ഫ്‌ളാറ്റ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍
സ്വന്തമായി ഒരു വീടുണ്ടാകുക ഏവരുടെയും എക്കാലത്തേയും വലിയ സ്വപ്നമാണ്. ഒരു ജീവിതകാലത്തെ സമ്പാദ്യം മുഴുവന്‍ ഒരു വീടുണ്ടാക്കാന്‍ മാറ്റിവയ്ക്കുന്നു. അതുകൊണ്ടുതന്നെ വീട് ഒരു ആജീവനാന്ത നിക്ഷേപമാണ്.
സ്വന്തം സ്ഥലത്ത് സ്വന്തം മേല്‍നോട്ടത്തില്‍ ഒരു വീടുപണിയുക എന്നതിനേക്കാള്‍ സൗകര്യപ്രദമായി കൂടുതല്‍ പേരും ഒരു ഫ്‌ളാറ്റ് എന്ന ആശയത്തിന് മുന്‍ഗണന നല്‍കുന്നു. എന്നാല്‍ ഒരു ഫ്‌ളാറ്റ് സ്വന്തമാക്കുന്നതിന് ഒരുപാട് മുന്‍കരുതലുകള്‍ ആവശ്യമാണ്.
നിയമസാധുത
എല്ലാ കെട്ടിട നിര്‍മ്മാണങ്ങളും കേരള മുന്‍സിപ്പല്‍ ബില്‍ഡിംഗ് റൂള്‍സ് അനുസരിച്ചായിരിക്കണം എന്നാണ് നിയമം. അതുകൊണ്ട് തന്നെ ഒരു ഫ്‌ളാറ്റ് സ്വന്തമാക്കുന്നതിനു മുന്‍പ് അതിന്റെ സ്ഥാനം, ഘടന, നിര്‍മ്മാണം എന്നിവ നിയമവിധേയമാണെന്ന് രേഖകള്‍ പരിശോധിച്ചുറപ്പു വരുത്തുക. അതതു മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ അല്ലെങ്കില്‍ പ്ലാനിംഗ് അതോറിറ്റിയുടെ അനുമതി പ്രസ്തുത പ്രോജക്ടിനുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ഉപഭോക്താവിന്റെ ചുമതലയാണ്.
ബില്‍ഡറുടെ വിശ്വാസ്യത
ഫ്‌ളാറ്റ് നിങ്ങളുടെ സ്ഥായിയായ നിക്ഷേപമാണെന്നിരിക്കെ നിങ്ങളുടെ ബില്‍ഡറെ തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക. ബില്‍ഡറുടെ മുന്‍കാല പ്രോജക്ടുകള്‍ പരിശോധിക്കുക, കെട്ടിടങ്ങളുടെ ഗുണമേ•യും നിലവാരവും ഉറപ്പുവരുത്തുക കൂടാതെ ഗുണഭോക്താക്കളോട് അഭിപ്രായം ചോദിക്കുന്നതും പ്രയോജനപ്രദമായിരിക്കും. ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ ബില്‍ഡര്‍ക്കുനേരെ ഉണ്ടായിട്ടുണ്ടോ എന്നതും അനേ്വഷിക്കുക. ഗുണഭോക്താക്കള്‍ക്കിടയില്‍ വിശ്വാസ്യതയുള്ള ബില്‍ഡറെ തിരഞ്ഞെടുക്കുന്നതാവും അഭികാമ്യം.
താരതമ്യം
ഫ്‌ളാറ്റ് വാങ്ങുന്നതിനുമുന്‍പ് അതേ പ്രദേശത്തുള്ള മറ്റു ഹൗസിംഗ് പ്രോജക്ടുകളെപ്പറ്റിയും അവയുടെ ഗുണനിലവാരം, വില, സൗകര്യം തുടങ്ങിയവയും മനസിലാക്കുക. ഈ താരതമ്യം മികച്ച ഫ്‌ളാറ്റ് സ്വന്തമാക്കാന്‍ നിങ്ങളെ സഹായിക്കും.
