മുടി കൊഴിച്ചിലിന്റെ കാരണവും പ്രതിവിധിയും
കേശാലങ്കാരത്തിന്റെ രീതി, അതിനുപയോഗിക്കുന്ന രാസവസ്തുക്കള്‍, കേശസംരക്ഷണശീലങ്ങള്‍ എന്നിവയ്ക്കു പുറമെ മുടിയുടെ ഘടനാവൈകല്യം, അതിനുണ്ടാകുന്ന ചില രോഗങ്ങള്‍ എന്നിവ കൂടാതെ പല ആന്തരിക രോഗങ്ങളുടെ ലക്ഷണമായും മുടികൊഴിച്ചില്‍ തുടങ്ങാം. മുടി വലിച്ചുകെട്ടുന്ന ശീലം, ഷാംപൂവിന്റെ അമിതമായ ഉപയോഗം, ഞെരുക്കമുള്ള ചീപ്പ്, അടിക്കടിയുള്ള മുടിചീകല്‍, കുളി കഴിഞ്ഞതിനു ശേഷം 'പനി വരാതിരിക്കാനു'ള്ള അമര്‍ത്തി തോര്‍ത്തല്‍ തുടങ്ങിയവ മുടികൊഴിച്ചിലിന് കാരണമാകാവുന്ന ശീലങ്ങളില്‍ ചിലതാണ്. തലയിലെ ചര്‍മത്തിലുണ്ടാകുന്ന താരന്‍, പുഴുക്കടി, തഴമ്പുണ്ടാക്കുന്നതും-അല്ലാത്തതുമായി രോമകൂപത്തിനുണ്ടാകുന്ന നിരവധി രോഗങ്ങള്‍ എന്നിവ മുടികൊഴിച്ചിലുണ്ടാക്കുന്ന കാരണങ്ങളാണ്.
മാനസികസംഘര്‍ഷം മുടികൊഴിച്ചിലിന് കാരണമാകുന്നതുപോലെ ചില മാനസികരോഗങ്ങളും ഇതിനിടയാക്കാം. രോഗിതന്നെ മുടി പിഴുതോ പൊട്ടിച്ചോ കളയുന്ന 'ട്രൈക്കോട്ടിലോമേനിയ' എന്ന രോഗം അപൂര്‍വമായല്ലാതെ കാണുന്നുണ്ട്.
ഭക്ഷണക്രമത്തിലുള്ള കഠിനമായ നിയന്ത്രണങ്ങളും പോരായ്മകളും മുടിയുടെ ആരോഗ്യത്തേയും ബാധിക്കാം. ആഹാരത്തില്‍ മാംസ്യത്തിന്റെയും ഇരുമ്പിന്റെയും അളവ് കുറയുമ്പോള്‍ വളര്‍ച്ചയുടെ ഘട്ടത്തിലുള്ള മുടികള്‍ വിശ്രമാവസ്ഥയിലേക്ക് മാറുകയും ക്രമേണ കൊഴിയുകയും ചെയ്യും. പനി, ഫ്ളൂ തുടങ്ങി പെട്ടെന്നുണ്ടാകുന്ന രോഗങ്ങള്‍, മേജര്‍ ശസ്ത്രക്രിയ, നീണ്ടുനില്‍ക്കുന്ന മറ്റു രോഗങ്ങള്‍ എന്നിവ മുടികൊഴിച്ചിലിന് കാരണമാകാറുണ്ടെങ്കിലും പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ല. കാരണം രോഗം വന്ന് മൂന്നാഴ്ച മുതല്‍ മൂന്നു മാസം വരെ കഴിഞ്ഞാകും മുടികൊഴിച്ചില്‍ അനുഭവപ്പെടുക.
