വീട് വാങ്ങാം പേടിക്കാതെ
ഒരു വലിയ കെട്ടിടത്തിന്റെ 4 ചുവരുകള്‍ക്കുള്ളില്‍ എല്ലാവര്‍ക്കും അരികില്‍ എന്നാല്‍ ആരോടും അടുക്കാതെയുള്ള ഫ്‌ളാറ്റ് ജീവിതത്തെ ഇഷ്ടപ്പെടാത്തവരുണ്ട്. എന്നാല്‍ തങ്ങളുടെ ആഗ്രഹമനുസരിച്ച് വീടുവയ്ക്കാനുള്ള സമയവും ഇല്ല. എങ്കില്‍ പിന്നെയുള്ള മാര്‍ഗ്ഗം വീട് വാങ്ങലാണ്. അത് പുതിയതോ പഴയതോ ആയിക്കോട്ടെ. ലക്ഷങ്ങളുടെ നിക്ഷേപമാണെന്നുള്ള കാര്യത്തില്‍ സംശയമില്ല. വീടുവയ്ക്കുമ്പോള്‍ ഉണ്ടാകേണ്ട ശ്രദ്ധ തന്നെ വീടു വാങ്ങുന്ന കാര്യത്തിലും ആവശ്യമാണ്. വീടു വാങ്ങിയാലും പണിതാലും പണനഷ്ടമുണ്ടാകും എന്നത് സ്വാഭാവികം. ഈ നഷ്ടത്തിന്റെ അളവ് പരമാവധി കുറയ്ക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. അതിന് വളരെക്കുറച്ച് കാര്യങ്ങളില്‍ ശ്രദ്ധപതിപ്പിച്ചാല്‍ മതിയാകും.
വീട് വാങ്ങണം എന്ന ആഗ്രഹം നിങ്ങള്‍ മനസില്‍ സൂക്ഷിക്കുന്നു എന്നിരിക്കെ ഒരു ചോദ്യം സ്വയം ചോദിക്കുക. ഒന്നുകില്‍ അതിന്റെ ഉത്തരം കുറച്ച് സമയത്തിനുശേഷം വിറ്റ് ലാഭമുണ്ടാക്കണം എന്നായിരിക്കാം. അല്ലെങ്കില്‍ തനിക്കും തന്റെ കുടുംബത്തിനും ആജീവനാന്തം താമസിക്കാന്‍ എന്നും ആയിരിക്കാം. അഥവാ ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുക നിങ്ങള്‍ക്ക് അസാധ്യമെങ്കില്‍ വീടുവാങ്ങുക എന്ന തീരുമാനം പാടെ തെറ്റാണ്.
ലാഭമുണ്ടാക്കുക എന്നതാണ് ഉദ്ദേശമെങ്കില്‍ സ്‌കൂള്‍, കോളേജ് പോലുള്ള മര്‍മ്മപ്രധാന സ്ഥാപനങ്ങളുടെ സമീപത്തായി, കഴിവതും നഗരാതിര്‍ത്തിക്കുള്ളില്‍ വീട് വാങ്ങാന്‍ ശ്രദ്ധിക്കുക. താമസിക്കാനാണ് വീട് വാങ്ങുന്നതെങ്കില്‍ നഗരത്തില്‍ നിന്നധികം അകലെയല്ലാത്ത ഗ്രാമപ്രദേശങ്ങളില്‍ വാങ്ങുക. എന്നാലും അടിസ്ഥാന സൗകര്യലഭ്യത ഉറപ്പുവരുത്തുകയും വേണം. വാങ്ങുന്ന സമയത്ത് വിശ്വസ്തനായ, പ്രവര്‍ത്തി പരിചയമുള്ള ബ്രോക്കറെ സമീപിക്കുക. ഒന്നിലധികം ബ്രോക്കര്‍മാരെ സമീപിക്കുന്നത് ആശയക്കുഴപ്പത്തിനിട വരുത്തും.
വീടുവാങ്ങുമ്പോള്‍ നിങ്ങളുടെ സൗകര്യങ്ങള്‍ക്കും ബഡ്ജറ്റിന് ഇണങ്ങുന്ന വീടുകള്‍ തിരഞ്ഞെടുക്കുക. വീടുകള്‍ മാത്രമല്ല പരിസരവും. അയല്‍ക്കാര്‍ ആരൊക്കെയാണെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുക. കൂടാതെ വലിയ അറ്റകുറ്റപ്പണികള്‍ വേണ്ടിവരുന്ന വീടുകള്‍ നിങ്ങള്‍ക്ക് വലിയ നഷ്ടം വരുത്തിവയ്ക്കുകയേ ഉള്ളൂ. ഇത്തരത്തിലുള്ള വീടുകള്‍ ഒഴിവാക്കുക. മാത്രമല്ല വീടിന്റെ നിര്‍മ്മാണത്തെക്കുറിച്ചും മറ്റും അറിയാവുന്ന ഒരാളുടെ സഹായം തേടുക. വിദഗ്ധസഹായം കുഴപ്പങ്ങളില്‍ ചാടാതിരിക്കാന്‍ നിങ്ങളെ സഹായിക്കും. വാങ്ങാനുദ്ദേശിക്കുന്ന വീട് വില്‍ക്കാനുള്ള യഥാര്‍ത്ഥ കാരണം എന്തെന്ന് മനസ്സിലാക്കുക. വീടിന്റെ ഘടനാപരമായ പ്രശ്‌നങ്ങള്‍, ഭിത്തിയിലെ വിള്ളല്‍, തറ താഴല്‍ തുടങ്ങിയവയാണ് കാരണമെങ്കില്‍ മുടക്കിയ പണം മുഴുവനും നഷ്ടം തന്നെ. ഇക്കാര്യത്തില്‍ നല്ല ശ്രദ്ധ വേണം.
വില്‍ക്കാനായി വീട് നിര്‍മ്മിക്കുന്ന മറ്റൊരു കൂട്ടരുണ്ട്. ഇവ വാങ്ങുമ്പോള്‍ നിര്‍മ്മാണത്തിനുപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം എങ്ങനെയെന്നത് പരിശോധിക്കുക. കൂടുതല്‍ ലാഭമുണ്ടാക്കാന്‍ നിലവാരം കുറഞ്ഞ വസ്തുക്കളുപയോഗിച്ച് വീടുപണിയാറുണ്ട് പലരും. നേരിട്ട് പരിശോധിക്കുകയോ പണിക്കാരോടനേ്വഷിക്കുകയോ ചെയ്യുകയാണ് ഇതിനുള്ള പോംവഴി.
വാങ്ങുന്ന വീട് അധികാരികളുടെ അനുമതിയോടെയും നിയമങ്ങളനുസരിച്ചുമാണ് പണികഴിപ്പിച്ചിരിക്കുന്നതെന്ന് രേഖകള്‍ പരിശോധിച്ചുറപ്പ് വരുത്തുക. സര്‍വേ നമ്പരുപയോഗിച്ച് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളില്‍ സ്ഥലത്തെപറ്റി പരിശോധിക്കുക. ഒറിജിനല്‍ ആധാരം തന്നെ പരിശോധിച്ച് ബോധ്യപ്പെടണം. വസ്തുവിന് മേല്‍ മറ്റ് ബാധ്യതകളില്ല എന്നുറപ്പാക്കുക. സ്ഥലം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട നിയമവശങ്ങള്‍ തന്നെ ഇവിടെയും പാലിക്കുക.
https://www.facebook.com/Malayalivartha