ആയുര്‍വേദത്തിന്റെ സഹായത്തോടെ മദ്യാസക്തി മറികടക്കാം
ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം ലോക ജനസംഖ്യയുടെ 16 ശതമാനം ജനങ്ങള്‍ മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. 30 ലക്ഷത്തില്‍പരം ജനങ്ങളാണ് മദ്യപാന ജന്യരോഗങ്ങളാല്‍ മരണപ്പെടുന്നത്. ഇന്ത്യയിലാകട്ടെ 2006 - 2016 കാലയളവില്‍ മദ്യത്തിന്റെ ഉപയോഗം രണ്ടു മടങ്ങായി വര്‍ധിച്ചിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടന വിലയിരുത്തുന്നു.
മദ്യത്തെ കുറിച്ചും മദ്യപാനത്തെ കുറിച്ചും മദ്യപാന ജന്യരോഗങ്ങളെക്കുറിച്ചും അവയുടെ ചികിത്സയെക്കുറിച്ചും ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വളരെ വിപുലമായി പ്രതിപാദിച്ചിട്ടുണ്ട്. മദാവസ്ഥ ഉണ്ടാക്കുന്നതും ബുദ്ധിശക്തിയെ നശിപ്പിക്കുന്നതുമായ ഒരു ദ്രവ്യമാണ് മദ്യം. മദ്യത്തിനെ വിഷതുല്യമായ ഗുണങ്ങളുള്ള വസ്തുവായാണ് ആചാര്യന്‍മാര്‍ ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നത്. ഇങ്ങനെയുള്ള മദ്യത്തെ ജിതേന്ദ്രിയനായ ഒരാള്‍ മാത്രമേ കഴിക്കാന്‍ പാടുള്ളൂ. ജിതേന്ദ്രിയനെന്നാല്‍ സര്‍വ ഇന്ദ്രിയങ്ങളേയും നിയന്ത്രിക്കാന്‍ കഴിവുളളവന്‍ എന്നര്‍ഥം. അല്ലാത്തവന്‍ മദ്യത്തിന്റെ ഉപയോഗം നിയന്ത്രിക്കാനാകാതെ അതിന് അടിമയായി മാറുന്നു.
മദ്യം ഉപയോഗിക്കുന്ന എല്ലാ വ്യക്തികളിലും 'മദ്യാസക്തി' ഉണ്ടാകണമെന്നില്ല. ഏതൊരു വ്യക്തിയാണോ, സ്ഥിരമായി, ഉയര്‍ന്ന അളവില്‍ മദ്യം കഴിക്കുന്നത് അയാള്‍ക്ക് മദ്യ ആശ്രിതത്വം അഥവാ ആല്‍ക്കഹോള്‍ ഡിപ്പന്‍ഡെന്‍സ് എന്ന അവസ്ഥ ഉണ്ടാകുന്നു.
അധിക അളവില്‍ നീണ്ട കാലമായി മദ്യം ഉപയോഗിക്കുക, മദ്യത്തിന്റെ അളവ് കുറയ്ക്കാനോ, മദ്യം നിയന്ത്രിക്കാനോ അതിയായ ആഗ്രഹമുണ്ടെങ്കിലും അത് പ്രാവര്‍ത്തികമാക്കുന്നതില്‍ പരാജയപ്പെടുക, വളരെയധികം സമയം മദ്യം നേടിയെടുക്കാനും ഉപയോഗിക്കാനും ചെലവഴിക്കുക, മദ്യ ഉപയോഗം കാരണം മറ്റു കടമകള്‍ നിര്‍വഹിക്കാന്‍ കഴിയാതെ വരിക, സ്ഥിരമായി കഴിക്കുന്ന അതേ അളവില്‍ മദ്യം കഴിച്ചിട്ടും മദാവസ്ഥ ലഭിക്കാതിരിക്കുകയും മദാവസ്ഥ ലഭിക്കുന്നതിന് വേണ്ടി കൂടുതല്‍ അളവ് ഉപയോഗിക്കേണ്ടി വരികയും ചെയ്യുക. മദ്യത്തിന്റെ അളവ് കുറക്കുകയോ മദ്യ ഉപയോഗം നിയന്ത്രിക്കുകയോ ചെയ്യുമ്പോള്‍ മദ്യവിമുക്തജന്യ ലക്ഷണങ്ങള്‍ കാണിക്കുക എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മദ്യ ആശ്രിതത്വം ഉണ്ടെന്ന് മനസിലാക്കാം.
