വൈറല്‍ ആര്‍ത്രൈറ്റിസ്; വൈറല്‍ പനിക്കുശേഷമുള്ള സന്ധിവേദന
വൈറല്‍ പനിയ്ക്കുശേഷം സന്ധികളില്‍ അനുഭവപ്പെടുന്ന നീര്‍ക്കെട്ടും വേദനയും പലരേയും അലട്ടുന്ന പ്രശ്നമാണ്. പനി മാറിയാലും സന്ധിവേദന തുടരുന്നു.
വൈറല്‍ രോഗബാധയെത്തുടര്‍ന്ന് സന്ധികളിലുണ്ടാകുന്ന ഈ നീര്‍വീക്കവും വേദനയുമാണ് വൈറല്‍ ആര്‍ത്രൈറ്റിസ്. ഈ അവസ്ഥ കുട്ടികളെ അപേക്ഷിച്ച് മുതിര്‍ന്നവരെയാണ് കൂടുതലും ദുരിതത്തിലാക്കുന്നത്. മുണ്ടിവീക്കം, ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ വൈറല്‍രോഗബാധയെ തുടര്‍ന്നും സന്ധിവേദന ഉണ്ടാകാറുണ്ട്.
സന്ധിവാതരോഗങ്ങള്‍ പലതുണ്ടെങ്കിലും വൈറല്‍ ആര്‍ത്രൈറ്റിസ് ആണ് ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണപ്പെടുന്നത്. വൈറല്‍ രോഗങ്ങള്‍ ഏതു നിമിഷവും പടര്‍ന്നു പിടിക്കാനുള്ള സാധ്യത ഉള്ളതാണ്. കൂടാതെ വൈറല്‍ രോഗങ്ങളെ തടയുന്നതും അത്ര എളുപ്പവുമല്ല.
വൈറസ് അണുബാധയിലൂടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം തകരാറിലാകുന്ന അവസ്ഥയാണ് വൈറല്‍ ആര്‍ത്രൈറ്റിസ്. വൈറല്‍ പനികളുടെയെല്ലാം ഭാഗമായി വൈറല്‍ ആര്‍ത്രൈറ്റിസ് ഉണ്ടാകാം. ആര്‍ത്രൈറ്റിസ് ഉള്ള വ്യക്തികളില്‍ ചിക്കുന്‍ ഗുനിയപോലുള്ള പനികള്‍ പിടികൂടുമ്പോള്‍ വേദനയുടെ തോതും കൂടും.
പനിയ്ക്കുശേഷം മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന വേദനയും നീര്‍ക്കെട്ടുമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. അരയ്ക്കു താഴേയ്ക്കുള്ള സന്ധികളിലാണ് വേദന കൂടുതലായും അനുഭവപ്പെടുന്നത്. കൈകാലുകളിലെ ചെറിയ സന്ധികള്‍, മണിബന്ധം, ഇടുപ്പ്, നടുവ്, കണങ്കാല്‍ തുടങ്ങിയ ഭാഗങ്ങളിലാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. വൈറല്‍ ആര്‍ത്രൈറ്റിസ് ഉള്ളവര്‍ക്ക് വിരലുകള്‍ മടക്കാന്‍ ബദ്ധിമുട്ട് അനുഭവപ്പെടും.
ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിച്ച് രോഗശമനം നല്‍കുകയാണ് ഇതിന്റെ ചികിത്സയുടെ ഭാഗമായി ആയുര്‍വേദത്തില്‍ ചെയ്യുന്നത്. മധ്യവയസ് പിന്നിട്ടവരില്‍, ശാരീരിക പ്രത്യേകതകള്‍കൊണ്ട് രോഗത്തിന് ശാശ്വതമായ ശമനം ലഭിക്കണമെന്നില്ല. കിടത്തിചികിത്സ നടത്തുന്നതും വേദനയ്ക്ക് ആശ്വാസം ലഭിക്കുന്നതും ഓരോരുത്തരുടെയും ശാരീരികാവസ്ഥ അനുസരിച്ചാണ് . കിഴി, അഭ്യംഗം, പിഴിച്ചില്‍ തുടങ്ങിയ ചികിത്സകള്‍ ചെയ്യാവുന്നതാണ്.
