പ്ലംബിങ് കരുതലോടെ
മലയാളിയുടെ വീട് എന്ന സങ്കല്‍പം പലപ്പോഴും വിചിത്രമാണ്. ധാരാളം സഞ്ചരിക്കുമ്പോള്‍ പല നാടുകളില്‍ കാണുന്ന പല കൗതുകങ്ങളും വ്യത്യസ്തമായ ഭവന നിര്‍മാണ രീതികളും ഉപകരണങ്ങളും സ്വന്തം വീട്ടിലും കാണാന്‍ ആഗ്രഹിക്കുന്നവരാണ് മലയാളികള്‍. ഇത് ഏറ്റവുമധികം പ്രതിഫലിക്കുന്നത് പ്ലമിങ്ങിലും സാനിറ്ററി ഫിറ്റിങ്ങ്‌സിലുമാണ്. ഇന്ന് വിപണിയിലുള്ള പുതുമയാര്‍ന്ന ഡിസൈനുകളിലുള്ള ക്ലോസറ്റുകളും ടാപ്പുകളും മിക്‌സറുകളും ഷവറുകളും നമുക്കും കാണാതിരിക്കുവാന്‍ പറ്റില്ല. ആഡംബരത്തിനു പ്രാധാന്യമുള്ള ആക്‌സസറീസ് ഉപയോഗിക്കുമ്പോള്‍ വെള്ളം ദുരുപയോഗം ചെയ്യാതെ സംരക്ഷിക്കുന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
1. ജലം അമൂല്യമാണെന്നതു വെറുതേ പ്രസംഗിക്കേണ്ട കാര്യം മാത്രമല്ല. അതുകൊണ്ടുതന്നെ അമിതമായി ജലം ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഒഴിവാക്കുന്ന വിധത്തില്‍ പ്ലമിങ് ലേഔട്ട് ചെയ്താല്‍ നന്നാവും.
2. ഇരട്ട ഫ്‌ലഷുള്ള ക്ലോസറ്റുകള്‍ ഉപയോഗിച്ചാല്‍ വെള്ളത്തിന്റെ ഉപയോഗം വളരെയധികം കുറയ്ക്കാം. അതുപോലെ ഹൈ ഫ്‌ലോ ഷവറുകളില്‍ ഫ്‌ലോ റസ്ട്രിക്റ്റര്‍ പോലുള്ള ക്രമീകരണങ്ങളുണ്ടെങ്കില്‍ ജലോപയോഗത്തില്‍ ധാരാളം കുറവുണ്ടാകും.
ഫ്‌ളോ റസ്ട്രിക്റ്റര്‍
ടാപ്പുകളിലും ഷവറിലുമെല്ലാം ഫ്‌ലോ റസ്ട്രിക്റ്റര്‍ ഘടിപ്പിച്ച് ജലോപയോഗം കുറയ്ക്കാന്‍ സാധിക്കും.വാഷ് ബേസിനുകളില്‍ പലപ്പോഴും ഹൈ ഫ്‌ലോ മിക്‌സറുകള്‍ ഉപയോഗിക്കുന്നതായി കാണാറുണ്ട്. ഉയര്‍ന്ന പ്രഷറില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഈ ഉപകരണങ്ങള്‍ ആവശ്യത്തിലുമധികം വെള്ളം പാഴാക്കി കളയുന്നതായാണ് കാണപ്പെടുന്നത്. ഇവയിലും ഫ്‌ലോ റസ്ട്രിക്റ്റര്‍ ഘടിപ്പിക്കാം.
ഒരു ലീറ്റര്‍ കുടിവെള്ളത്തിനു നമ്മള്‍ ഇരുപതും മുപ്പതും രൂപ കൊടുക്കുമ്പോള്‍ വളരെ സൂക്ഷിച്ചുപയോഗിക്കുന്നു. പക്ഷേ, അതേപോലുള്ള വെള്ളം ടാപ്പിലൂടെ വരുമ്പോള്‍ വാട്ടര്‍ അതോറിറ്റിക്ക് അഞ്ഞൂറ് ലീറ്ററിന് മുപ്പതു രൂപ മാത്രം കൊടുക്കുന്നതാവണം, നമ്മള്‍ അശ്രദ്ധ കാണിക്കുന്നു. ഈ പൊതുവിതരണത്തിലുള്ള ജലത്തിന്റെ വില ഒരു ലീറ്ററിന് ഒരു രൂപയായാല്‍ നമ്മള്‍ വെള്ളം പാഴാക്കുന്നത് സൂക്ഷിക്കുമോ?
https://www.facebook.com/Malayalivartha