കൗമാരത്തിലും യൗവനത്തിലുമൊക്കെ തലമുടി കൊഴിയുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് തലയിലെ താരന്‍ അഥവാ താരണം തന്നെയാണ്. തലയിലെ ചര്‍മത്തില്‍ നേര്‍ത്ത ശല്‍ക്കങ്ങളും രോമകൂപത്തിനു ചുറ്റും ചുവപ്പും ചൊറിച്ചിലുമായാണ് ഡാന്‍ഡ്രഫ് എന്ന പേരിലറിയപ്പെടുന്ന ഈ രോഗത്തിന്റെ തുടക്കം. ചികിത്സിച്ചാല്‍ നിയന്ത്രിക്കാന്‍ കഴിയുന്ന രോഗമായതുകൊണ്ട് ഇതുമൂലമുണ്ടാകുന്ന മുടികൊഴിച്ചില്‍ താല്‍ക്കാലികമാണ്. രോമകൂപത്തോടു ചേര്‍ന്നുള്ള ചില ഗ്രന്ഥികളുടെ പ്രവര്‍ത്തന വൈകല്യവും ഒരു പ്രത്യേകതരം പൂപ്പല്‍ ബാധയും ഇതിനു കാരണങ്ങളായി പറയപ്പെടുന്നു. ഫംഗസ് ബാധ എന്നു പറഞ്ഞതുകൊണ്ട് ഇത് പുഴുക്കടിയാണ് എന്നു വിവക്ഷയില്ല. പക്ഷേ, തലയിലുണ്ടാകുന്ന ചില പൂപ്പല്‍ രോഗങ്ങള്‍ അഥവാ പുഴുക്കടി മുടികൊഴിച്ചില്‍ ഉണ്ടാക്കാമെന്നതും സത്യമാണ്. ഇത് കൂടുതലും കുട്ടികളിലാണ് കാണുന്നതെങ്കിലും, ഇന്ത്യന്‍ സാഹചര്യങ്ങളില്‍, പ്രത്യേകിച്ച് കേരളത്തില്‍, വളരെ അപൂര്‍വമാണ്.
മുടിയുടെ പ്രശ്നങ്ങള്‍ നിസാരമായി കാണാന്‍ പാടില്ല. അസാധാരണമായ മുടി വളര്‍ച്ചയും കൊഴിച്ചിലും, അല്ലെങ്കില്‍ മുടികള്‍ക്കും തലയോട്ടിയിലും ഉണ്ടാകുന്ന വരള്‍ച്ച, മാറ്റമില്ലാത്ത താരന്‍ ശല്യം തുടങ്ങിയവ ശ്രദ്ധയില്‍ പെടുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ തലയോട്ടി, മുടി എന്നിവയുടെ പ്രശ്‌നങ്ങളില്‍ വൈദഗ്ദ്ധ്യമുള്ള ഒരു ട്രിക്കോളജിസ്റ്റിനെ സമീപിക്കുക. കാരണം ആന്തരികമായ പല പ്രശ്നങ്ങളുടേയും ലക്ഷണമാകാം ഈ കേശ പ്രശ്നങ്ങള്‍. അകാലനര, അറ്റം പിളരല്‍, അമിത എണ്ണമയമുള്ള മുടി തുടങ്ങിയവയെല്ലാം ഈ പ്രശ്നങ്ങളുടെ തുടക്കമാകാം. അതുകൊണ്ട് മുടിയുടെ പ്രശ്നങ്ങള്‍ കാര്യമായി തന്നെ എടുക്കണം.
വിറ്റമിന്‍ എ, സിങ്ക്, പ്രോട്ടീന്‍, അത്യാവശ്യ ഫാറ്റി ആസിഡുകള്‍ എന്നിവയുടെ കുറവിന്റേയും തൈറോയിഡ് പ്രശ്നങ്ങളുടേയുമെല്ലാം ലക്ഷണമായിരിക്കാം വരണ്ട തലമുടി. പരുക്കന്‍ തലമുടി, വിറ്റമിന്‍ എയുടേയും പ്രോട്ടീന്റേയും കുറവിന്റേയോ ഹൈപോ തൈറോയിഡിസത്തിന്റേയോ ലക്ഷണമായിരിക്കാം. എണ്ണമയമുള്ള തലമുടി, സിങ്ക്, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി6 എന്നിവയുടെ കുറവുകളുണ്ടെന്നതിന്റെ ലക്ഷണമായിരിക്കാം. അനീമിയ, ഇരുമ്പ് അംശത്തിന്റെ കുറവ്, വിറ്റമിന്‍ ബി.6, മഗ്‌നീഷ്യം അല്ലെങ്കില്‍ സിങ്ക് എന്നിവയുടെ കുറവുകളുണ്ടെങ്കില്‍ അറ്റം പിളരല്‍ സംഭവിക്കാവുന്നതാണ്.
