പ്രളയത്തിനിടെ വിട്ടുപോന്ന വീട്ടിലേക്ക് തിരികെ വരുമ്പോള്‍...
ആദ്യമായി വീട്ടിലേക്കു മടങ്ങുമ്പോള്‍ കുട്ടികളെ കൂട്ടരുത്. വേദനാജനകമായ കാഴ്ചകള്‍ അവരില്‍ മാനസികാഘാതം ഉണ്ടാക്കും. രാത്രിയില്‍ പോകുന്നത് ഒഴിവാക്കുക. ഗേറ്റ് തള്ളിത്തുറക്കുന്നതിനു മുന്‍പു മതിലിനു തകരാര്‍ ഉണ്ടോയെന്ന് പരിശോധിക്കണം. ചുമരുകളുടെയും മേല്‍ക്കൂരയുടെയും ബലം പരിശോധിക്കുക. വഴിയിലും മുറ്റത്തും കനത്തില്‍ ചെളിയുണ്ടെങ്കില്‍ അതിലൂടെ നടക്കുന്നത് ഒഴിവാക്കുക.
പരിസരത്തു മനുഷ്യരുടെയും മൃഗങ്ങളുടെയും ജഡം ഉണ്ടെങ്കില്‍ തൊടരുത്. വീടിനകത്തും പുറത്തും ഇഴജന്തുക്കള്‍ ഉണ്ടോയെന്നു നിരീക്ഷിക്കണം.സാധ്യമെങ്കില്‍ ജനാലകള്‍ പുറത്തുനിന്നു തുറക്കുക. വീടു തുറന്ന ഉടനെ അകത്തേയ്ക്ക് കയറരുത്. അല്‍പസമയം കഴിഞ്ഞുമാത്രം ഉള്ളിലേക്കു പ്രവേശിക്കുക. ഉള്ളിലേക്കു കടക്കും മുന്‍പ് മെയിന്‍ സ്വിച്ച് ഓഫ് ചെയ്യണം. വൈദ്യുതോപകരണങ്ങളുടെ പ്ലഗ് ഊരിയിടുക. ഗ്യാസ് സിലിണ്ടര്‍ അടയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
വീട്ടില്‍ കയറിയ ഉടന്‍ ലൈറ്റര്‍, സിഗരറ്റ്, മെഴുകുതിരി എന്നിവ കത്തിക്കരുത്. അസ്വാഭാവിക ഗന്ധം ഉണ്ടോയെന്ന് ശ്രദ്ധിക്കുക.
വീടു വൃത്തിയാക്കുമ്പോള്‍ മാസ്‌ക്, കയ്യുറ എന്നിവ ഉപയോഗിക്കണം. അല്ലെങ്കില്‍ മൂക്കും വായും തുണികൊണ്ടു മറയ്ക്കണം.
ജലജന്യ രോഗങ്ങളായ കോളറ, ടൈഫോയ്ഡ്, വയറുകടി, മഞ്ഞപ്പിത്തം, എലിപ്പനി എന്നിവ പടരാനുള്ള സാധ്യത കൂടുതലായതിനാല്‍ ഉപയോഗത്തിന് ശുദ്ധജലം ഉണ്ടെന്ന് ഉറപ്പുവരുത്തുക.
കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ വഴി ശുദ്ധിയാക്കണം. ഇതിനുള്ള ബ്ലീച്ചിങ് പൗഡര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പഞ്ചായത്ത് സ്ഥാപനങ്ങളിലും ലഭിക്കും. കുപ്പിവെള്ളമാണെങ്കിലും തിളപ്പിച്ച് ഉപയോഗിക്കുക.
മുറ്റത്തോ പറമ്പിലോ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൂടുതല്‍ നേരം നിന്നാല്‍ എലിപ്പനി സാധ്യത വര്‍ധിക്കും.
കുപ്പിച്ചില്ല് ഉള്‍പ്പെടെ വസ്തുക്കളില്‍ നിന്നു മുറിവേറ്റാല്‍ വിദഗ്ധ ചികിത്സ തേടണം. തണുപ്പുള്ളതിനാല്‍ ദാഹം കുറവായിരിക്കും. ദാഹം ഇല്ലെങ്കിലും കുറഞ്ഞത് 2 ലീറ്റര്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.
https://www.facebook.com/Malayalivartha