പ്രവാസി വീടുപണിയുമ്പോള്‍
സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിന്റെ കേരള കുടിയേറ്റ സര്‍വ്വെ പ്രകാരം 73,000 കോടി രൂപയാണ് കേരളത്തിലെത്തുന്ന പ്രവാസി പണം. ഇതില്‍ 60 ശതമാനത്തോളം അതായത് ഏകദേശം 45,000 കോടി രൂപ ചെലവാക്കപ്പെടുന്നത് നിര്‍മ്മാണ മേഖലയിലാണ്. കേരളത്തിന്റെ നിര്‍മ്മാണ മേഖലയെ താങ്ങി നിര്‍ത്തുന്നതില്‍ വിദേശമലയാളികളുടെ പങ്ക് എത്രയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഒന്നാലോചിച്ചുനോക്ക് മുടക്കുന്ന പണത്തിന് തക്കമൂല്യമുള്ള വീടുകളാണോ പ്രവാസികള്‍ക്ക് ലഭിക്കുന്നത്. വീടുപണിയില്‍ എവിടെയാണ് പ്രവാസിക്ക് പിഴക്കുന്നത്.
സമയമാണ് വില്ലന്‍. ലീവിന് വരുന്ന പ്രവാസിക്ക് നാട്ടില്‍ തങ്ങാനാവുക ഒന്നോ ഏറിയാല്‍ രണ്ടോ മാസമായിരിക്കും. ഇതിനിടയില്‍ ചെയ്തുതീര്‍ക്കേണ്ടവയോ? വീടുപണി ആരംഭിക്കുകയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. പറ്റിയ എഞ്ചിനീയറെയോ, ആര്‍ക്കിടെക്ടിനെയോ കണ്ടുപിടിക്കുക. പ്ലാന്‍ വരയ്ക്കുക, അനുമതിക്കായി ഓഫീസുകള്‍ കയറിയിറങ്ങുക. ഇനി ഭവനവായ്പ ആവശ്യമെങ്കില്‍ അത് തരപ്പെടുത്തുക. ആദ്യഘട്ട വീടുപണിക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുക തുടങ്ങി നെട്ടോട്ടമായിരിക്കും പ്രവാസിയുടേത്. അവസാനം ഒരു കാര്യം പോലും പൂര്‍ത്തിയാക്കാതെ കാര്യങ്ങള്‍ ആരെയെങ്കിലും ഏല്‍പ്പിച്ച് മടങ്ങുകയും ചെയ്യും. അതേ നിവൃത്തിയുള്ളൂ എന്നത് സത്യം. കൃത്യമായ മുന്നൊരുക്കത്തോടെയേ വീടുപണി ആരംഭിക്കാവൂ. ഇത്തരത്തിലുള്ള ധൃതി ദോഷം മാത്രമേ ചെയ്യൂ. ഒരു തവണ അവധിക്കുവന്ന് അത്യാവശ്യ കാര്യങ്ങളൊക്കെ ഒരുക്കിയതിന് ശേഷം അടുത്ത വരവിന് പണി തുടങ്ങുന്നതാവും നല്ലത്.
എഞ്ചിനീയര്‍മാരോ ആര്‍ക്കിടെക്‌ടോ തയ്യാറാക്കുന്ന ഡ്രോയിംഗുകളും സ്‌കെച്ചുകളും മനസിലാക്കിയെടുക്കാനുള്ള സാങ്കേതികജ്ഞാനം സാധാരണക്കാരന് ഉണ്ടാവാറില്ല. എന്നാല്‍ വിദേശത്തുള്ളവര്‍ക്ക് ഇതെന്താണെന്നും നാട്ടിലെന്താണ് നടക്കുന്നതെന്നും ഒരു പിടിയും കിട്ടാത്ത അവസ്ഥയാണ്. പകരം കിട്ടുന്ന വീടാകട്ടെ മനസില്‍ കണ്ടതൊന്ന് കണ്‍മുന്നിലുള്ളത് മറ്റൊന്ന്. ഇതിനൊരൊറ്റ പോംവഴിയേ ഉള്ളൂ. സാങ്കേതികത്തികവും അനുഭവജ്ഞാനവും ഉള്ള ഒരാളെ മേല്‍നോട്ട കാര്യങ്ങള്‍ ഏല്‍പ്പിക്കുക. എഞ്ചിനീയറായാലും ആര്‍ക്കിടെക്ടായാലും മികച്ച പ്രൊഫഷണലുകളെ തിരഞ്ഞെടുക്കുക. അല്ലെങ്കില്‍ പറയുമ്പോഴൊക്കെ പണം കൊടുക്കാനുള്ള കറവപ്പശു മാത്രമായി വീട്ടുകാരന്റെ റോള്‍ മാറുന്നു.
എനിക്കിന്നയിന്ന സൗകര്യങ്ങള്‍ വേണം ഇതെല്ലാം ഉള്‍പ്പെടുത്തിയ ഒരു വീടിന് എത്രരൂപയാകും എന്നാണ് പ്രവാസികളുടെ ചോദ്യം. ഈ മനോഭാവം തന്നെയാണ് ഏറ്റവും മുതലാക്കപ്പെടുന്നതും എന്നാല്‍ ഗള്‍ഫുകാരന്റെ വീട് അങ്ങനെ ചെറുതാക്കാനൊക്കില്ലല്ലോ എന്നാണ് മറുചോദ്യം. സ്ഥലം ഫലപ്രദമായി വിനിയോഗിക്കുക. ചെലവ്കുറഞ്ഞ നിര്‍മ്മാണ മാര്‍ഗങ്ങള്‍ അവലംബിക്കുക. ഇത്തരം അടിസ്ഥാന നിര്‍മ്മാണ തത്വങ്ങള്‍ ഗള്‍ഫുകാരനായതിന്റെ പേരില്‍ വര്‍ജ്ജിക്കാതിരിക്കുക. നിശ്ചിത ബജറ്റില്‍ അത്യാവശ്യ സൗകര്യങ്ങളുള്‍പ്പെടുത്തി താമസിക്കാന്‍ കൊള്ളാവുന്ന ഒരു വീടുണ്ടാക്കുക.
ചിലര്‍ നാട്ടിലേക്ക് തിരിക്കുന്നത് വിദേശത്ത് അവരെ ആകര്‍ഷിച്ച വീടിന്റെ ഒരു ഫോട്ടോയുമായിട്ടായിരിക്കും. 'ഈ വീടാണ് എനിക്ക് വേണ്ടത്' എന്നായിരിക്കും എഞ്ചിനീയര്‍മാരോട് പറയുക. അത് കൊടും ചൂടില്‍നിന്നോ തണുപ്പില്‍ നിന്നോ രക്ഷിക്കാന്‍ പാകത്തിലുള്ള വീടുകളാണെന്നതൊന്നും അവര്‍ക്ക് പ്രശ്‌നമല്ല. വഴിയേ പോകുന്നവര്‍ ഇതുപോലൊരു വീട് എങ്ങും കണ്ടിട്ടില്ല എന്നുപറയണം എന്ന്മാത്രം.
വീടിന് ഒരു സ്വപ്നലോകത്തിന്റെ പരിവേഷം നല്‍കാതിരിക്കുക. വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ നിങ്ങളുടെ സ്വപ്നം പ്രായോഗികമാണോ എന്നുകൂടി ചിന്തിക്കുക. വീടിനെ ഒരു എക്‌സിബിഷന്‍ സെന്ററോ, ഹെറിറ്റേജ് ഹോട്ടലോ ആക്കി മാറ്റാതിരിക്കുക.
https://www.facebook.com/Malayalivartha