മാനസിക സമ്മര്‍ദ്ദം, ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ എന്നിവയുടേയും വിറ്റമിന്‍ ബി, കോപ്പര്‍, ഫോളിക് ആസിഡ് എന്നിവയുടെ കുറവുമൂലവും അകാല നര ഉണ്ടാവുന്നതാണ്. താരന്‍ അടക്കം തലയോട്ടിയില്‍ ഉണ്ടാവാറുള്ള പ്രശ്നങ്ങള്‍ ഫംഗസ് ബാധയുടേയും, മാനസിക സമ്മര്‍ദ്ദത്തിന്റേയും പോഷകങ്ങളുടേയും കുറവ് മൂലമോ ആണ്. അതായത് പോഷകങ്ങളുടേ കുറവ് മൂലമുണ്ടായേക്കാവുന്ന അനുബന്ധ രോഗങ്ങളുടെ ലക്ഷണമാകാം നിങ്ങളുടെ മുടയിലുണ്ടാകുന്ന പ്രശ്നങ്ങള്‍. അസാധാരണമായ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ആരോഗ്യ വിദഗ്ദനെ സമീപിക്കണം.
മുടികൊഴിച്ചിലിന് പരിഹാര മാര്‍ഗങ്ങളുമുണ്ട് എന്നതിനാല്‍ മുടികൊഴിച്ചിലിനെ കുറിച്ച് അമിത ആശങ്ക വേണ്ട. ജല മലിനീകരണം, ടെന്‍ഷന്‍, ക്ലോറിനടങ്ങിയ വെള്ളം ഇതെല്ലാം മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളാണ്. മുടി വൃത്തിയായി സൂക്ഷിക്കുക എന്നുള്ളതാണ് മുടികൊഴിച്ചില്‍ തടയാന്‍ പറ്റിയ ഏറ്റവും നല്ല മാര്‍ഗം. മുടി നന്നായി ചീകി തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുക. ഇത് മുടി കൊഴിച്ചിലിനെ ഒരു പരിധിവരെ തടയും.
തലയില്‍ എണ്ണയിടാത്തതാണ് മുടി കൊഴിച്ചിലിന് ഒരു പ്രധാന കാരണം. നമ്മുടെ മുത്തശ്ശിമാര്‍ പറയുന്നത് പോലെ ദിവസവും എണ്ണതേച്ച് കുളിക്കുന്നത് വളരെ നല്ലതാണ്. വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ് മുടി കൊഴിച്ചില്‍ തടയാന്‍ നല്ലത്. വെളിച്ചെണ്ണയില്‍ കുറച്ച് ചെറുനാരങ്ങാ നീര് ചേര്‍ത്ത് തലയോടില്‍ തേച്ച് പിടിപ്പിച്ച ശേഷം നന്നായി മസാജ് ചെയ്യുക. മസാജിന് ശേഷം പിറ്റേന്ന് രാവിലെ തല കഴുകാം. ആവണക്കെണ്ണയാണ് മുടി കൊഴിച്ചിലിന് മറ്റൊരു പരിഹാരം. ആവണക്കെണ്ണ തേനില്‍ ചേര്‍ത്ത് മുടിയില്‍ നന്നായ് മസാജ് ചെയ്യുക. ആഴ്ചയില്‍ ഒരിക്കല്‍ എന്ന രീതിയില്‍ ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ്.
