പഴങ്കഞ്ഞി പ്രിയരെ സയന്റിസ്റ്റ് ഉപദേശിക്കുന്നു, പഴങ്കഞ്ഞി കഴിക്കാതിരിക്കുന്നത്ആണ് ഉത്തമം!
സ്ലൈഗോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ നാനോ ടെക്‌നോളജി ആന്‍ഡ് ബയോ എഞ്ചിനീയറിംഗ് വിഭാഗം മേധാവിയും, ലീഡ് സയന്റിസ്റ്റും അയര്‍ലണ്ടിലെ ആരോഗ്യ വിദഗ്ദ സമിതിയുടെ ചെയര്‍മാനുമായ സുരേഷ് സി പിള്ള പഴങ്കഞ്ഞിയെ സംബന്ധിച്ച് ഒരു കുറിപ്പെഴുതി. അതിങ്ങനെയാണ്:
പഴങ്കഞ്ഞി പ്രേമികള്‍ എല്ലാവരും കണ്ടു കാണും, നമ്മുടെ പഴങ്കഞ്ഞിയ്ക്ക് ഏറ്റവും നല്ല പ്രഭാത ഭക്ഷണത്തിനുള്ള യുണെസ്‌കോയുടെ അവാര്‍ഡ് കിട്ടിയതായി അറിയിച്ചുകൊണ്ടുള്ള ആ whatsapp മെസ്സേജ്. ആദ്യം തന്നെ പറയട്ടെ, പഴങ്കഞ്ഞിക്ക് UNESCO യുടെയോ UN ന്റെയോ ഏറ്റവും നല്ല പ്രഭാത ഭക്ഷണം എന്നൊരു അവാര്‍ഡ് കിട്ടിയിട്ടേ ഇല്ല. ഒരു ഹോക്‌സ് മെസ്സേജ് ആണത്. ആരോ, ഫോട്ടോഷോപ്പ് ചെയ്തുണ്ടാക്കിയ സര്‍ട്ടിഫിക്കറ്റ് ആണ് UNESCO യുടെ ആ പഴങ്കഞ്ഞി സര്‍ട്ടിഫിക്കറ്റ്.
ആ മെസ്സേജില്‍ പറഞ്ഞിരിക്കുന്ന ഗുണങ്ങള്‍ പഴംകഞ്ഞിക്കില്ല എന്ന് മാത്രമല്ല, ചിലപ്പോള്‍ ഫുഡ് പോയ്‌സണ്‍ വരാനും സാധ്യത ഉണ്ട്. ഹോട്ടലുകളില്‍ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഉണ്ടാക്കുന്ന തണുത്ത ഭക്ഷണം വഴി ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ വേറെ.
അപ്പോള്‍ എന്താണ് യഥാര്‍ത്ഥ പ്രശ്‌നം എന്നറിയണമല്ലോ?
മിക്കവാറും എല്ലാ തരം അരിയിലും ബാസിലസ് സിറിയസ് എന്ന ബാക്റ്റീരിയയുടെ സ്‌പോറുകള്‍ അഥവാ ബീജകോശങ്ങള്‍ ഉണ്ടാവും. ബാ സിലസ് സിറിയസ് എന്ന ബാക്ടീരിയ ഉല്‍പ്പാദിപ്പിക്കുന്ന ടോക്‌സിന്‍, ഭക്്ഷ്യവിഷബാധ ഉണ്ടാക്കുന്നവയാണ്. ചോറിലും, ഫ്രൈഡ് റൈസിലും ഈ ബാക്ടീരിയ മൂലം ഭക്ഷ്യ വിഷബാധ ഉണ്ടായത് പലപ്പോളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും ഉണ്ട് എന്നറിയുക.
ചോറ് പാകപ്പെടുത്തുമ്പോള്‍ ബാസിലസ് സിറിയസിന്റെ സ്‌പോറുകള്‍ ചാവാറില്ല. കാരണം സ്‌പോറുകള്‍ക്ക് ഉയര്‍ന്ന താപ നിലയിലും നശിക്കാതെ ഇരിക്കുവാന്‍ പറ്റും. അതുകൊണ്ട് ചൂട് ചോറ് കഴിച്ചാല്‍ പ്രശ്‌നമില്ല, ഈ സ്‌പോറുകള്‍ നമുക്ക് പ്രശ്‌നം ഉണ്ടാക്കില്ല. അത് വിഷവും അല്ല. പക്ഷെ, ചോര്‍/ കഞ്ഞി എന്നിവ തണുക്കുമ്പോള്‍, ഈ സ്‌പോറുകള്‍ വളര്‍ന്ന് ബാക്ടീരിയ ആവും. സമയം കൂടും തോറും, ഈ ബാക്റ്റീരിയകള്‍ പെരുകി, അവയില്‍ നിന്നും ഉണ്ടാവുന്ന ടോക്‌സിനുകള്‍ ചോറിനെ വിഷമയം ആക്കും. ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് പറയുന്നത് വേവിച്ച ചോറ്, കഞ്ഞി എന്നിവ ഫ്രിഡ്ജിനുള്ളില്‍ അല്ലാതെ വയ്ക്കുന്ന നേരമെല്ലാം, ഭക്ഷ്യയോഗ്യം അല്ലാത്ത അവസ്ഥയിലേക്കുള്ള മാറ്റം അതിന് വന്നുകൊണ്ടിരിക്കും എന്നാണ്.
