കുട്ടികളെ മിടുക്കരാക്കാം
പുതിയ അധ്യായനവര്‍ഷത്തിന്റെ ആദ്യഘട്ടം കഴിയാറായി. ആവേശത്തിമിര്‍പ്പിലാണ് പലരും. പക്ഷേ, ഈ ആരവങ്ങള്‍ക്കിടയിലും മൂടിക്കെട്ടിയ മുഖവുമായി ഒതുങ്ങിക്കൂടിവരെ കാണാം. പല കാരണങ്ങള്‍കൊണ്ട് ആത്മവിശ്വാസക്കുറവിന്റെ ആള്‍മറ തീര്‍ത്ത് ഒറ്റപ്പെടുന്നവരാണവര്‍. 'ഉഴപ്പന്മാര്‍' എന്ന് മുദ്രചാര്‍ത്തി ക്ലാസ് മുറിയില്‍ മാറ്റിനിര്‍ത്തപ്പെടുന്നവര്‍.
ബുദ്ധിശക്തിയും ഓര്‍മ്മശക്തിയുമൊക്കെ വേണ്ടത്ര ഉണ്ടായിരുന്നിട്ടും തളര്‍ന്നുപോകുന്നവര്‍. ഇവരെ കണ്ടെത്തി മുന്‍നിരയിലെത്തിക്കേണ്ടതുണ്ട്. ആത്മവിശ്വാസം നേടിക്കൊടുക്കേണ്ടതുണ്ട്. അതില്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും തുല്യ പങ്കാണുള്ളത്.
ഓരോ സാഹചര്യങ്ങളെയും അഭിമുഖികരിക്കാന്‍ കുട്ടികള്‍ക്ക് കരുത്ത് ലഭിക്കുന്നത് ജീവിതത്തില്‍ അവര്‍ നേടിയെടുക്കുന്ന ആത്മവിശ്വാസത്തിലൂടെയാണ്. പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ വളരെ ചെറുപ്പത്തില്‍ തന്നെ പരിശീലനം ലഭിക്കുന്നവരാണ് ആത്മവിശ്വാസത്തോടെ ഭാവിയില്‍ നേട്ടങ്ങള്‍ കൊയ്യുന്നത്.
കുഞ്ഞുങ്ങള്‍ വളരുന്നതനുസരിച്ച് ജീവിത മൂല്യങ്ങളെക്കുറിച്ച് അറിവു പകരണം. അതിലൂടെ നല്ല വ്യക്തികളായി, ആത്മവിശ്വാസമുള്ളവരായി ഭാവിയില്‍ വിജയത്തിലേക്ക് കുതിച്ചുയരാന്‍ കുട്ടികള്‍ക്ക് സാധിക്കുന്നു. ഒരു കുട്ടി സ്വയം രൂപപ്പെടുത്തിയെടുക്കുന്ന ചിന്തകളാണ് അവന്റെ ആത്മവിശ്വാസം രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത്. കുട്ടികളില്‍ ആത്മവിശ്വാസം നിറയ്ക്കാന്‍ സഹായിക്കുന്ന പ്രധാന ഘടകം മാതാപിതാക്കളാണ്. അവരുടെ ശ്രദ്ധയും കരുതലുമാണ് കുട്ടികളെ ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ പഠിപ്പിക്കുന്നത്.
കുഞ്ഞുങ്ങള്‍ക്ക് ശാരീരികമോ മാനസികമോ ആയ കുറവുകളോ പഠനവൈകല്യങ്ങളോ ഉണ്ടെങ്കില്‍ അതു മനസിലാക്കി അംഗീകരിക്കാനും സ്നേഹിക്കാനും മാതാപിതാക്കള്‍ തയാറാകണം. കുറവുകള്‍ മാത്രം എടുത്തു പറഞ്ഞ് കുട്ടികളെ മാനസികമായി തളര്‍ത്താതെ, അവരിലെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്.
കുട്ടികള്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ക്കുപോലും അവരെ അഭിനന്ദിക്കുക. അവര്‍ എന്തു നല്ല കാര്യം ചെയ്താലും അവ എത്ര ചെറുതാണെങ്കിലും അഭിനന്ദിക്കാന്‍ മറക്കരുത്. ഇത് കുട്ടികളില്‍ ആത്മവിശ്വാസം നിറയ്ക്കുവാനും വീണ്ടും നല്ല പ്രവര്‍ത്തികള്‍ ചെയ്യാനും പ്രേരണയാകും.
