ഭവനവായ്പ എങ്ങനെ
വീടുപണിയുന്ന ഒട്ടുമുക്കാല്‍ഭാഗം പേരും മുഴുവന്‍ കാശും പോക്കറ്റില്‍ സൂക്ഷിച്ചിട്ടല്ല പണി ആരംഭിക്കുക. ഭാവിയില്‍ ഉണ്ടാകുന്ന വരുമാനം കൂടി മുന്നില്‍ക്കണ്ടുകൊണ്ട് വേണം ഈ സ്വപ്ന സാക്ഷാത്കാരത്തിന് ഇറങ്ങിതിരിക്കാന്‍. എന്നാല്‍ വീടുപണിയേണ്ട പണം എങ്ങനെയും കൂടിയേ തീരൂ. ഇവിടെയാണ് ഭവനവായ്പ തുണയ്‌ക്കെത്തുന്നത്. വായ്പകള്‍ പലതരമുണ്ട്. ഭൂമി വാങ്ങാന്‍ തുടങ്ങി ഗൃഹപ്രവേശന ചടങ്ങിനുവരെ വായ്പ ലഭിക്കും. എന്നാല്‍ വായ്പകള്‍ വാങ്ങിക്കൂട്ടും മുന്‍പ് ഇത് തിരിച്ചടക്കാനുള്ള ശേഷി തനിക്കുണ്ടോ എന്ന് തീരുമാനിക്കുന്നത് നന്നായിരിക്കും.
ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വിവിധതരം വായ്പകള്‍ ലഭിക്കുന്നുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയായ വീടു വാങ്ങുന്നതിന്, പഴയ വീട് വലുതാക്കാനും പുനരുദ്ധരിക്കാനും. ഭൂമി സ്വന്തമായി ഉള്ളവര്‍ക്ക് ഇഷ്ടപ്രകാരം വീടുവയ്ക്കുന്നതിനുള്ള വായ്പ, ഭൂമി വാങ്ങാനുള്ള വായ്പ എന്നിങ്ങനെ വായ്പകള്‍ ഒട്ടനവധിയാണ്. വീട് നിര്‍മ്മാണത്തിനനുവദിക്കുന്ന വായ്പ നിശ്ചിത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പാസാക്കുന്നവയാണ്.ഇത്തരം വായ്പകള്‍ വീടുനിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലായി അനുവദിക്കും. ഭൂമി വാങ്ങാന്‍ നല്‍കുന്ന വായ്പയുടെ പ്രതേ്യകത അതൊരു നിബന്ധനയുടെ പുറത്തായിരിക്കും പാസ്സാക്കുക എന്നതാണ്. വായ്പയനുവദിച്ച് 3 വര്‍ഷത്തിനകം വീട് നിര്‍മ്മാണം ആരംഭിച്ചിരിക്കണം എന്നാണ് അത്.
ബാങ്ക് വായ്പ തരും എന്നുകരുതി വീടുപണിയാന്‍ മുതിരരുത്. അപേക്ഷകന്റെ അടിസ്ഥാനപരമായ യോഗ്യതകള്‍ക്ക് പുറമേ കര്‍ശന മാനദണ്ഡങ്ങളും പാലിക്കേണ്ടി വരും.
ഒരു പൗരന് വായ്പ എടുക്കാനുള്ള അടിസ്ഥാന യോഗ്യതകള്‍ ഇവയാണ്.
* ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരനോ വിദേശ ഇന്ത്യാക്കാരനോ ആയിരിക്കണം.
* ഭവനവായ്പ അനുവദിക്കുമ്പോള്‍ 21 വയസ് പൂര്‍ത്തിയായിരിക്കണം.
* വായ്പ കാലാവധി തീരുന്ന അവസരത്തില്‍ 65 വയസില്‍ കൂടാന്‍ പാടില്ല.
* മാസ ശമ്പളക്കാരനോ സ്വയം തൊഴില്‍ കണ്ടെത്തിയ വ്യക്തിയോ ആയിരിക്കണം.