മദ്യപാനശീലങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമ്പോള്‍ കൈകാലുകള്‍ക്കോ ശരീരത്തിനോ വിറയല്‍ അനുഭവപ്പെടുക, അമിതമായി വിയര്‍ക്കുക, ഓക്കാനം വരിക, ഛര്‍ദ്ദിക്കുക, ശരീരത്തില്‍ പാറ്റകളോ, ഉറുമ്പുകളോ ഇഴയുന്ന പോലെയുളളതോ, സൂചി തറക്കുന്നത് പോലെയുളളതോ ആയ തോന്നല്‍ ഉണ്ടാകുക, തലവേദന, വിഷാദാവസ്ഥ, ഉറക്കക്കുറവ് , ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുക, നിഴലുകളും മറ്റും, ചലിക്കുന്നതായി കാണുക, മനസിന്റെ ഏകാഗ്രത നഷ്ടപ്പെടുക, ഒന്നിലും വ്യക്തതയില്ലാതിരിക്കുക, അപസ്മാരരോഗികളില്‍ കാണുന്നതു പോലുളള പലതരം വിഭ്രാന്ത ചേഷ്ടകള്‍ കാട്ടുക എന്നിങ്ങനെയുള്ള ഏതെങ്കിലും കാണാനിടയായാല്‍ പെട്ടെന്നു തന്നെ വൈദ്യസഹായം തേടേണ്ടതാണ്.
ആയുര്‍വേദത്തില്‍ ആചാര്യന്‍മാര്‍ മദ്യപാനരോഗങ്ങളുടെ ചികിത്സയെ ശോധനം, ശമനം എന്നീ തരത്തില്‍ രണ്ടായി തരം തിരിച്ചിട്ടുണ്ട്. ശരീരത്തില്‍ ദോഷങ്ങള്‍ കൂടിയ അവസ്ഥയില്‍ ശരീര ശുദ്ധിക്കായി ശോധന ചികിത്സയും അല്ലാത്ത പക്ഷം ശമന ചികിത്സയുമാണ് ചെയ്യുന്നത്. പ്രാരംഭഘട്ടത്തില്‍ തന്നെ, മദ്യം നിമിത്തം ഉണ്ടായിട്ടുളള അഗ്‌നി മാന്ദ്യത്തിനുള്ള ചികിത്സകളാണ് ചെയ്യുന്നത്.
അതിന് ശേഷം വിഷതുല്യഗുണമുളള മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍ ശരീരത്തില്‍ നിന്ന് നിര്‍മാര്‍ജനം ചെയ്യുന്നതിനായി ശോധന ചികിത്സകളാണ് നടത്തുന്നത്. ഇതിന് വിഹിതങ്ങളായ നെയ്യ് സേവിച്ച് ശരീരത്തെ സജ്ജമാക്കണ്ടേതുണ്ട്.
അതിന് ശേഷം എണ്ണ തേച്ച് ശരീരത്തെ വിയര്‍പ്പിച്ച് വിരേചനം എന്ന ചികിത്സയാണ്. തുടര്‍ന്ന് ശിരസിലെ ദോഷങ്ങളെ പുറത്തു കളയുന്നതിന് നസ്യം എന്ന ചികിത്സയും കൈകൊള്ളേണ്ടതുണ്ട്.
യുക്തമായ ഔഷധങ്ങളും ആഹാരങ്ങളും ചിട്ടകളും കൊണ്ട് ആശുപത്രിയില്‍ കിടത്താതെ ഒ പി രീതിയില്‍ തന്നെ വൈദ്യന് മദ്യപാനത്തെ ചികിത്സിക്കാവുന്നതാണ്. ഇതിനെ ശമന ചികിത്സയെന്ന് അറിയപ്പെടുന്നു.
ഈ ചികിത്സകള്‍ പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ആയുര്‍വേദ രീതിയിലുള്ള സൈക്കോ തെറാപ്പിയായ സത്വാവജയ ചികിത്സ. സത്വാവജയ ചികിത്സയിലൂടെ രോഗത്തെ കുറിച്ചും മദ്യത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും മദ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട ആവശ്യകതയെ കുറിച്ചും രോഗിയെ ബോധവല്‍ക്കരിക്കും.
അതോടൊപ്പം തന്നെ മദ്യത്തിന്റെ ഉപയോഗം വീണ്ടും തുടങ്ങാതിരിയ്ക്കാനുളള പരിഹാരങ്ങള്‍ കൂടി സത്വാവജയ ചികിത്സയിലൂടെ ഉറപ്പിക്കും. കൂടാതെ യോഗ, സ്മൃതി മെഡിറ്റേഷന്‍ മുതലായ റിലാക്സേഷന്‍ ക്രിയകളുമുണ്ട്.
മദ്യപാന ചികിത്സയില്‍ രോഗിയുമായി നല്ല രീതിയിലുളള ബന്ധം പുലര്‍ത്തുന്നതും ക്യത്യമായ തുടര്‍ പരിശോധനകള്‍ നടത്തേണ്ടതും അത്യാവശ്യമാണ്. എന്നാല്‍ മാത്രമേ രോഗപുനരാഗമനം തടയുവാന്‍ സാധിക്കൂ.
https://www.facebook.com/Malayalivartha