മുഖം എത്ര മനോഹരമായാലും തലമുടിക്കുവേണ്ട സംരക്ഷണം നല്‍്കിയില്ലെങ്കില്‍ നമ്മുടെ സൗന്ദര്യം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടെന്ന് വരില്ല. നമ്മുടെ ഉപേക്ഷകാരണം തലമുടി മോശമായ അവസ്ഥയിലായാല്‍ ആവശ്യാനുസരണം ശ്രദ്ധയും സംരക്ഷണവും നല്കി മുടിയുടെ അവസ്ഥ നന്നാക്കുവാന്‍ നമുക്കു സാധിക്കും. ഇതിനായി മുടി ഏതു തരത്തിലുള്ളതാണ് എന്നു നിശ്ചയിക്കേണ്ടതുണ്ട്. എങ്കിലേ അതിനനുസൃതമായ പരിചരണം അവയ്ക്കു നല്‍കുവാന്‍ നമുക്കു കഴിയൂ.
നാലു തരത്തിലുള്ള മുടികള്‍ ഉണ്ട് 1. സാധാരണമുടി 2. എണ്ണമയമുള്ള മുടി 3. വരണ്ടമുടി 4. ഇവ രണ്ടിന്റെയും (2,3) സ്വഭാവത്തോടുകൂടിയതരം മുടി. ഒരു ടിഷ്യൂപേപ്പറിന്റെ സഹായത്താല്‍ മുടിയുടെ തരം നിശ്ചയിക്കാവുന്നതാണ്. ആദ്യം തലമുടി ഷാമ്പൂ ഉപയോഗിച്ചു വൃത്തിയായി കഴുകി ഉണക്കുക. അടുത്ത ദിവസം ഒരു ടിഷ്യൂപേപ്പര്‍കൊണ്ടു തലയുടെ മദ്ധ്യഭാഗത്തും ചെവികള്‍ക്കു പിന്നിലും അമര്‍ത്തുക. ടിഷ്യൂപേപ്പറില്‍ എണ്ണമയം കണ്ടാല്‍ നിങ്ങള്‍ക്ക് എണ്ണമയമുള്ള മുടിയാണെന്നു മനസ്സിലാക്കാം. മറിച്ചാണെങ്കില്‍ വരണ്ടമുടി അഥവാ ഉണങ്ങിയ മുടി ആണെന്നര്‍ത്ഥം.സാധാരണ ചര്‍മ്മമാണു നിങ്ങളുടേതെങ്കില്‍ സാധാരണമുടിയായിരിക്കും നിങ്ങളുടേത് എന്നതാണു വിദഗ്ധരുടെ വിശ്വാസം. ഇനി ഓരോതരം മുടിയും സംരക്ഷിക്കുന്നതെങ്ങനെയെന്ന് നോക്കാം:
സാധാരണമുടി ആഴ്ചയില്‍ ഒരിക്കല്‍ ഷാമ്പൂ ഉപയോഗിച്ചു കഴുകാം. തലയില്‍ അല്പം ഷാമ്പൂ തേച്ച് വിരലഗ്രമുപയോഗിച്ചു നന്നായി ഉരസുക. ഇങ്ങനെചെയ്യുന്നതിനാല്‍ ഷാമ്പൂ മുടിയുടെ അറ്റംവരെ എത്തുന്നതിനു സഹായകമാകും. മുടിയുടെ അഗ്രം ആവശ്യമില്ലാതെ ഉരസരുത്.