യാഥാര്‍ഥ്യ ബോധത്തോടെ ജീവിതത്തെ കാണുവാനുള്ള അറിവ് കുട്ടികള്‍ക്ക് പകര്‍ന്ന് കൊടുക്കേണ്ടത് അത്യാവശ്യമാണ്. ജീവിതം എങ്ങനെയായിരിക്കും എന്തായിരിക്കും എന്നുള്ള കാര്യങ്ങളെ നേരത്തെതന്നെ പറഞ്ഞു മനസിലാക്കിക്കൊടുക്കുക. കുട്ടികളുടെ കഴിവുകള്‍ കണ്ടെത്താനും വളര്‍ത്താനും സഹായിക്കുക. കഴിവുകള്‍ മെച്ചപ്പെടുത്താന്‍ അവസരങ്ങള്‍ ഒരുക്കി കൊടുക്കുക.
കൊച്ചുകൊച്ചു തീരുമാനങ്ങളെടുക്കാന്‍ കുട്ടികളെ അനുവദിക്കണം. ഏതു വസ്ത്രം ധരിക്കണം, ഏതു ആഭരണം അണിയണം എന്നിങ്ങനെയുള്ള തീരുമാനങ്ങള്‍ സ്വയം എടുക്കാന്‍ അവരെ പ്രേരിപ്പിക്കണം. ഭാവിയില്‍ ജീവിതത്തിലെ പല കാര്യങ്ങളിലും ആത്മവിശ്വാസത്തോടെ തീരുമാനമെടുക്കാന്‍ ബാല്യത്തില്‍ ലഭിക്കുന്ന ഈ പരിശീലനം സഹായിക്കും.
കുട്ടികളെ ഒരിക്കലും വേദനിപ്പിക്കുന്ന കടുത്ത വാക്കുകള്‍ ഉപയോഗിച്ച് കുറ്റപ്പെടുത്തരുത്. 'ഇവന് കഴിവില്ല, പഠിക്കാന്‍ ബുദ്ധിയില്ല, മറ്റു കുട്ടികളെ കണ്ട് പഠിക്ക്' എന്നിങ്ങനെയുള്ള കുറ്റപ്പെടുത്തലുകള്‍ പാടില്ല. അത് കുട്ടികളെ മാനസികമായി തളര്‍ത്തും.
വീട്ടിലെ ചെറിയ ജോലികള്‍ കുട്ടികളെ ഏല്‍പ്പിക്കുക. അവരില്‍ ഉത്തരവാദിത്തബോധം വളര്‍ത്താന്‍ ഇത് സഹായിക്കും. ഏല്‍പ്പിച്ച ജോലി ഭംഗിയായി പൂര്‍ത്തിയാക്കുമ്പോള്‍ അതില്‍ സംതൃപ്തിയും കൂടുതല്‍ ജോലികള്‍ മികവോടെ ചെയ്യാനുള്ള ആത്മവിശ്വാസവും ലഭിക്കും.
കൂട്ടുകാര്‍ക്കൊപ്പം പുറത്തുപോയി കളിക്കാന്‍ കുട്ടികളെ അനുവദിക്കുക. അതിന് മാതാപിതാക്കള്‍ തടസം നില്‍ക്കരുത്. പഠനത്തോട് ഒപ്പം തന്നെ കളിക്കാനുള്ള സഹാചര്യങ്ങളും ഒരുക്കികൊടുക്കുക. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ചിലപ്പോള്‍ കായികരംഗത്ത് കഴിവ് ഉണ്ടാവാം. കളികള്‍ കുട്ടികള്‍ക്ക് ജീവിതപാഠങ്ങള്‍ കൂടിയാണ് പകരുന്നത് എന്നറിയുക. വിജയിക്കണം എന്ന ചിന്ത, ലക്ഷ്യബോധം, കൂട്ടുത്തരവാദിത്തം, മറ്റുള്ളവരുടെ ജയത്തിലും പരാജയത്തിലും പങ്കുചേരാനുള്ള മനസ് ഇവയെല്ലാം രൂപപ്പെടുന്നത് കൂട്ടായുള്ള കളികളിലൂടെയാണ്.
