുന്ന ധാരാളം കേസുകള്‍ അദ്ദേഹത്തിന്റെ മുന്നില്‍ വന്നിട്ടുണ്ട് എന്നാണ്. ലൈംഗിക ചൂഷണത്തിനു പിടിക്കപ്പെട്ട ഒരു വ്യക്തി ഇപ്രകാരം പറഞ്ഞതായി അദ്ദേഹം ഉദ്ധരിക്കുന്നു: ''അച്ഛനമ്മമാര്‍തന്നെയാണ് അവരുടെ കുട്ടികളെ ഞങ്ങള്‍ക്കു തരുന്നത് . . . അവര്‍ എനിക്ക് കാര്യം എളുപ്പമാക്കിത്തന്നു.'' മിക്ക പീഡകരും എളുപ്പത്തില്‍ ഇരയാക്കാനാകുന്ന കുട്ടികളെയാണ് താത്പര്യപ്പെടുന്നത്. എന്നാല്‍ മാതാപിതാക്കളുടെ നല്ല ശ്രദ്ധ ലഭിക്കുന്ന കുട്ടികളെ വലയിലാക്കാന്‍ ബുദ്ധിമുട്ടാണ് എന്നറിയുക.
മറ്റുള്ളവര്‍ എങ്ങനെ പ്രതികരിക്കുമെന്ന നാണക്കേടും പേടിയും ഓര്‍ത്ത് കുട്ടികള്‍ പലപ്പോഴും പീഡിപ്പിക്കപ്പെടുന്ന കാര്യം പുറത്തു പറയാറില്ല. അതുകൊണ്ട് ചെറിയൊരു സൂചനയെങ്കിലും ഉണ്ടോയെന്നറിയാനായി നല്ലൊരു ശ്രോതാവായിരിക്കുക. നിങ്ങളെ ഉത്കണ്ഠാകുലരാക്കുന്ന എന്തെങ്കിലും കുട്ടി പറയുന്നപക്ഷം ചോദ്യങ്ങളിലൂടെ അവന്റെ ഉള്ളറിയാന്‍ ശ്രമിക്കുക. ശാന്തത കൈവിടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഏതെങ്കിലും ഒരു വ്യക്തിയുടെ പരിപാലനത്തിലായിരിക്കാന്‍ ഇഷ്ടമില്ലെന്നു കുട്ടി പറഞ്ഞാല്‍ കാരണം ചോദിക്കുക. മുതിര്‍ന്ന ഒരാള്‍ അവനോടൊപ്പം ചില പ്രത്യേക കളികളില്‍ ഏര്‍പ്പെടാറുണ്ടെന്ന് അവന്‍ പറയുന്നു എന്നിരിക്കട്ടെ. ''ഏതുതരം കളി? എന്താണ് അയാള്‍ ചെയ്യുന്നത്?'' എന്നു കുട്ടിയോടു ചോദിക്കാവുന്നതാണ്. ആരെങ്കിലും ഇക്കിളിപ്പെടുത്തിയെന്ന് അവന്‍ പരാതിപ്പെട്ടാല്‍, ''എവിടെയാണ് ഇക്കിളിയാക്കിയത്?'' എന്നു ചോദിക്കുക. കുട്ടിയുടെ മറുപടി നിസ്സാരമായി തള്ളിക്കളയാന്‍ വരട്ടെ. ഞാന്‍ ഇങ്ങനെ നിന്നോട് ചെയ്‌തെന്ന് നീ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന് ആഭാസന്മാര്‍ കുട്ടികളോടു പറയും. ദുഃഖകരമെന്നു പറയട്ടെ, പലപ്പോഴും അതാണ് സംഭവിക്കുന്നതും. ലൈംഗികോപദ്രവത്തിനു വിധേയമായ ഒരു കുട്ടിയെ മാതാപിതാക്കള്‍ വിശ്വസിക്കുകയും പിന്താങ്ങുകയും ചെയ്യുന്നത് ചൂഷണത്തിന്റെ വൈകാരിക ഫലങ്ങളില്‍നിന്നു പുറത്തുവരാന്‍ വലിയ സഹായമാകും.
ലൈംഗികതയെക്കുറിച്ച് ഒന്നുമറിയാത്ത ഒരു കുട്ടിയെ തന്നാല്‍ എനിക്ക് ഒരു ഇരയെ തന്നുകഴിഞ്ഞു നിങ്ങള്‍, എന്ന് ഒരു ലൈംഗികാഭാസന്‍ പറഞ്ഞതായി ഒരു പ്രസിദ്ധ കൃതിയില്‍ പ്രസ്താവിക്കുന്നുണ്ട്. ഭീകരമായ ആ വാക്കുകള്‍ അച്ഛനമ്മമാര്‍ക്ക് ഒരു ഓര്‍മക്കുറിപ്പാണ്. ലൈംഗികതയെക്കുറിച്ച് അറിവില്ലാത്ത കുട്ടികളെ കബളിപ്പിക്കാന്‍ എളുപ്പമാണ്. അതുകൊണ്ട് കുട്ടിയുടെ സുരക്ഷ മുന്‍നിര്‍ത്തി ഈ സുപ്രധാന വിഷയത്തെക്കുറിച്ച് അവര്‍ക്ക് പറഞ്ഞുകൊടുക്കണം. പക്ഷേ എങ്ങനെയാണ് അതു ചെയ്യേണ്ടത്? ലൈംഗികത സംബന്ധിച്ച് കുട്ടികളോടു സംസാരിക്കുന്നത് പരിഭ്രമം ഉളവാക്കുന്നതാണെന്നാണ് മിക്ക മാതാപിതാക്കളുടേയും അഭിപ്രായം. കുട്ടിക്ക് അത് അതിനെക്കാള്‍ പരിഭ്രമജനകമായിരിക്കും; അവന്‍ അതേക്കുറിച്ചു നിങ്ങളോടു സംസാരിക്കാന്‍ സാധ്യതയില്ല. അതുകൊണ്ട് നിങ്ങള്‍തന്നെ മുന്‍കയ്യെടുക്കുക.