തലമുടി ഒട്ടിപ്പിടിക്കുന്ന തരം എണ്ണമയമുള്ള മുടി ഉണ്ടെങ്കില്‍ 3 ദിവസത്തില്‍ ഒരിക്കല്‍ മുടി നന്നായി കഴുകുക. കഴുകിയില്ലെങ്കില്‍ മുഖത്തു ചെറിയ പാടുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. ആകയാല്‍ കൂടുതല്‍നാള്‍ മുടി കഴുകാതിരിക്കരുത്. നാരങ്ങാചേര്‍ത്തിട്ടുള്ള ഷാമ്പൂവേണം ഉപയോഗിക്കുവാന്‍. ഇതു തേക്കുമ്പോള്‍ തല നന്നായി മസാജ് ചെയ്യണം. മുടി അവസാനമായി കഴുകുമ്പോള്‍ വെള്ളത്തില്‍ അല്പം വിനാഗിരി ഒഴിച്ച് അത് ഉപയോഗിക്കുക. മുടി വൃത്തിയാക്കുവാനിത് ഉപകരിക്കും.
കോമ്പിനേഷന്‍ മുടിയുള്ളവര്‍ അഥവാ വരണ്ട മുടിയുടെയും എണ്ണമയമുള്ള മുടിയുടെയും സ്വഭാവമുള്ള മുടിക്കാര്‍, തലയിലെ ചൊറിച്ചില്‍ അകറ്റാനും ചെളി നീക്കംചെയ്യാനുമായി വൃത്തിയായി കഴുകുക. വരണ്ട കേശാഗ്രത്തില്‍ ഷാമ്പൂ പുരട്ടരുത്. എന്നാല്‍ മറ്റു ഭാഗങ്ങളില്‍ ഷാമ്പൂ ഉപയോഗിക്കുകയും ചെയ്യുക. അവസാനം ഒരു കണ്ടീഷനര്‍ ഉപയോഗിക്കുകയും ചെയ്യുക. വരണ്ട അഗ്രഭാഗം കൂടെക്കൂടെ വെട്ടുവാന്‍ ശ്രദ്ധിക്കുക.
മുടി വരണ്ടതായി തോന്നിയാല്‍ അവയുടെ തിളക്കം കുറയും. വരണ്ടമുടി കൂടക്കൂടെ ചീകേണ്ടതാണ്. ഇത്തരം മുടിക്കു പ്രത്യേകശ്രദ്ധയും പരിപാലനവും ആവശ്യമാണ്. മുടി ചീകുമ്പോള്‍മുടി നന്നായി ഉണങ്ങിയതിനുശേഷമേ ചീകാവൂ. നനവോടെ മുടി ചീകുമ്പോള്‍ മുടിയുടെ അറ്റം വിണ്ടുകീറാന്‍ സാധ്യതയുണ്ട്. ആദ്യം തല താഴേക്കാക്കി ശിരോചര്‍മ്മംമുതല്‍ താഴേക്കു ചീകുക. മുടി ചീകുമ്പോള്‍ തല മുമ്പോട്ടാക്കി ചെരിച്ചുപിടിക്കുക. ഇതു തലയിലേക്കുള്ള രക്തചംക്രമണം കൂട്ടുകയും മുടിവളര്‍ച്ചയ്ക്കു സഹായിക്കുകയും ചെയ്യും. മുടി ചീകുന്നതുമൂലം മുടിയില്‍ സ്വാഭാവികമായുണ്ടാകുന്ന എണ്ണ മുടിയുടെ അറ്റംവരെയെത്തുകയാണു ചെയ്യുന്നത്.
വെളിച്ചെണ്ണയോ ഒലീവെണ്ണയോ ഉപയോഗിച്ചു മുടി നന്നായി തിരുമ്മുക. ഇത് ആഴ്ചയില്‍ 2 തവണയെങ്കിലും ചെയ്യുക. ശിരോചര്‍മ്മത്തില്‍ വിരലുകളുപയോഗിച്ചു വൃത്താകൃതിയില്‍ മസാജ് ചെയ്യുക. ഇനി തിളച്ചവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവ്വല്‍കൊണ്ടു മുടിക്കിടയില്‍ ആവി കയറ്റുക. ഈ ടവ്വല്‍ തലയില്‍ നന്നായി കെട്ടിവയ്ക്കുകയാണു ചെയ്യേണ്ടത്. ഇത് 6-8 തവണ ആവര്‍ത്തിക്കണം.
