കെട്ടിട നിര്‍മ്മാണത്തിന്റെ നിയമവഴി
സ്വന്തമായ് ഒരു വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ഒരുങ്ങുകയാണോ നിങ്ങള്‍? എന്നാല്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടവയാണ് കെട്ടിടനിര്‍മ്മാണത്തിന്റെ നിയമവശങ്ങള്‍. 1999 - ല്‍ കേരള മുന്‍സിപ്പാലിറ്റി ആക്ടിന്റെ ഭാഗമായി കേരള മുന്‍സിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ നിലവില്‍ വന്നു. പഞ്ചായത്ത് കെട്ടിടനിര്‍മ്മാണങ്ങളും ഇപ്പോള്‍ നിലവിലുണ്ട്. കെട്ടിടങ്ങള്‍ക്ക് വേണ്ടി സ്ഥാനങ്ങള്‍ ഉപയോഗിക്കുന്നതോ, കെട്ടിട നിര്‍മ്മാണം നിയന്ത്രിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നതിനാണ് കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍. കെട്ടിടനിര്‍മ്മാണ ചട്ടപ്രകാരം നഗരസഭ, മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് അതിര്‍ത്തിയില്‍ വീടുവയ്ക്കാനൊരുങ്ങുന്ന ഏതൊരാളും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും അനുവാദപത്രം അഥവാ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് വാങ്ങണം.
ഒരു കെട്ടിടം നിര്‍മ്മിക്കാനോ, പുതുക്കി പണിയാനോ കൂട്ടിച്ചേര്‍ക്കല്‍ നടത്താനോ ഉദ്ദേശിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് സര്‍ക്കാര്‍ അംഗീകാരമുള്ള എഞ്ചിനീയര്‍/ആര്‍ക്കിടെക്ട്/ബില്‍ഡിങ് ഡിസൈനേഴ്‌സ്/സൂപ്പര്‍വൈസേഴ്‌സ് തുടങ്ങിയവരെ സമീപിക്കുക. നിങ്ങളുടെ ഭൂമിയില്‍ നിങ്ങളുടെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ക്ക് വിധേയമായി അവര്‍ പ്ലാന്‍ തയ്യാറാക്കും. പ്ലാന്‍ വരച്ചതിന് ശേഷം കെട്ടിടനിര്‍മ്മാണ പെര്‍മിറ്റിനുള്ള അപേക്ഷ നല്‍കും.
അപേക്ഷിക്കുന്ന രീതി
നഗരസഭ, മുന്‍സിപ്പാലിറ്റി തയ്യാറാക്കിയ പ്ലാനുകളുടെ മൂന്ന് കോപ്പികളും ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന പ്രമാണത്തിന്റെ പകര്‍പ്പും വില്ലേജില്‍ ഭൂമിയുടെ കരം തീര്‍ത്ത രസീതും (ഏറ്റവും പുതിയത്) ബന്ധപ്പെട്ട സെക്രട്ടറിക്ക് രേഖാമൂലം അപേക്ഷ സമര്‍പ്പിക്കണം.
കെട്ടിട നിര്‍മ്മാണത്തിന് അനുവാദം നല്‍കുന്നതിനുള്ള നടപടിക്രമങ്ങളില്‍ സര്‍ക്കാര്‍ വളരെയധികം ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഇളവുകള്‍ ജനങ്ങള്‍ക്കിടയില്‍ ഫലപ്രദമായി എത്തിക്കുവാന്‍ പലപ്പോഴും കഴിയാതെ വരുന്നു. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് വണ്‍ഡേ പെര്‍മിറ്റ് എന്ന ആശയം നടപ്പിലാക്കിയത്. നിയമാനുസരണം അപേക്ഷയും ബന്ധപ്പെട്ട രേഖകളുമായി കൗണ്ടറില്‍ എത്തുന്നവര്‍ക്ക് അപ്പോള്‍തന്നെ അനുമതി നല്‍കുന്ന രീതിയിലാണ് ഈ പദ്ധതി.
അപേക്ഷയോടൊപ്പം 50 രൂപ പത്രത്തില്‍ ഒരു എഗ്രിമെന്റ് തയ്യാറാക്കി ഹാജരാക്കണം. അതില്‍ അപേക്ഷകനും പ്ലാന്‍ തയ്യാറാക്കിയ ഡിസൈനറും കൂട്ടുത്തരവാദിത്തത്തോടെ ഒപ്പുവച്ചിരിക്കണം. സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ ഒപ്പിടേണ്ടതും, സാക്ഷികളുടെ പേരും മേല്‍വിലാസവും എഴുതി ഒപ്പിടേണ്ടതാണ്. ഈ എഗ്രിമെന്റിന്റെ അടിസ്ഥാനത്തിലാണ് അനുവാദം നല്‍കുന്നത്. എഗ്രിമെന്റ് വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഇരുവരും ഉത്തരവാദികളായിരിക്കും. വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള അസല്‍ പ്രമാണം, സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു ശരിപകര്‍പ്പ് എന്നിവയും ഇതിനോടൊപ്പം ഹാജരാക്കണം. അപേക്ഷയോടൊപ്പം ആവശ്യമായ ഫീസുകള്‍ അടച്ചതിന്റെ അസല്‍ രസീതുകളും ഹാജരാക്കണം. ബില്‍ഡിംഗ് പെര്‍മിറ്റിലേയോ സമ്മതപത്രത്തിലേയോ വ്യവസ്ഥകള്‍ ലംഘിക്കുകയോ അംഗീകൃത പ്ലാനിനു വിരുദ്ധമായി പണിനടത്തുകയോ ചെയ്താല്‍ ഉടന്‍തന്നെ പെര്‍മിറ്റ് റദ്ദാക്കും.
https://www.facebook.com/Malayalivartha