വീട്ടിലൊരുക്കാം മഴവെള്ള സംഭരണി
പ്രതിവര്‍ഷം 3000 മില്ലി മീറ്ററോളം മഴ പെയ്യുന്ന സംസ്ഥാനമാണ് നമ്മുടെ കേരളം. ഈ മഴ വെള്ളത്തെ സംരക്ഷിക്കാനായാല്‍ നമുക്ക് ജലക്ഷാമത്തിനൊരു പരിഹാരം കണ്ടെത്താം. നമ്മുടെ ആവശ്യങ്ങള്‍ക്കായി നാം നദികളേയും കിണറുകളേയുമാണ് പലപ്പോഴും ആശ്രയിക്കുന്നത്. ഈ സ്രോതസുകളെയെല്ലാം സംപുഷ്ട്ടമാക്കുന്നത് മഴവെള്ളമാണെന്ന സത്യത്തെ വിസ്മരിക്കാന്‍ വയ്യ. മഴവെള്ളത്തെ സംരക്ഷിക്കാന്‍ നമുക്ക് തയാറെടുക്കാം.
ഉറവകളുടെ ശക്തി കൂട്ടുകയാണ് കിണര്‍ വറ്റാതിരിക്കാനുള്ള ഏറ്റവും പ്രകൃതിദത്തമായ മാര്‍ഗം. അതിനായി മഴക്കുഴികള്‍ തയാറാക്കാം. നമ്മുടെ വീടിന്റെ ചുറ്റളവില്‍ പെയ്തുവീഴുന്ന മഴവെള്ളം ഒലിച്ചു പോകാതെ വീടിനു ചുറ്റും മതില്‍ കെട്ടി മഴവെള്ളം ആ പ്രദേശത്തു തന്നെ താഴ്ന്നിറങ്ങുന്നതിനുള്ള സംവിധാനം ഒരുക്കണം. ഇത്തരത്തില്‍ ലഭ്യമാകുന്ന മഴവെള്ളം ചാലുകീറി കിണറിന് സമീപമുള്ള ഭൂമിയില്‍ ഇറക്കാനായാല്‍ ജലക്ഷാമത്തിന് പരിഹാരമാകും.
വീടിന്റെ ടെറസില്‍ വീഴുന്ന മഴവെള്ളം സംഭരിച്ച് അവ പൈപ്പിലൂടെ കടത്തിവിട്ട് കിണറിന് സമീപം എത്തിക്കുന്നതും ഫലപ്രധമായ മാര്‍ഗമാണ്. കിണറിനോട് ചേര്‍ന്ന് 4 : 4 അടി താഴ്ച്ചയില്‍ കുഴി ഒരുക്കി അവയില്‍ മണല്‍, മെറ്റല്‍, ചിരട്ടകരി എന്നിവ നിറച്ച് നമുക്ക് തന്നെ മഴക്കുഴിയും ഒരുക്കാം. ഇങ്ങനെ ഒഴുക്കുന്ന മഴക്കുഴികള്‍ കിണറ്റിലെ ജലലഭ്യത കൂട്ടുന്നതിന് ഉപകരിക്കും.
വീടിന്റെ മുറ്റത്ത്‌ടൈലുകള്‍ പാകുന്നത് ജലം താഴുന്നതിന് തടസം സൃഷ്ട്ടിക്കുന്നതാണ്. പകരം ചരല്‍ ഇടുകയോ, കരിങ്കല്ല് ഒരു നിശ്ചിത അകലത്തില്‍ പാകുകയോ ചെയ്യാം. വീടിന്റെ മുറ്റത്ത് മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നതും ഏറെ പ്രയോജനകരമാണ്.
കേരള നഗരസഭ/ പഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടത്തില്‍ മഴവെള്ള സംഭരണി അനുവാദം വാങ്ങി പണിയുന്ന കെട്ടിടങ്ങളില്‍ നിര്‍ബന്ധമാക്കിയിട്ടുള്ളതാണ്. എന്നാല്‍ ഇത് എത്രത്തോളം നടപ്പിലാക്കി എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
നമ്മുടെ വീടിന്റെ പരിസരങ്ങളില്‍ പെയ്തു വീഴുന്ന മഴ സംഭരിച്ച് ജലക്ഷാമത്തിന് ഒരു പരിഹാരമുണ്ടാക്കാന്‍ നമുക്ക് ഓരോത്തര്‍ക്കും കഴിയേണം. വരുന്ന തലമുറയ്ക്കു വേണ്ടിയും നമുക്ക് ചെയ്യാന്‍ കഴിയുന്ന പുണ്യ പ്രവര്‍ത്തിയാകും ഇത്.
https://www.facebook.com/Malayalivartha