റൂഫിങ്ങില്‍ ശ്രദ്ധിക്കാന്‍
പഴയ കോണ്‍ക്രീറ്റ് കെട്ടിടങ്ങളെ ചോര്‍ച്ചയില്‍നിന്ന് രക്ഷിക്കാനാണ് ട്രസ് മേല്‍ക്കൂരകള്‍ പ്രചാരത്തിലായത്. ഇപ്പോള്‍ കെട്ടിടങ്ങള്‍ പണിയുമ്പോഴേ ട്രസ് ചെയ്ത് ഓടോ ഷീറ്റോ ഇടുന്നു. മാത്രമല്ല, നിരപ്പായി വാര്‍ത്ത വീടുകള്‍ പണിയുന്നവരും ഭാവിയില്‍ ട്രസ് ചെയ്യുമ്പോള്‍ വീടിന്റെ ഭംഗി നഷ്ടപ്പെടാതിരിക്കുക എന്ന ലക്ഷ്യം മുന്‍കൂട്ടി കണ്ട് വീടിന്റെ ഡിസൈന്‍ തയാറാക്കുന്ന പ്രവണതയും തുടങ്ങിയിട്ടുണ്ട്.
നിലവിലുള്ള മേല്‍ക്കൂരയ്ക്കു മുകളില്‍ കഴുക്കോല്‍ പാകി ഓടോ ഷീറ്റോ ഇടുന്നതിനാണ് ട്രസ് വര്‍ക് എന്നു പറയുന്നത്. ചോര്‍ച്ച തടയുകയാണ് മുഖ്യ ലക്ഷ്യമെങ്കിലും ഇത് വീടിനുള്ളിലെ ചൂട് കുറയ്ക്കാനും ഉപകരിക്കുന്നു. പഴയ തട്ടിന്‍പുറം പോലെ ഉപയോഗപ്രദമായ സ്ഥലം ലഭിക്കുന്നുവെന്നതും മെച്ചമാണ്. പക്ഷേ ചെലവ് കൂടുതലാണ്. കഴുക്കോലുകള്‍ക്ക് സ്റ്റീല്‍ ആണ് കൂടുതലായും ഉപയോഗിക്കുന്നതെങ്കിലും തടിയും നല്‍കാം. മൈല്‍ഡ് സ്റ്റീല്‍ ആംഗ്ലെയര്‍ ഉപയോഗിക്കുമ്പോള്‍ കിലോയ്ക്ക് ഏകദേശം 100 രൂപയാകും.
ചൂട് കുറയ്ക്കും എന്നതാണ് ഇംപോര്‍ട്ടഡ് ടൈലിന്റെ പ്രത്യേകത. ചില ബ്രാന്‍ഡുകള്‍ ക്ലിപ്പിങ്, ഗട്ടര്‍ തുടങ്ങിയ ആക്‌സസറികളും നല്‍കുന്നു. കാറ്റടിച്ചാല്‍ പറക്കാത്ത റിഡ്ജ് ടൈലും ലഭ്യമാണ്. വിവിധ പ്രൊഫൈലുകളില്‍ (ഡിസൈന്‍) ഇംപോര്‍ട്ടഡ് ക്ലേ ടൈല്‍ കിട്ടുന്നു. പ്രൊഫൈല്‍ അനുസരിച്ചാണ് വില. 70–200 രൂപ വരെ വിലയുണ്ട്. സ്‌ക്വയര്‍ഫീറ്റിന് 90–150 രൂപ വരെ വിലയുള്ള ബ്രാന്‍ഡുകളും വിപണിയിലുണ്ട്. പല നിറങ്ങളില്‍ ലഭ്യമാണ്. 30–40 വര്‍ഷം വരെ നിറം മങ്ങില്ല. പായല്‍ പിടിക്കില്ല എന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഗ്ലോസി, മാറ്റ് ഫിനിഷുകളുണ്ട്. എത്ര ഡിഗ്രി വരെയും ചെരിവ് കൊടുക്കാന്‍ സാധിക്കും. വെള്ളം വലിച്ചെടുക്കുന്നത് കുറവാണ്.
350 കിലോ വരെ ഭാരവാഹക ശേഷിയുള്ള ക്ലേ ടൈലുമുണ്ട്. കാഴ്ചയില്‍ ഷിംഗിള്‍സ് പോലെ തോന്നിക്കുന്ന ക്ലേ ടൈലും ലഭ്യമാണ്. ഫ്‌ലാറ്റ് ഡിസൈനിലുള്ള ടൈലാണ് ഇപ്പോള്‍ ജനപ്രിയം. ട്രസ് ചെയ്തും ഓടിടാം, സിമന്റ് റീപ്പറില്‍ ഓട് വയ്ക്കുകയുമാകാം. ട്രസ് വര്‍ക് ചെയ്ത് ഓടിടാനുള്ള പണിക്കൂലി സ്‌ക്വയര്‍ഫീറ്റിന് 20 രൂപയാണ്. സിമന്റ് റീപ്പര്‍ വച്ച് ചെയ്യുന്നതിന് സ്‌ക്വയര്‍ഫീറ്റിന് 25 രൂപയാണ് ചെലവ്. കോണ്‍ക്രീറ്റ് ടൈലിനെ അപേക്ഷിച്ച് ഭാരവും കുറവാണ്. ബ്രാന്‍ഡനുസരിച്ച് ടൈലിന്റെ ഭാരവും വ്യത്യാസപ്പെടും. 2.8 – നാല് കിലോ വരെ ഭാരമുള്ള ടൈലുകള്‍ ലഭ്യമാണ്. വെള്ളം താഴേക്ക് കിനിഞ്ഞിറങ്ങില്ല. പ്രൊഫൈലനുസരിച്ച് 1000 സ്‌ക്വയര്‍ഫീറ്റിന് 888 ടൈല്‍ മതിയെന്നും ചില ബ്രാന്‍ഡുകള്‍ അവകാശപ്പെടുന്നു.