കുട്ടിയോട്, ലിംഗം സ്വകാര്യവും അവന്റേതുമാത്രവും ആണെന്നും, അതൊരു കളിപ്പാട്ടമല്ലെന്നും മമ്മിക്കോ ഡാഡിക്കോ ഡോക്ടര്‍ക്കുപോലുമോ അവന്റെ സമ്മതമില്ലാതെ തൊടാവുന്ന ഒരു വസ്തുവല്ല അതെന്നും പറയാം. അവനെ ഡോകടറെ കാണിക്കാന്‍ കൊണ്ടുപോകുമ്പോള്‍, അദ്ദേഹം ചിലപ്പോള്‍ അവിടെ തൊടുമെന്നും ആ ഭാഗത്തിന് അസുഖങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പുവരുത്താനാണ് ഡോക്ടര്‍ അങ്ങനെ ചെയ്യുന്നതെന്നും, അവസരം ഉണ്ടായാല്‍ അവനോട് പറയാം.
ഇടയ്ക്കിടെ കുട്ടിക്ക് ഇത്തരം കാര്യങ്ങള്‍ പറഞ്ഞുകൊടുക്കേണ്ടത് മാതാവും പിതാവും ചേര്‍ന്നാണ്. അരുതാത്ത വിധത്തില്‍ ആരെങ്കിലും സ്പര്‍ശിക്കുകയോ തന്നെ ശല്യപ്പെടുത്തുകയോ ചെയ്താല്‍ അക്കാര്യം തങ്ങളോടു പറയുന്നതില്‍ ഒരു മടിയും വിചാരിക്കരുതെന്ന് കുട്ടിയോടു പറയണം. എല്ലാ മാതാപിതാക്കളും കുട്ടികളുമായി ഇതുപോലുള്ള സംഭാഷണങ്ങളില്‍ ഏര്‍പ്പെടാനാണ് ശിശുപരിപാലനവും സംരക്ഷണവുമായി ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധര്‍ പ്രോത്സാഹിപ്പിക്കുന്നത്. ഇന്നത്തെ ലോകത്ത്, അരുതാത്ത വിധത്തില്‍ കുട്ടികളെ സ്പര്‍ശിക്കാനും കുട്ടികള്‍ തിരിച്ചു സ്പര്‍ശിക്കാനും ആഗ്രഹിക്കുന്ന ആളുകള്‍ ഉണ്ടെന്ന് കുട്ടികള്‍ അറിയണം. ഈ മുന്നറിയിപ്പുകള്‍ കുട്ടികളെ ഭയപ്പെടുത്തുകയോ മുതിര്‍ന്ന എല്ലാവരെയും അവിശ്വസിക്കാന്‍ ഇടയാക്കുകയോ ചെയ്യേണ്ടതിനല്ല.
അനുസരണത്തെക്കുറിച്ച് ഒരു സന്തുലിത വീക്ഷണം ഉണ്ടായിരിക്കാനും കുട്ടിയെ പഠിപ്പിക്കണം. കുട്ടിയെ പഠിപ്പിക്കേണ്ട പ്രധാനപ്പെട്ടതും പ്രയാസമേറിയതുമായ ഒരു പാഠമാണ് അനുസരണം. മുതിര്‍ന്ന ഏതൊരാളും എന്തു പറഞ്ഞാലും എപ്പോഴും അനുസരിക്കണമെന്നാണ് കുട്ടിയെ പഠിപ്പിച്ചിരിക്കുന്നതെങ്കില്‍ അത്തരം കുട്ടികള്‍ ആഭാസന്മാരുടെ വലയിലാകാന്‍ സാധ്യതയുണ്ട്. പറയുന്നതെന്തും അനുസരിക്കുന്ന കുട്ടികളെ ആഭാസന്മാര്‍ പെട്ടെന്നു ശ്രദ്ധിക്കും. അനുസരണം ആപേക്ഷികമാണെന്ന് ബുദ്ധിയുള്ള മാതാപിതാക്കള്‍ കുട്ടികളെ പഠിപ്പിക്കും.