മാതാപിതാക്കളുടെ തിരക്കേറിയ ജീവിതത്തില്‍ കുട്ടികളോടൊപ്പമുള്ള സമയം കുറവായിരിക്കും. കുട്ടികളുടെ കൂടെ ചിലവഴിക്കാന്‍ സമയവും സാഹചര്യവും കണ്ടെത്താന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒഴിവ് സമയങ്ങളില്‍ കുട്ടികളോടൊപ്പം പുറത്തു പോകുക, സമൂഹത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അവബോധം നല്‍ക്കുക, മറ്റുള്ളവരുമായി നല്ല രീതിയില്‍ ഇടപഴകാന്‍ പഠിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നത്‌വഴി ജീവിത പ്രതിസന്ധികളെ അതിജീവിക്കാന്‍ കുട്ടികള്‍ പഠിക്കും.
കുട്ടികളോട് മാതാപിതാക്കള്‍ 'ത്രീ സ്റ്റെപ്പ് കമ്മ്യൂണിക്കേഷന്‍' രീതിവേണം സ്വീകരിക്കേണ്ടത്. അവരുടെ എല്ലാ ആവശ്യങ്ങളും സാധിച്ചുകൊടുക്കണമെന്നില്ല. എന്നാല്‍ ആവശ്യം കേള്‍ക്കുമ്പോള്‍ തന്നെ 'നോ' പറയാതിരിക്കുക. നോ പറയുന്നതിന് മുമ്പ് ആവശ്യപ്പെട്ട കാര്യത്തിന്റെ മറുവശത്തെക്കുറിച്ച് കുട്ടിക്ക് വ്യക്തമായ ധാരണ നല്‍കുക, വസ്തുതാപരമായ കാരണങ്ങള്‍ വിശദീകരിക്കുക. അതുകഴിഞ്ഞ് വേണം 'ഇല്ല' അല്ലെങ്കില്‍ 'ചെയ്യരുത്' എന്ന് പറയേണ്ടത്. ഇതിലൂടെ കുട്ടിക്ക് തന്റെ ആവശ്യം ശരിയോ തെറ്റോ എന്ന് തിരിച്ചറിയാനുള്ള കഴിവും ലഭിക്കും. കുട്ടികള്‍ മറ്റുള്ളവരുമായി ഇതേ കമ്മ്യൂണിക്കേഷന്‍ രീതിയില്‍ സംസാരിക്കാനും പഠിപ്പിക്കുക.
മറ്റുള്ളവരുടെ മുന്നില്‍ വച്ച് കുട്ടികളെ താഴ്ത്തിക്കെട്ടി സംസാരിക്കുകയോ വിമര്‍ശിക്കുകയോ അരുത്. അപരിചിതരുടെ മുന്നില്‍വച്ച് മാതാപിതാക്കളില്‍ നിന്ന് ശിക്ഷ വാങ്ങിക്കുന്നത് കുട്ടികള്‍ക്ക് അപമാനം ഉണ്ടാക്കും. ഇവ കുട്ടികളെ മാനസികമായി തളര്‍ത്തുകയും ആത്മഹത്യ പോലുള്ള ഗൗരവമായ കാര്യങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
കളികള്‍, ഹോംവര്‍ക്ക്, പ്രോജക്ട് വര്‍ക്കുകള്‍ തുടങ്ങി ഏതു കാര്യത്തിലും മുഴുവന്‍ സഹായവുമായി മാതാപിതാക്കള്‍ നിന്നാല്‍ അത് കുട്ടികളെ പരാശ്രയബോധത്തിലേക്ക് നയിക്കും. എല്ലാക്കാര്യത്തിനും മറ്റുള്ളവരെ ആശ്രയിക്കുന്നത് കുട്ടികളുടെ ആത്മവിശ്വാസം കുറയ്ക്കും. അതിനാല്‍ ഏതു കാര്യവും തനിയെ ചെയ്യാന്‍ അനുവദിക്കുക.
https://www.facebook.com/Malayalivartha