വൈറല്‍ ആര്‍ത്രൈറ്റിസിന്റെ ചികിത്സയില്‍ ജീവിതക്രമത്തില്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. സന്ധിവേദനയ്ക്കൊപ്പം കൈകാലുകളില്‍ നീരുള്ളവര്‍ തൈരിന്റെ ഉപയോഗം കുറയ്ക്കണം. ഒരു പാത്രം ചൂടാക്കി, ഒരു തോര്‍ത്ത് മൂന്നോ നാലോ ആയി മടക്കിയത് വേദനയുള്ള ഭാഗത്ത് ഇട്ടതിനു ശേഷം ചൂടായ പാത്രം അവിടെ എടുത്തുവയ്ക്കാവുന്നതാണ്. തണുത്ത ആഹാരവും തോടുള്ള മീനുകളും തീര്‍ത്തും ഒഴിവാക്കണം. പഴയതും വീണ്ടും ചൂടാക്കിയതുമായ ഭക്ഷണം കഴിക്കരുത്.
ആയുര്‍വേദ ചികില്‍സയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം. ശരീരം മുഴുവന്‍ ഔഷധമിട്ട് കാച്ചിയ എണ്ണ തേച്ച് കുളിക്കണം. സന്ധികള്‍ക്ക് അയവ് കിട്ടാന്‍ ഇത് സഹായിക്കും. എണ്ണ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞുവേണം കുളിക്കേണ്ടത്. ഇന്ദുകാന്തം കഷായം, ച്യവനപ്രാശം, ഖോരോചനാദി ഗുളിക എന്നിങ്ങനെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്ന മരുന്നുകള്‍ കഴിക്കുക. എണ്ണയില്‍ വറുത്തവ, ബേക്കറി സാധനങ്ങള്‍, കോക്കോ ചേര്‍ന്ന വിഭവങ്ങള്‍ ഇവ ഒഴിവാക്കണം. മത്സ്യമാംസാദികള്‍ കഴിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ വറുത്തു കഴിക്കാതെ കറിയായി കഴിക്കുക. തഴുതാമ, ജീരകം, കരിങ്ങാലി ഇവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുക, കമ്മ്യൂണിസ്റ്റുപച്ചയിട്ട് തിളപ്പിച്ച വെള്ളംകൊണ്ട് വേദനയുള്ള ഭാഗത്ത് ധാര കോരുക, ഉമ്മത്തിന്റെ ഇല അരച്ച് പുകച്ചിലും നീരും ഉള്ള ഭാഗത്ത് കെട്ടിവയ്ക്കുക, മുരിങ്ങയില, പുളിയില, വാതംകൊല്ലി ഇവ ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക എന്നിവയൊക്കെ വൈറല്‍ ആര്‍ത്രൈസിന്റെ ബുദ്ധിമുട്ടുകള്‍ക്ക് ലാഘവം ഉണ്ടാക്കും. പ്രായമുള്ളവര്‍ സ്റ്റെപ്പ് കയറുക, തൂത്തുവാരുക, അലക്കുക തുടങ്ങിയ ആയാസമുള്ള ജോലികള്‍ ചെയ്യുന്നത് കുറയ്ക്കുകയും വേണം.
വൈറല്‍ ആര്‍ത്രൈറ്റിസിന്റെ ഫലമായി സന്ധികളില്‍ ഉണ്ടാകുന്ന വേദനയുടെ തീക്ഷ്ണത കുറയ്ക്കാന്‍ വ്യായാമങ്ങള്‍ സഹായിക്കും. ചികിത്സയ്ക്കുശേഷം ലഘുവായ വ്യായാമങ്ങള്‍ ചെയ്തു തുടങ്ങാം. കൈകളില്‍ നന്നായി തൈലം തേച്ചുപിടിപ്പിച്ച ശേഷം ചെറുചൂടുവെള്ളത്തില്‍ മുക്കിവച്ച് വിരലുകള്‍ ചലിപ്പിക്കുക, കഴുത്ത് വശങ്ങളിലേക്ക് ചലിപ്പിക്കുക, കാല്‍വിരലുകളില്‍ നിന്ന് പൊങ്ങുകയും താഴുകയും ചെയ്യുക, കിടന്നുകൊണ്ട് മുട്ട് നിവര്‍ത്തുകയും മടക്കുകയും ചെയ്യുക എന്നീ വ്യായാമങ്ങള്‍ സന്ധികളില്‍ ഉണ്ടാകുന്ന വേദനയുടെ തീക്ഷ്ണത നന്നായി കുറയ്ക്കും.
https://www.facebook.com/Malayalivartha