സ്ത്രീയുടെ സൗന്ദര്യലക്ഷണങ്ങളില്‍ ഒന്ന് തഴച്ചുവളരുന്ന തലമുടി തന്നെ. മുടി തഴച്ചുവളരുമെന്ന് പ്രലോഭിപ്പിച്ച് നൂറുകണക്കിന് എണ്ണകളും ലേപനങ്ങളും മാര്‍ക്കറ്റില്‍ ഇറങ്ങുന്നത് മുടിയുടെ മാസ്മരികതയില്‍ മയങ്ങുന്ന സ്ത്രീയെ ലക്ഷ്യംവച്ചുതന്നെ. കേശസമൃദ്ധിക്ക് തികച്ചും 'നാച്ചുറല്‍' ആയ എന്തെങ്കിലും ഭക്ഷണമോ വീട്ടുമരുന്നുകളോ മറ്റ് പൊടിക്കൈകളോ ഉണ്ടോ എന്നു തിരയാത്തവരുണ്ടാകില്ല. അങ്ങനെയുള്ളവര്‍ സൗന്ദര്യവും ഉള്ളും ഉള്ള മുടിക്കായി ഇതാ കുറച്ച് 'ടിപ്പുകള്‍'കേട്ടോളൂ.
കാരറ്റ്, പഴ വര്‍ഗ്ഗങ്ങള്‍, പാല്‍ ഉത്പന്നങ്ങള്‍, മുട്ട, മത്സ്യം, കരള്‍ എന്നീ വൈറ്റമിന്‍ 'എ' അടങ്ങിയ ഭക്ഷ്യവസ്തുക്കളും വൈറ്റമിന്‍ 'ഇ' ഉള്ള മധുരക്കിഴങ്ങ്, തണ്ണിമത്തന്‍, കാബേജ്, തക്കാളി, ചെറിയും ഇരുമ്പ് അടങ്ങിയ നെല്ലിക്ക, ഇലക്കറികള്‍ എന്നിവയും കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും നല്ലതാണ്. നനഞ്ഞ മുടി ശക്തിയായി ചീകരുത്. കഴിയുന്നതും മുടിയെ തനിയെ ഉണക്കാന്‍ വിടുക. നനഞ്ഞമുടി കെട്ടിവയ്ക്കരുത്.
ചെറുനാരങ്ങ രണ്ടായി മുറിച്ച് പച്ചവെളിച്ചെണ്ണയില്‍ മുക്കി തലയില്‍ അമര്‍ത്തി തിരുമ്മുക. ഇങ്ങനെ ചെയ്ത് ഒരു മണിക്കൂര്‍ മുടി കെട്ടിവയ്ക്കുക. തുടര്‍ന്ന് താളി ഉപയോഗിച്ച് തല കഴുകുക. ഇങ്ങനെ ചെയ്യുന്നത് താരന്‍ ശമിപ്പിക്കും. പിന്നെ മുടി മനോഹരമാക്കാന്‍ പൊടിക്കൈകള്‍ അടുക്കളയില്‍ തന്നെയുണ്ട്. തേങ്ങാപ്പാല്‍ തലയില്‍ തേച്ച് പിടിപ്പിച്ച ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കുളിക്കുക. പുളിച്ച കഞ്ഞിവെള്ളം തലയില്‍ തേക്കുക. ഇവയും താരന്‍ കുറയ്ക്കും. കാല്‍ക്കപ്പ് തേനില്‍ കാല്‍ക്കപ്പ് ഒലിവെണ്ണയെന്ന അനുപാതത്തില്‍ സംയോജിപ്പിക്കുക. മിശ്രിതം മുടിയില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂറിനു ശേഷം കഴുകിക്കളഞ്ഞാല്‍ മുടിക്ക് ജലാംശവും തിളക്കവും ലഭിക്കും.
https://www.facebook.com/Malayalivartha