അപ്പോള്‍ പഴങ്കഞ്ഞി ചൂടാക്കിയാലോ? ചൂടാക്കിയാല്‍ ബാക്ടീരിയ നശിക്കും. എങ്കിലും അതിലെ വിഷം നശിക്കില്ല. അതാണ് തണുത്ത ചോറ് വീണ്ടും ചൂടാക്കി ഉപയോഗിക്കരുത് എന്ന് പറയുന്നതത്രേ. അപ്പോള്‍ സ്വാഭാവികമായി ഉയര്‍ന്നേക്കാവുന്ന ഒരു ചോദ്യമാണ്, അരിയില്‍ എന്ത് കൊണ്ടാണ് ഈ സ്‌പോറുകള്‍ വളര്‍ന്നു ബാക്ടീരിയ ആവാത്തത് എന്ന്?
അരി ഡ്രൈ ആണ്, അതില്‍ സ്‌പോറുകള്‍ക്ക് വളര്‍ന്നു ബാക്ടീരിയ ആവാനുള്ള ജലാംശം ഇല്ല എന്നതു തന്നെയാണ് കാരണം. ചോറ് പാകം ചെയ്തു കഴിഞ്ഞും നശിക്കാത്ത സ്‌പോറുകള്‍, കഞ്ഞിയില്‍ അടങ്ങിയിരിക്കുന്ന ജലാംശത്തില്‍ വളരാന്‍ തുടങ്ങും.
എന്റെ ചേട്ടാ, പതിനാറു വര്‍ഷമായി പഴങ്കഞ്ഞി കഴിക്കുന്ന ആളാണ് ഞാന്‍, എന്നോടാണോ ഈ പറയുന്നത് എന്നു ചോദിക്കാനാവുന്ന ആരെങ്കിലും ഉണ്ടോ? അവരോടായി ഒരു കാര്യം പറയാം.
രോഗം വരുത്താന്‍ ശേഷിയുള്ള ചെറുജീവികള്‍ക്ക് വളരാനുള്ള സാദ്ധ്യതകള്‍ പഴങ്കഞ്ഞിയില്‍ ഉണ്ട് എന്നാണ് മുകളില്‍ പറഞ്ഞത്. അതാണ് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് പറയുന്നതും. പഴങ്കഞ്ഞി നൂറുശതമാനം സുരക്ഷിതം അല്ല, അപകടങ്ങള്‍ പലേടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭാഗ്യം കൊണ്ട് നിങ്ങള്‍ക്ക് ഇതുവരെ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല, അത്രേ ഉള്ളൂ എന്ന പറയാനാവൂ. പത്തു വര്‍ഷം സീറ്റ് ബെല്‍റ്റിടാതെ കാര്‍ ഓടിച്ചു, അപകടം വന്നില്ലല്ലോ എന്ന് പറയുന്ന പോലെയേ ഉള്ളൂ അതത്രേ.
നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് പറയുന്ന നിര്‍ദ്ദേശങ്ങള്‍ എന്തൊക്കയെന്ന് ശ്രദ്ധിക്കാം.
ചോറ്/കഞ്ഞി എന്നിവ കഴിവതും ഉണ്ടാക്കിയ ഉടനെ കഴിക്കുക. ഉടനെ കഴിക്കാന്‍ പറ്റിയില്ലെങ്കില്‍ ഒരു മണിക്കൂര്‍ പുറത്തു വച്ച് ചൂട് കുറഞ്ഞതിനുശേഷം ഫ്രിഡ്ജില്‍ വയ്ക്കുക. ഫ്രിഡ്ജില്‍ വയ്ക്കുന്ന ചോറ് ഒരു ദിവസത്തിനകം ചൂടാക്കി കഴിക്കാം. ഫ്രിഡ്ജില്‍ നിന്നെടുത്ത ചോറ് ആവി പറക്കുന്നതു വരെ അതായത് steaming hot എന്ന അവസ്ഥ വരെ ചൂടാക്കണം.ഒന്നില്‍ കൂടുതല്‍ തവണ ചോറ് ചൂടാക്കി ഉപയോഗിക്കരുത്.
ചുരുക്കത്തില്‍ പഴങ്കഞ്ഞി കഴിക്കണം എന്ന് നിര്‍ബന്ധം ഉണ്ടെങ്കില്‍, വൃത്തിയായി വീട്ടില്‍ ഉണ്ടാക്കി ഫ്രിഡ്ജില്‍ വച്ച പഴങ്കഞ്ഞി കുടിച്ചാല്‍ റിസ്‌ക് അധികം ഉണ്ടാവില്ല. പഴങ്കഞ്ഞി കഴിക്കാതെ ഇരിക്കുന്നതാണ് ഉത്തമം. ഒരിക്കലും, ഹോട്ടലുകളില്‍ നിന്നോ വഴിയോര കടകളില്‍ നിന്നോ ഒരു കാരണവശാലും പഴങ്കഞ്ഞി കുടിക്കരുത്. പ്രത്യേകിച്ചും അസുഖങ്ങള്‍ പടരുന്ന കാലങ്ങളില്‍.
https://www.facebook.com/Malayalivartha