വായ്പ എന്തിനോ ആയിക്കൊള്ളട്ടെ വീടുവയ്ക്കാനോ, വാങ്ങാനോ നവീകരിക്കാനോ അങ്ങിനെ എന്തിനും, ചെലവാക്കേണ്ട തുക മുഴുവന്‍ ധനകാര്യസ്ഥാപനം നല്‍കുകയില്ല. മൊത്തം ചെലവാകുന്ന തുകയുടെ 85% മാത്രമായിരിക്കും പരമാവധി വായ്പ തുക. വീട് നിര്‍മിക്കാനോ ഫ്‌ളാറ്റ് വാങ്ങാനോ ആണെങ്കില്‍ വായ്പതുക ഘട്ടം ഘട്ടമായി ലഭിക്കും. വായ്പ അനുവദിക്കുന്നതിനുള്ള യഥാര്‍ത്ഥ മാനദണ്ഡം വീടിന്റെ വിലയോ എസ്റ്റിമേറ്റ് തുകയോ അല്ല. വായ്പയടക്കുന്ന ആളിന്റെ തിരിച്ചടവ് ശേഷിയാണ് ഇതില്‍ പ്രധാനം. വരുമാന സ്ഥിരത, ആസ്തികള്‍, തൊഴിലില്ലാത്ത അവസ്ഥയിലും വായ്പ തിരിച്ചടക്കാനുള്ള കഴിവ്, മുന്‍കാല വായ്പകളുടെ തിരിച്ചടവ് രീതി എന്നിവയ്ക്കു പുറമേ ഭൂമി, വരുമാനം എന്നിവ സംബന്ധിച്ച് നിരവധി രേഖകളും ഹാജരാക്കണം.
ഹോം ലോണ്‍ ഏത് ബാങ്കില്‍ നിന്ന് വേണമെന്ന ആശയക്കുഴപ്പം സ്വാഭാവികമാണ്. ഏത് ബാങ്കാണ് അനുയോജ്യമെന്ന് ഇ.എം.ഐ താരതമ്യം ചെയ്താല്‍ മനസിലാകും. യഥാര്‍ത്ഥ തിരിച്ചടവ് തുക എത്രയെന്നറിയാന്‍ വായ്പയുടെ ഇ.എം.ഐ (ഇകേ്വറ്റഡ് മന്ത്‌ലി ഇന്‍സ്റ്റാള്‍മെന്റ്) അഥവാ പ്രതിമാസം അടക്കേണ്ട തിരിച്ചടവ് തുക എത്രയെന്നറിയണം. ഇ.എം.ഐ താരതമ്യം ചെയ്യാന്‍ വിവിധ ബാങ്കുകളുടെ ഒരേ കാലാവധിയിലുള്ള ഒരു ലക്ഷം രൂപയുടെ തിരിച്ചടവ് തുക എത്രയെന്ന് കണക്കാക്കിയാല്‍ മതി. മാസത്തവണയിലുണ്ടാകുന്ന 50 രൂപ വ്യത്യാസം പോലും മൊത്തം തുകയില്‍ വലിയ മാറ്റം വരുത്തും എന്ന കാര്യം ഓര്‍മ്മിക്കുക. എന്നാല്‍ തുക കാലാവധിക്ക് മുന്‍പ് തിരിച്ചടച്ചാല്‍ പിഴ ചുമത്തുന്ന സ്ഥാപനങ്ങളുണ്ട് അതേപ്പറ്റി തുടക്കത്തിലേ ശ്രദ്ധിക്കുക.
വായ്പതുക ഇന്‍ഷ്വര്‍ ചെയ്യുന്ന സ്ഥാപനങ്ങളും ഉണ്ട്. ഇത്തരത്തില്‍ വായ്പ ഇന്‍ഷ്വര്‍ ചെയ്താല്‍ ഉപഭോക്താവിന് മരണം സംഭവിച്ചാലും അവകാശികള്‍ക്ക് വായ്പ ബാധ്യതയായി മാറുകയില്ല.
https://www.facebook.com/Malayalivartha