പരിപാലനം
വീടുവാങ്ങിയശേഷവും ഉത്തരവാദിത്തങ്ങള്‍ തീരുന്നില്ല. വീടിന്റെ പരിപാലനവും വന്‍തോതില്‍ മുടക്കുമുതല്‍ വേണ്ടിവരുന്ന ഒന്നാണ്. അതിനാല്‍ ബില്‍ഡറെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക. മെയിന്റനന്‍സ് ജോലികള്‍ സമയബന്ധിതമായി മികച്ച രീതിയില്‍ നടത്തുന്ന ബില്‍ഡറെ തിരഞ്ഞെടുത്താല്‍ ഇത്തരത്തിലുള്ള അനാവശ്യ ചെലവുകള്‍ കുറക്കാം.
ആവശ്യാനുസരണം
ഫ്‌ളാറ്റ് തിരഞ്ഞെടുക്കുമ്പോള്‍ അതിനുള്ളിലെ സജ്ജീകരണങ്ങളെപ്പറ്റി നിങ്ങള്‍ തീര്‍ത്തും ബോധവാന്‍മാരായിരിക്കണം. നിങ്ങള്‍ക്കാവശ്യമുള്ള സൗകര്യങ്ങളാണോ അവ? അല്ലെങ്കില്‍ നിങ്ങളുടെ ആവശ്യങ്ങളെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്നതാണോ അവ? ഒരു ആജീവനാന്തം ഉപയോഗിക്കേണ്ടതാണെന്നിരിക്കേ നിങ്ങള്‍ക്കനുയോജ്യമായ സൗകര്യങ്ങളുള്ള ഫ്‌ളാറ്റ് തിരഞ്ഞെടുക്കുമ്പോള്‍ പ്രതേ്യകം ശ്രദ്ധിക്കണം.
ബജറ്റ് തയ്യാറാക്കുക
ഫ്‌ളാറ്റ് വാങ്ങാന്‍ ചിലവാക്കുന്ന തുകയെ സംബന്ധിച്ചുള്ള വ്യക്തമായ ധാരണ ഉപഭോക്താവെന്ന നിലയില്‍ നിങ്ങള്‍ക്കുണ്ടായിരിക്കണം. അതിനായി വിശദമായ ഒരു രൂപരേഖ, ഒരു ബജറ്റ് തയ്യാറാക്കണം. ഭൂമിയുടെയും കെട്ടിടത്തിന്റെയും വിലയ്ക്കു പുറമേ പാര്‍ക്കിംഗ് ചാര്‍ജ്, സര്‍വീസ് ടാക്‌സ്, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍ തുടങ്ങിയ ഒട്ടനവധി മറ്റു ചാര്‍ജുകളും ഉള്‍പ്പെടുത്തേണ്ടതാണ്. ഫ്‌ളാറ്റ് വാങ്ങാനായി ചെലവിടുന്ന മൊത്തം തുക അതായത് ഫ്‌ളാറ്റിന്റെ മൊത്തം വില ഉപഭോക്താവിന് സൗകര്യപ്രദമായ രീതിയില്‍ പല ബില്‍ഡര്‍മാരും ഇത്തരം ചാര്‍ജുകള്‍ക്ക് മുഴുവന്‍ തുകയെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടാക്കിയശേഷം മാത്രം തുടര്‍നടപടി സ്വീകരിക്കുക.
സൂപ്പര്‍ ഏരിയയും കാര്‍പ്പെറ്റ് ഏരിയയും
ഫ്‌ളാറ്റിന്റെ വിസ്തൃതി കരാറില്‍ രേഖപ്പെടുത്തുന്നതും യഥാര്‍ത്ഥ വിസ്തൃതിയും തമ്മില്‍ വ്യത്യാസമുണ്ട്. കരാറില്‍ രേഖപ്പെടുത്തുന്ന വിസ്തൃതിയെ സൂപ്പര്‍ ഏരിയ എന്നും ഫ്‌ളാറ്റിന്റെ യഥാര്‍ത്ഥ വിസ്തൃതിയെ കാര്‍പ്പറ്റ് ഏരിയ എന്നുംപറയുന്നു. സൂപ്പര്‍ ഏരിയയെക്കാള്‍ കുറവായിരിക്കും കാര്‍പ്പെറ്റ് ഏരിയ. ഇവ തമ്മിലുള്ള വ്യത്യാസം വിശദമായി മനസിലാക്കുക.
