അടുക്കള നിര്‍മ്മിക്കുമ്പോള്‍ ചെലവു നിയന്ത്രിക്കാന്‍ എന്തെല്ലാം ചെയ്യാം
കാലം മാറുന്തോറും വീട് എന്ന സങ്കല്‍പ്പത്തിനും മാറ്റം വരുന്നു. എന്നാല്‍ പാടേ മാറിയത് അടുക്കളയെപ്പറ്റിയുള്ള സങ്കല്‍പങ്ങളാണ്. ചെലവും അഴകും കുറയ്ക്കാനുള്ള ഇടമാണ് അടുക്കളയെന്ന കണക്കുകൂട്ടല്‍ എന്നേമാറിയിരിക്കുന്നു. അടുക്കുംചിട്ടയും അഴകുമുള്ള അടുക്കളകളാണ് വീടിന് ഐശ്വര്യം എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ എന്തിനും മിതത്വം പാലിക്കണം. പെരുമാറാനുള്ള സൗകര്യത്തിനുപരി ആഡംബരത്തിന് പ്രാധാന്യം കൊടുക്കരുത്.
കുടുംബത്തിന്റെ ഘടനയും സ്വഭാവവും മാറുന്നതിനനുസരിച്ച് അടുക്കള ഉപയോഗവും വ്യത്യസ്തമായിരിക്കും. വീട്ടുകാരുടെ ഉപയോഗത്തിനനുസരിച്ച് അടുക്കളയുടെ വലിപ്പം നിയന്ത്രിക്കുകയാണ് ആദ്യപടി. കുടുംബാംഗങ്ങളുടെ എണ്ണം, വീട്ടമ്മയുടെ പ്രൊഫഷന്‍ എന്നിവയെല്ലാം അടുക്കള ഉപയോഗത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
അടുക്കള ഫര്‍ണീഷിംഗ് തടികൊണ്ട് വേണമെന്ന് ശാഠ്യം പിടിക്കേണ്ട കാര്യമില്ല. കംപ്രസ്ഡ് വുഡ് പകരം ഉപയോഗിക്കാം. ഇത് ഓട്ടോമോട്ടീവ് പെയ്ന്റ് ചെയ്ത് 2-3 വര്‍ഷത്തിലൊരിക്കല്‍ പോളിഷ് ചെയ്താല്‍ മതിയാവും. മാറ്റ് ഫിനിഷിംഗ് കഴിവതും ഒഴിവാക്കുക. പരിപാലിക്കാനും വൃത്തിയാക്കാനും പ്രയാസകരമാണ് മാറ്റ് ഫിനിഷിംഗുകള്‍. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ സാമ്പത്തിക ലാഭമുള്ളതും ഈടുനില്‍ക്കുന്നതും ഗ്ലോസി ഫിനിഷുകളാണ്. ഒപ്പം പ്ലൈവുഡ്, പ്ലാസ്റ്റിക്, അലുമിനിയം, ഫൈബര്‍ തുടങ്ങിയവയും ഉപയോഗിക്കാം. ചെലവുകുറഞ്ഞ മെറ്റീരിയലുകളാണ് ഇവ എന്നതാണ് മെച്ചം.
കൗണ്ടര്‍ടോപ്പില്‍ ഉപയോഗിക്കാന്‍ കറുപ്പ് നിറമുള്ള ഗ്രാനൈറ്റിന് പകരം വയ്ക്കാന്‍ മെറ്റീരിയലുകളൊന്നും മാര്‍ക്കറ്റില്‍ ലഭ്യമല്ല. ചെലവുകുറവാണെന്നത് മാത്രമല്ല ഗ്രാനൈറ്റിനെ വ്യത്യസ്തമാക്കുന്നത്. ഈടിന്റെ കാര്യത്തിലും വെള്ളത്തിനോട് പ്രതികരിക്കുന്ന കാര്യത്തിലും ഗ്രാനൈറ്റിനെ വെല്ലാന്‍ മറ്റൊന്നിനും കഴിയില്ല.
പ്ലേറ്റുകളും ഗ്ലാസുകളും മറ്റും സൂക്ഷിക്കാന്‍ ഒന്നോ രണ്ടോ റാക്കുകള്‍ മതിയാകും. ഒഴിഞ്ഞു കിടക്കുന്ന കബോര്‍ഡുകള്‍ വലിയ പാത്രങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കാം. റാക്കുകളിലും കാബിനുകളിലും ആക്‌സസറീസ് കുത്തിനിറയ്ക്കാതിരിക്കുക. അനാവശ്യമായി സ്ഥലം നഷ്ടപ്പെടുമെന്ന് മാത്രമല്ല ചെലവ് കൂടുതലാണ് താനും.
സ്റ്റൗവിനും സിങ്കിനും പുറകിലായി ടൈല്‍ പതിപ്പിക്കുക. മാറ്റ് ഫിനിഷുള്ള ടൈലുകളാണെങ്കില്‍ വൃത്തിയാക്കാനും എളുപ്പമായിരിക്കും. കൂടുതല്‍ ഗ്ലോസിയും റസ്റ്റിക്കുമായ ടൈലുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
https://www.facebook.com/Malayalivartha