മാത്രമല്ല, നിങ്ങളോടു പറയരുതാത്ത ഒരു രഹസ്യവും കുട്ടിക്ക് ഉണ്ടാകരുതെന്ന് അവനോടു പറയുക. എന്തെങ്കിലും കാര്യം നിങ്ങളില്‍നിന്നു മറച്ചുവെക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അക്കാര്യം നിങ്ങളെ അറിയിക്കണമെന്ന് കുട്ടിയോടു പറയണം. അവരെന്തു പറഞ്ഞിട്ടുണ്ടെങ്കിലും, ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിലും, അവന്‍തന്നെ തെറ്റായ എന്തെങ്കിലും ചെയ്തിട്ടുള്ളതിനെ കുറിച്ചാണെങ്കിലും മമ്മിയോടോ ഡാഡിയോടോ പറയണം എന്നു കുട്ടിയോടു പറയുക.
നിങ്ങള്‍ അടുത്തില്ലാത്ത സാഹചര്യം മുതലെടുക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ സ്വീകരിക്കാനാകുന്ന ചില ലളിതമായ നടപടികളെക്കുറിച്ച് കുട്ടിയെ പഠിപ്പിക്കാം. അതിനു സാധാരണ നിര്‍ദേശിക്കാറുള്ള ഒരു മാര്‍ഗം കളിയാണ്. ''ഇങ്ങനെ സംഭവിച്ചാല്‍ എന്തു ചെയ്യും?'' എന്നതുപോലുള്ള ചോദ്യങ്ങള്‍ കുട്ടികളോടു ചോദിക്കാനാകും. അവര്‍ ഉത്തരം പറയട്ടെ. ''മാര്‍ക്കറ്റില്‍വെച്ച് നമ്മള്‍ കൂട്ടംവിട്ടുപോയെന്നു കരുതുക. നീ എങ്ങനെ എന്നെ കണ്ടുപിടിക്കും?'' നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഉത്തരം കുട്ടി പറയണമെന്നില്ല; എന്നാല്‍ ''ചെയ്യാനാകുന്ന ഇതിനെക്കാള്‍ സുരക്ഷിതമായ മറ്റെന്തെങ്കിലുമുണ്ടെന്നു നിനക്കു തോന്നുന്നുണ്ടോ?'' എന്നതുപോലെ കൂടുതല്‍ ചോദ്യങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.
ആരെങ്കിലും അരുതാത്ത വിധത്തില്‍ തൊടാന്‍ ശ്രമിച്ചാല്‍ എന്താണു ചെയ്യേണ്ടത് എന്നു കുട്ടിയോടു ചോദിക്കുന്നതിനും സമാനമായ ചോദ്യങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. അത്തരം ചോദ്യങ്ങള്‍ കുട്ടിയെ പരിഭ്രമിപ്പിക്കുമെങ്കില്‍ മറ്റൊരു കുട്ടിയുടെ കഥയാക്കി പറയാന്‍ സാധിക്കും. ഉദാഹരണത്തിന്: ''ഒരു കൊച്ചു പെണ്‍കുട്ടി അവള്‍ക്ക് ഇഷ്ടപ്പെട്ട ഒരു ബന്ധുവിനോടൊപ്പമാണ് എന്നു കരുതുക. പെട്ടെന്ന് അയാള്‍ അവളുടെ ശരീരത്തില്‍ അരുതാത്ത ഒരിടത്ത് തൊടുന്നു. സംരക്ഷണത്തിനായി അവള്‍ എന്തു ചെയ്യണമെന്നാണ് നീ കരുതുന്നത്?' എന്നു ചോദിക്കാം.
മേല്‍പ്പറഞ്ഞതുപോലുള്ള ഒരു സാഹചര്യത്തില്‍ എന്തു ചെയ്യാനാണു നിങ്ങള്‍ കുട്ടിയെ പഠിപ്പിക്കേണ്ടത്? ''ഉറച്ച ശബ്ദത്തില്‍ 'വേണ്ട!' 'അങ്ങനെ ചെയ്യരുത്!' 'എന്നെ വിടൂ!' എന്നൊക്കെ പറയുമ്പോള്‍ പീഡകന്‍ പിന്മാറുന്നതിനോ തിരഞ്ഞെടുത്തിരിക്കുന്ന ഇരയെക്കുറിച്ച് രണ്ടാമതൊന്നു ചിന്തിക്കുന്നതിനോ് ഇടയാക്കിയേക്കാം. ദുഃഖകരമെന്നു പറയട്ടെ, ലൈംഗിക പീഡനങ്ങളില്‍ അധികവും നടക്കുന്നത് കുടുംബബന്ധങ്ങളുടെ പരിധികള്‍ക്കുള്ളില്‍ തന്നെയാണ്. അതുകൊണ്ട് അച്ഛന്‍, വളര്‍ത്തച്ഛന്‍, പുരുഷന്മാരായ ബന്ധുക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ കുട്ടിയെ പരിപാലിക്കുന്ന എല്ലാവരേയും, അനുസരിക്കേണ്ടവരുടെ ലിസ്റ്റില്‍പെടുത്തി കുട്ടിയുടെ മുമ്പില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് നിങ്ങളും ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിയ്ക്കും.
https://www.facebook.com/Malayalivartha