കൈമാറ്റവും നിര്‍മ്മാണവും
ഒരു ഫ്‌ളാറ്റിന്റെ നിര്‍മ്മാണവും കൈമാറ്റവും വ്യത്യസ്ത ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യത, തൊഴിലാളികളുടെ ലഭ്യത, പണം ഇവയെല്ലാം സമയബന്ധിതമായ നിര്‍മ്മാണത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് ഓരോ കരാറും തയാറാക്കപ്പെടുന്നത്. കരാറില്‍ ബില്‍ഡര്‍ 3 - 6 മാസം വരെ അധികസമയം ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ ഈ അധികസമയം അഥവാ ഗ്രെയ്‌സ് പിരീഡ് കരാറില്‍ കൃത്യമായി രേഖപ്പെടുത്തണം. എന്തെങ്കിലും കാരണവശാല്‍ ഈ നിശ്ചിത സമയത്ത് പണിപൂര്‍ത്തിയാക്കി ഫ്‌ളാറ്റ് കൈമാറാന്‍ കഴിയില്ല എങ്കില്‍ അതിനുള്ള നഷ്ടപരിഹാരത്തെക്കുറിച്ചുള്ള വ്യവസ്ഥകളും കരാറില്‍ എഴുതണം.
ഹോം ലോണ്‍
വാങ്ങാനുദ്ദേശിക്കുന്ന ഫ്‌ളാറ്റിന്റെ ഉടമസ്ഥാവകാശം ഉപാധികളോടെ ബാങ്കിന് നല്‍കിക്കൊണ്ട് എടുക്കുന്നതാണ് ഹോം ലോണ്‍. ലോണ്‍ എടുക്കുന്ന ആളിന്റെ വയസ്സ് കൂടി പരിഗണിച്ചാണ് ലോണിന്റെ കാലാവധി നിര്‍ണയിക്കുക. സാധാരണയായി 20 വര്‍ഷം വരെ ആയിരിക്കും ഇത്. വസ്തുവിന്റെ മൂല്യത്തിന്റെ 80% ആയിരിക്കും ബാങ്ക് തരുന്ന ലോണ്‍. ബാക്കി 20% സ്വന്തം ചെലവില്‍ അടക്കേണ്ടി വരും. ലോണെടുക്കുന്നതിനു മുന്‍പ് വിവിധ പൊതുമേഖലാ സ്വകാര്യബാങ്കുകളുടെ ഹോം ലോണ്‍ പദ്ധതികള്‍ താരതമ്യം ചെയ്ത് മികച്ചത് തിരഞ്ഞെടുക്കുക.
വില
ഫ്‌ളാറ്റ് നിര്‍മ്മാണത്തിന്റെ പുരോഗതി വിലയിരുത്തി അതനുസരിച്ച് ഘട്ടംഘട്ടമായി പണം നല്‍കുന്നതാണ് നല്ലത്. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കെ ഫ്‌ളാറ്റിന് ആദ്യം തന്നെ മുഴുവന്‍ തുക നല്‍കുന്നത് ഉചിതമല്ല. ഫ്‌ളാറ്റ് നിര്‍മ്മാണം വൈകുന്നത് പലപ്പോഴും ചെലവ് കൂടാന്‍ കാരണമാകാറുണ്ട്. ഘട്ടം ഘട്ടമായുള്ള പണം നല്‍കല്‍ പിരിമുറുക്കം ലഘൂകരിക്കും.
https://www.facebook.com/Malayalivartha