വീട് പണിയുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം
വീട് ഏത് തലമുറയിൽപെട്ടവർക്കും ഒരു സ്വപ്നം തന്നെയാണ്. പലര്‍ക്കും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സാധ്യമാവുന്ന സ്വപ്‌നമാണ്. എന്തായാലും ജീവിതത്തില്‍ ഒരിയ്ക്കല്‍ നടക്കുന്ന ആ അപൂര്‍വ്വഭാഗ്യത്തിലേക്ക് ചുവടുവെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ചുകാര്യങ്ങള്‍ നമുക്കിവിടെ പങ്കുവെക്കാം
1. പ്ലാന്‍
നിങ്ങള്‍ സ്വപ്‌നം കാണുന്ന വീടിന് എന്തൊക്കെ, എങ്ങിനെയെല്ലാം വേണമെന്ന് ആദ്യമേ തിരിച്ചും മറിച്ചും ചിന്തിക്കണം. കാരണം ഒരു പ്ലാന്‍ തീരുമാനിച്ചുകഴിഞ്ഞാൽ അല്ലെങ്കിൽ പണിതു തുടങ്ങിയാൽ പിന്നെ അത് മാറ്റം വരുത്തുക എന്ന് പറയുന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അത് മാത്രവുമല്ല ബഡ്ജറ്റിലൊതുക്കി വീട് പണിയുന്നവർക് ഇത് ഇരട്ടിച്ചിലവും ഉണ്ടാക്കും. അതുകൊണ്ട് കണ്ടെംപററി സ്റ്റൈല്‍ വേണമോ, വാസ്തുവീട് വേണമോ, നാലു കെട്ട് വേണമോ, ഒറ്റ നിലയോ ഇരട്ടനിലയോ, എത്ര ബെഡ് റൂമുകള്‍ വേണം, എക്‌സ്റ്റീരിയര്‍ എങ്ങിനെ വേണം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ആദ്യമേ തന്നെ ഒരു പ്ലാൻ ഉണ്ടാവണം. അതുപോലെ ഓരോ റൂമുകളുടെയും വലിപ്പത്തെ കുറിച്ചും ആദ്യമേ ഒരു ധാരണ ഉണ്ടാവണം.
2. ആര്‍ക്കിടെക്റ്റിനെ തിരഞ്ഞെടുക്കുമ്പോള്‍
ആര്‍ക്കിടെക്റ്റിനെ തിരഞ്ഞെടുക്കും മുമ്പ് അദ്ദേഹത്തിന്റെ നിര്‍മ്മാണശൈലിയെക്കുറിച്ചും പണിത വീടുകളെക്കുറിച്ചും നേരിട്ട് അന്വേഷിക്കണം. വീട് പണിയിൽ മറ്റുള്ളവരുടെ വാക്ക് മാത്രം കേട്ടിട്ട് തീരുമാനം എടുക്കരുത്. അവരവരുടെ കയ്യിലെ കാശിനൊതുങ്ങുന്ന രീതിയിൽ ഉള്ള തീരുമാനങ്ങൾ വേണം എടുക്കാൻ. വീട്ടുകാര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ആര്‍ക്കിടെക്റ്റിന് പ്ലാന്‍ നിര്‍മ്മിക്കാന്‍ കഴിയൂ അതുകൊണ്ടു തന്നെ സ്വന്തം താല്പര്യങ്ങളെകുറിച്ച വ്യക്തമായ ധാരണയുണ്ടാവണം.നിങ്ങളുടെ മനസ്സിന് ഇണങ്ങുന്ന ആളാണോ എന്ന് ഉറപ്പ് വരുത്തി മാത്രം ആർക്കിടെക്ടിനെ തിരഞ്ഞെടുക്കുക.
3. വാസ്തുശാസ്ത്രം
ഭാരതത്തിന്റെ പരമ്പരാഗത വിശ്വാസമാണ് വാസ്തുശാസ്ത്രം. പ്രകൃതിയോട് സമരസപ്പെട്ട് വീട് നിര്‍മ്മിക്കുന്നതിനുള്ള ചിട്ടകളുടെയും ക്രമങ്ങളുടെയും ശാസ്ത്രമാണിത്. ഭൂമിയുടെ ചെരിവ്, ദിക്കുകള്‍, വീടിന്റെ മുന്‍ഭാഗം ഏത് ദിക്കിലേക്ക്, അടുക്കള ശരിയായ ഭാഗത്താണോ എന്നിവയെല്ലാം വ്യക്തമായി പരിശോധിക്കണം. വാസ്തുശാസ്താപ്രകാരം വീട് വെക്കാൻ പറ്റിയ ഭൂമിയാണോ അത് എന്നു ഉറപ്പുവരുത്തണം.
4. കിണര്‍ കുഴിക്കുമ്പോള്‍
ഒരു വീട് ഉണ്ടാക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കിണർ. കിണർ നിര്മിക്കുന്നതിലും ചില നടപടിക്രമങ്ങൾ ഉണ്ട്. വസ്തുവിന്റെ അതിരില്‍ നിന്ന് ഒന്നരമീറ്റര്‍ വിട്ടുകൊണ്ട് മാത്രമേ കിണര്‍ കുഴിക്കാന്‍ പാടുള്ളു. അതുപോലെ മെയിന്‍ റോഡിന്റെ അരികിലാണ് സ്ഥലമെങ്കില്‍ മൂ്ന്ന് മീറ്റര്‍ വിട്ടതിന് ശേഷം മാത്രമേ കിണര്‍ കുഴിക്കാന്‍ പാടുള്ളു. സ്വന്തം പറമ്പിലെയും അയല്‍വീട്ടിലെയും സെപ്റ്റിക് ടാങ്കില്‍ നിന്നും ഏഴരമീറ്ററെങ്കിലും ദൂരം വിട്ട് മാത്രമേ കിണര്‍ കുഴിക്കാവൂ എന്നും നിയമം അനുശാസിക്കുന്നു. വീടുവെക്കുന്നതുപോലെ തന്നെ കിണർ കുത്തുന്നതിനും സമയവും സ്ഥലവും എല്ലാം കൃത്യമായി കണക്കാക്കേണ്ടതുണ്ട്.
5. തടി വാങ്ങുമ്പോള്‍
വീടുവെക്കുമ്പോള്‍ കൂടുതല്‍ ക്യാഷ് ചിലവാക്കേണ്ടി വരുന്ന ഒരു മേഖലയാണ് തടി വാങ്ങല്‍. അറിയാവുന്നവർ കാണിച്ച ബോധ്യപ്പെടുത്തി വാങ്ങിയില്ലെങ്കിൽ ഇവിടെ പണി കിട്ടാൻ സാധ്യതയുണ്ട്. വാങ്ങുന്നതിന് മുന്‍പ് തടിയുടെ ഗുണനിലവാരം തിട്ടപ്പെടുത്തണം. ആഞ്ഞിലി, പ്ലാവ്, തേക്ക്, വീട്ടി എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. തടിയുടെ വെള്ളയുള്ള ഭാഗം വീടുപണിക്ക് ഉപയോഗിക്കരുത്. കാരണം ഇത് ഈട് നിൽക്കില്ല. ഫിനിഷിംഗ് വുഡുകളായ മഹാഗണി, ഈട്ടി, തേക്ക് എന്നിവ ഇന്റീരിയര്‍ വര്‍ക്കുകള്‍ക്ക് നല്ലതാണ്.
https://www.facebook.com/Malayalivartha