50% റീസൈക്കിള്‍ഡ് സെല്ലുലോസ് ഫൈബര്‍, ബിറ്റുമെന്‍, റെസിന്‍ എന്നിവയാണ് ഫ്രഞ്ച് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന നാച്വറല്‍ സെല്ലുലോസ് റൂഫിങ്ങിന്റെ ഘടകങ്ങള്‍. ക്ലേ ടൈലിന്റെ പത്തിലൊന്ന് ഭാരമേയുള്ളു. അതുകൊണ്ട് ട്രസ് വര്‍ക്കും അതിനനുസരിച്ച് മതി. മണിക്കൂറില്‍ 300 കിമീ വേഗതയുള്ള കാറ്റിനെ വരെ അതിജീവിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ ഫിറ്റിങ്‌സ്. വിവിധ നിറങ്ങളില്‍ കിട്ടും. ഷീറ്റ് (സ്‌ക്വയര്‍ഫീറ്റിന് 50 രൂപ), ടൈല്‍ (സ്‌ക്വയര്‍ഫീറ്റിന് 80 രൂപ) എന്നിങ്ങനെ ലഭിക്കും.
മണ്ണിന്റെ നിറത്തില്‍ മാത്രമേയുള്ളു, പൊട്ടുന്നതാണ് എന്നിവയാണ് കളിമണ്‍ ഓടിന്റെ മാറ്റ് കുറയ്ക്കാനുള്ള കാരണങ്ങള്‍. ഓരോ ബാച്ച് ഓടുകളും തമ്മില്‍ വേവില്‍ വ്യത്യാസമുണ്ടാകാമെന്നതിനാല്‍ ഉറപ്പിലും നിറത്തിലും വ്യത്യാസമുണ്ടാകാം. അതിനാല്‍ കുറച്ചധികം ഓടുകള്‍ വാങ്ങിവച്ചാല്‍ ഭാവിയിലേക്കും ഉപകരിക്കും.ബ്രിട്ടീഷുകാര്‍ പണ്ട് കെട്ടിടങ്ങള്‍ പണിയുമ്പോള്‍ ഈ ടൈല്‍ വേണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. കഠിനമായ മഴ, വെയില്‍ എന്നിവയെ അതിജീവിക്കാന്‍ പറ്റുമെന്നതാണ് കയറ്റുമതി വരെ ചെയ്തിട്ടുള്ള ഈ ടൈലിന്റെ മേ•. ഒരു ടൈലിന് അഞ്ച് മുതല്‍ 50 രൂപ വരെയാണ് വില. മാംഗ്ലൂര്‍, സ്പാനിഷ്, അര്‍ച്ചന തുടങ്ങിയ പ്രൊഫൈലുകളില്‍ (ഡിസൈന്‍) ലഭിക്കും.
കോര്‍ട്‌യാര്‍ഡ്, പര്‍ഗോള തുടങ്ങിയ ഇടങ്ങളിലാണ് കൂടുതലായും പോളികാര്‍ബണേറ്റ് ഷീറ്റ് കൊണ്ടുള്ള റൂഫിങ് ഉപയോഗിക്കുന്നത്. പായല്‍ പിടിച്ചാല്‍ വൃത്തിയാക്കാന്‍ പ്രയാസമാണ് എന്നത് ശ്രദ്ധിക്കണം. നാല് എംഎം – 12 എംഎം അളവില്‍ കിട്ടുന്ന ഷീറ്റ് ഉപയോഗിച്ച് ട്രസ് ചെയ്യാന്‍ സ്‌ക്വയര്‍ഫീറ്റിന് 250 രൂപ മുതല്‍ ചെലവാകും. ഗുണമേ•യേറിയ കോംപാക്ട് പോളികാര്‍ബണേറ്റ് ഷീറ്റിന് സ്‌ക്വയര്‍ഫീറ്റിന് 300 രൂപ മുതല്‍ വിലവരും. ഷീറ്റിനു മുകളില്‍ എന്തെങ്കിലും വീഴുകയോ ചവിട്ടുകയോ ചെയ്താല്‍ പൊട്ടാന്‍ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha