വീടുകള്‍ വയോജന സൗഹൃദമാക്കാന്‍
വീടു പണിയുമ്പോള്‍ ഓരോ മുറിയുടെയും ആവശ്യവും ഉപയോഗവും വേര്‍തിരിച്ച് ഡിസൈന്‍ ചെയ്യാറുണ്ട് എല്ലാവരും. മാസ്റ്റര്‍ ബെഡ് റൂം, കിഡ്‌സ് റൂം, ഗസ്റ്റ് റൂം എന്നിങ്ങനെ. എന്നാല്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ പ്രായമായവരെക്കൂടി പരിഗണിക്കുകയാവും ഉചിതം. അവരുടെ സുരക്ഷ മുന്‍നിര്‍ത്തിവേണം തറയും, കുളിമുറിയും കിടപ്പുമുറിയും വെളിച്ചവിതാനവും ഒരുക്കാന്‍. വെളിച്ചക്കുറവ്, പിടിക്കാന്‍ സംവിധാനമില്ലാത്ത ബാത്ത്‌റൂമുകള്‍, നനഞ്ഞ തറ ഇവയെല്ലാം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും അപകടസാധ്യത ഉണ്ടാക്കുന്ന ഘടകങ്ങളാണ്.
മിനുസമുള്ള ടൈലുകളും പോളിഷ് ചെയ്ത ഗ്രാനൈറ്റും മാര്‍ബിളും വീടിനഴകാണെന്നുള്ള കാര്യത്തില്‍ സംശയമില്ല. എന്നാല്‍ മുതിര്‍ന്നവരെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടകരമായ ഘടകമാണിത്. വാക്കറിന്റെ സഹായത്തോടെയും മറ്റും നടക്കുന്നവര്‍ക്ക് തീര്‍ത്തും ആയാസകരമാണ് ഇത്തരം മിനുസമുള്ള തറ. പരുക്കന്‍ ശൈലിയിലുള്ള ടൈലുകള്‍ തിരഞ്ഞെടുത്താല്‍ മതിയാകും ഈ പ്രശ്‌നം പരിഹരിക്കാന്‍.
ലൈറ്റിംഗിന്റെ കാര്യം പ്രതേ്യകം ശ്രദ്ധിക്കണം. വാതില്‍, ഫര്‍ണിച്ചര്‍ മുതലായവയുടെ നിഴല്‍ വീണ് കാഴ്ച മറയുന്ന തരത്തിലുള്ള ലൈറ്റിംഗ് പാടെ ഒഴിവാക്കുക. മുറിക്കുള്ളില്‍, ഇടനാഴികളില്‍, ബാത്ത്‌റൂമില്‍ കാഴ്ച വ്യക്തമാകുന്ന രീതിയിലുള്ള ലൈറ്റുകള്‍ ഉപയോഗിക്കണം. സ്റ്റെയര്‍, ലാന്റിംഗ് എന്നിവിടങ്ങളില്‍ ഇക്കാര്യം പ്രതേ്യകം ശ്രദ്ധിക്കണം.
ഫര്‍ണിച്ചറുകള്‍ തയ്യാറാക്കുമ്പോഴോ വാങ്ങുമ്പോഴോ മുതിര്‍ന്നവര്‍ക്ക് സൗകര്യപ്രദമായ രീതിയിലുള്ളവ തിരഞ്ഞെടുക്കുക. കൈകളും ഹെഡ്‌റെസ്റ്റുമുള്ള കസേരകള്‍, ബെഡിനോട് ചേര്‍ത്തിടാവുന്ന മള്‍ട്ടിപര്‍പ്പസ് ഫര്‍ണിച്ചറുകള്‍ എന്നിവ മുതിര്‍ന്നവര്‍ക്കായി തിരഞ്ഞെടുക്കുക. നടക്കുന്ന വഴികളില്‍ നിന്ന് ഫര്‍ണിച്ചര്‍ മാറ്റിയിടുക. കട്ടിലിന്റെയും ടേബിളുകളുടെയും ഉയരം ശ്രദ്ധിക്കുക. കട്ടിലിനു താഴെ കാര്‍പ്പെറ്റ് ഇടാം. ചാരിയിരിക്കാന്‍ അപ്പ്‌ഹോള്‍സ്റ്ററി ചെയ്ത കട്ടിലുകള്‍ നല്ലതാണ്.
വാതിലുകള്‍ക്കും ജനലുകള്‍ക്കും എളുപ്പത്തില്‍ തുറക്കാനും അടയ്ക്കാനും കഴിയുന്ന പിടികള്‍ വയ്ക്കുക. സ്വിച്ചുകള്‍ വലിപ്പമുള്ളതും പെട്ടെന്ന് ഇടാന്‍ കഴിയുന്നവയും ആകണം. പ്രായമായവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ അപകടം പറ്റാവുന്ന ഏരിയയാണ് സ്റ്റെയര്‍കെയ്‌സ്. ഹാന്‍ഡ്‌റെയില്‍ കര്‍ശനമായും വെക്കുക. വേണ്ടത്ര വെളിച്ചമുണ്ടെന്ന് ഉറപ്പുവരുത്തുക.
എപ്പോഴും നനവുള്ള ഭാഗമായതിനാല്‍ ബാത്ത്‌റൂമില്‍ വീഴാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ വളരെ ശ്രദ്ധ പതിപ്പിക്കേണ്ട ഒരിടമാണ് ബാത്ത്‌റൂമുകള്‍. പരുക്കനായ ടൈലുകള്‍ വേണം ഉപയോഗിക്കാന്‍. കൂടാതെ ടോയ്‌ലറ്റ് ഗ്രബ് ബാറുകളും ആവശ്യമെങ്കില്‍ ഘടിപ്പിക്കുക.
https://www.facebook.com/Malayalivartha