പ്രതീക്ഷകള്‍ പാതിവഴിയില്‍ കൊഴിഞ്ഞത് 13 തവണ, 14-ാം തവണ അത്ഭുതശിശു!
മക്കളെ കൊലപ്പെടുത്തുന്ന മാതാപിതാക്കളുടെ കഥകളും മറ്റും, ഒരു കോണില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, മറ്റൊരു വശത്ത് അമ്മയാകാനുള്ള ആശ സഫലമാകാന്‍ എന്ത് ബുദ്ധിമുട്ട് സഹിക്കാനും തയ്യാറാകുന്ന സ്ത്രീജന്മങ്ങളും ഉണ്ട് എന്നത് മാതൃത്വം ഒരു പുണ്യപദവി ആണെന്ന് കരുതുന്നവരുടെ വംശം അന്യം നിന്നു പോയിട്ടില്ല എന്നതിന്റെ ശൂഭസൂചനയായി കാണാം. ഇതാ, സന്താന സൗഭാഗ്യം നേടാന്‍ കൊതിച്ച ഒരു ഇംഗ്ലണ്ടുകാരി യുവതിയുടെ പരിശ്രമങ്ങളുടെ കഥ കേള്‍ക്കൂ!
ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡില്‍ടണ്‍ സ്വദേശികളാണ് ലൂറ-ഡേവിഡ് ദമ്പതികള്‍. ലൂറ വര്‍സ്ലി നാലുതവണ ഗര്‍ഭം ധരിച്ചു. നാലും അലസിപ്പോയി. ഗര്‍ഭത്തിന്റെ 17 മുതല്‍ 20 ആഴ്ചയ്ക്കുള്ളില്‍, അതായത് ഗര്‍ഭത്തിന്റെ നാലിനും അഞ്ചിനും മാസത്തിനിടയിലാണ് ഗര്‍ഭമലസലുകള്‍ എല്ലാം നടന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ലൂറയ്ക്ക് ഇങ്ങനെ സംഭവിക്കുന്നതെന്ന് മാത്രം ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
അതുകൊണ്ട് ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡില്‍ടണ്ണിലുള്ള പ്രഫസര്‍ സിയോബന്‍ ക്യൂന്‍ബേയുടെ, ബയോമെഡിക്കല്‍ റിസേര്‍ച്ച് റീപ്രൊഡക്ടീവ് ഹെല്‍ത്തിലേയ്ക്ക് ലൂറയെ റഫര്‍ ചെയ്തു. അവിടെ വച്ചാണ് ആന്റിഫോസ്ഫോള്‍ഡ് ലിപിഡ് എന്ന അവസ്ഥയും സ്റ്റിക്കി ബ്ലെഡ് സിന്‍ഡ്രോമും, ലൂറക്ക് ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ഗര്‍ഭധാരണത്തിന് തടസമുണ്ടാക്കുന്നതാണ് ഈ രണ്ട് അവസ്ഥകളും.
ഇവ പരിഹരിക്കുന്നതിനുള്ള ചികിത്സകള്‍ തുടങ്ങി. ചികിത്സകള്‍ നടക്കുന്നതിനിടെ ലൂറ ഗര്‍ഭം ധരിച്ചു. ഒന്നും രണ്ടും തവണയല്ല, പിന്നീട് ഒന്‍പതു തവണ കൂടി ലൂറ ഗര്‍ഭം ധരിച്ചു. പക്‌ഷേ അതൊക്കെ, എപ്പോഴത്തേയും പോലെ പരാജയമായി മാറി. തന്റെ മുഖത്തേയ്ക്ക് നോക്കി 'അമ്മേ' എന്നു വിളിക്കാനുള്ള ആള്‍ ഇതാവും എന്ന് ഓരോ തവണ ഗര്‍ഭവതി ആകുമ്പോഴും ലൂറ പ്രതീക്ഷിച്ചു. പക്ഷേ ഏതാനും ആഴ്ചകളോളം മാത്രം വളരുന്ന ആ പ്രതീക്ഷകള്‍ അവള്‍ക്ക് കടുത്ത നിരാശ സമ്മാനിച്ചുകൊണ്ട് പാതിവഴിയില്‍ വച്ച് പൊലിഞ്ഞുപൊയ്‌ക്കൊണ്ടേയിരുന്നു!
പിന്നീട്, അമ്മയാവുക എന്ന സ്വപ്നത്തേ കുറിച്ച് ചിന്തിക്കാന്‍ തന്നെ മനസ്സിന് കരുത്തില്ലാതായി. ഒരു കൊച്ചുപ്രതീക്ഷ നാമ്പെടുക്കുന്നത് നിരാശയ്‌ലേയ്ക്ക്, തന്നെ തള്ളിയിടുവാന്‍ വേണ്ടി മാത്രമാണെന്ന് ലൂറയ്ക്ക് തോന്നിത്തുടങ്ങി.
അതുകൊണ്ട് 14-ാമത്തെ തവണ ഗര്‍ഭവതി ആയപ്പോള്‍ അവള്‍, ഒന്നും പ്രതീക്ഷി
ക്കാതിരിക്കാന്‍ മനസ്സിനെ പരിശീലിപ്പിക്കയായിരുന്നു. ഇതും പരാജയപ്പെടുന്നതിനപ്പുറം, എങ്ങനെ, എന്ത് എന്നൊന്നും ചിന്തിക്കാന്‍ അവള്‍ക്ക് വയ്യായിരുന്നു. എന്നാല്‍ അതിന്റെയൊന്നും ആവശ്യം ഉണ്ടായില്ല. അത്ഭുതമെന്ന പോലെ 14-ാം തവണ ലൂവയുടെയും ഡേവിഡിന്റെയും ശ്രമം വിജയം കണ്ടു. ഗര്‍ഭം ഏഴര മാസം വളര്‍ന്നപ്പോഴാണ് ലൂറയ്ക്ക് അടിയന്തര സിസേറിയന്‍ ആവശ്യമായി വന്നത്.
ലൂറ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. വെറും 750 ഗ്രാം മാത്രമായിരുന്നു ലിവ എന്ന് അവര്‍ പേരിട്ട ആ കുഞ്ഞിന്റെ ഭാരം. ബോധം തെളിഞ്ഞപ്പോള്‍ കുഞ്ഞ് ലിവയുടെ ചിത്രം ഡേവിഡ് ലൂറയ്ക്ക് കാണിച്ചു കൊടുത്തു. താന്‍ അമ്മയായി എന്ന സത്യം അവള്‍ക്ക് അപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. നിയോ നേറ്റല്‍ ഐസിയുവില്‍ 11 ആഴ്ചകള്‍ കിടന്ന ശേഷമാണ് ലിവ സാധാരണ കുട്ടികളുടെ ശരീരഭാരത്തിലേയ്ക്ക് എത്തിയത്.
13 ഗര്‍ഭമലസലുകള്‍ക്ക് ശേഷം ജനിച്ച തന്റെ മകള്‍ പോരാളിയായ ഒരു അത്ഭുതശിശുവാണെന്നാണ് ലൂറ പറയുന്നത്.
https://www.facebook.com/Malayalivartha