ഭവനവായ്പ; ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീമിന്റെ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തൂ...
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന ഭവനരഹിതര്‍ക്കും ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്കും പാര്‍പ്പിടം ഒരുക്കിക്കൊടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തില്‍ വിവിധ ഭവന പദ്ധതികള്‍ നിലവിലുണ്ട്. എന്നാല്‍, വരുമാനമുണ്ടെങ്കിലും ഉയര്‍ന്ന പലിശയ്ക്കും മറ്റും ഭവന വായ്പ എടുത്ത് വീടു നിര്‍മിക്കാന്‍ വളരെയധികം ബുദ്ധിമുട്ടുന്ന മധ്യവര്‍ഗ കുടുംബങ്ങള്‍ക്കു മാന്യമായ ഭവനം ഉണ്ടാക്കിയെടുക്കാന്‍ മിക്കപ്പോഴും താങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.
ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ക്കു ഭവനം നിര്‍മിച്ചെടുക്കാന്‍ സഹായിക്കുകയാണ് ഈയിടെ കേന്ദ്രം ഭവന നിര്‍മാണത്തിനായി പ്രഖ്യാപിച്ച 'ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം'. മധ്യവരുമാന കുടുംബങ്ങള്‍ താഴ്ന്ന വരുമാനക്കാരെയും തുച്ഛ വരുമാനക്കാരെയും നിര്‍വചിക്കുന്നതു മാതിരി ഇടത്തരം വരുമാനമുള്ള കുടുംബങ്ങളെ രണ്ടായി തരം തിരിച്ചാണ് സ്‌കീമിന്റെ പ്രയോജനം ലഭിക്കുന്നതിനായി അര്‍ഹതപ്പെടുത്തിയിരിക്കുന്നത്.
മിഡില്‍ ഇന്‍കം ഗ്രൂപ്പ്-1 ല്‍പ്പെട്ട കുടുംബങ്ങള്‍ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ഭവനവായ്പാ സ്ഥാപനങ്ങളില്‍ നിന്നെടുക്കുന്ന 9 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്ക് ഈടാക്കുന്ന പലിശത്തുകയില്‍ നാലു ശതമാനം സബ്‌സിഡിയായി നല്‍കും. മിഡില്‍ ഇന്‍കം ഗ്രൂപ്പ്-2 ല്‍പെട്ട കുടുംബങ്ങള്‍ക്ക് 12 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്ക് മൂന്നു ശതമാനമാണ് സബ്‌സിഡി.
പലിശ സബ്‌സിഡി ലഭിക്കുമ്പോള്‍ തുല്യമാസ തവണകളില്‍ കുറവു വരുന്ന തുക, ഇന്നത്തെ നിലയില്‍, നോക്കിയാല്‍ മിഡില്‍ ഇന്‍കം 1 കുടുംബങ്ങള്‍ക്ക് 2.35 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും. ഇതേ രീതിയില്‍ മിഡില്‍ ഇന്‍കം 2 കുടുംബങ്ങള്‍ക്ക് 2.30 ലക്ഷം രൂപയുടെ മെച്ചം ഉണ്ടാകും. പലിശ സബ്‌സിഡിയുടെ പ്രയോജനം വേണ്ടവര്‍ ഡിസംബര്‍ 31-നു മുന്‍പ് വായ്പ അനുവദിച്ചെടുക്കാന്‍ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
വായ്പത്തുകയുടെ അടിസ്ഥാനത്തില്‍ പലിശ സബ്‌സിഡി തുക ആദ്യമേ തന്നെ അക്കൗണ്ടില്‍ കുറവു വരുത്തുന്നു. ബാക്കി തുകയ്ക്കു ഭവന വായ്പ നല്‍കിയ സ്ഥാപനം ചുമത്തുന്ന പലിശ നിരക്കിന്റെ അടിസ്ഥാനത്തില്‍ തുല്യമാസത്തവണകള്‍ (ഇഎംഐ) അടച്ചാല്‍ മതിയാകും. ഉദാഹരണത്തിന് 9 ലക്ഷം രൂപയുടെ ഭവന വായ്പ എടുക്കുമ്പോള്‍ സബ്‌സിഡി തുകയായ 2.35 ലക്ഷം രൂപ കുറവു ചെയ്യുകയും ബാക്കി നില്‍ക്കുന്ന 6.65 ലക്ഷ രൂപയ്ക്ക് എം.സി.എല്‍.ആര്‍. അധിഷ്ഠിത പലിശയേ കണക്കു കൂട്ടുന്നുള്ളൂ.
മിഡില്‍ ഇന്‍കം ഗ്രൂപ്പ് ഒന്നില്‍പ്പെട്ട ഒരു കുടുംബം 8.5 ശതമാനം പലിശയ്ക്ക് 20 വര്‍ഷ കാലാവധിക്ക് എടുത്തിട്ടുള്ള 9 ലക്ഷം രൂപയുടെ വായ്പയ്ക്ക് സാധാരണഗതിയില്‍ തിരിച്ചടയ്‌ക്കേണ്ടി വരുന്ന തുല്യമാസത്തവണ 7,810 രൂപയാണ്. പലിശ സബ്‌സിഡി ലഭിച്ചു കഴിയുമ്പോള്‍ തുല്യമാസ തവണ 5,771 രൂപയായി കുറയും. തുല്യമാസ തവണയില്‍ 2039 രൂപയുടെ കുറവുണ്ടാകും. മിഡില്‍ ഇന്‍കം ഗ്രൂപ്പ് രണ്ടില്‍ ഇതേ നിരക്കിലും കാലയളവിലും എടുക്കുന്ന 12 ലക്ഷം രൂപയുടെ വായ്പയ്ക്ക് സാധാരണഗതിയില്‍ 10,414 രൂപ തുല്യമാസ തവണ വരുമ്പോള്‍ സബ്‌സിഡി കിഴിവ് ചെയ്ത് 8,418 രൂപയുടെ തുല്യമാസ തവണ അടച്ചാല്‍ മതി. പരമാവധി ലഭിക്കുന്ന തിരിച്ചടവ് കാലാവധി 20 വര്‍ഷമായിരിക്കും.
സബ്‌സിഡിക്ക് അര്‍ഹമാകുന്ന പാര്‍പ്പിടത്തിന്റെ വലുപ്പവും നിര്‍വചിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ഭിത്തികള്‍ക്കുള്ളില്‍ വരുന്ന (കാര്‍പെറ്റ്) ഏരിയയാണ് മാനദണ്ഡം. മിഡില്‍ ഇന്‍കം ഗ്രൂപ്പ് ഒന്നില്‍ 968 ചതുരശ്രഅടി വരുന്ന 90 ചതുരശ്ര മീറ്ററായി കാര്‍പറ്റ് ഏരിയ പരിമിതപ്പെടുത്തിയിട്ടുണ്ട്. മിഡില്‍ ഇന്‍കം ഗ്രൂപ്പ് രണ്ടില്‍ ഇത് ഏകദേശം 1184 ചതുരശ്രഅടി വരുന്ന 110 ചതുരശ്ര മീറ്ററാണ്. കെട്ടിടങ്ങളുടെ ഉള്ളിലും പുറത്തുമുള്ള ഭിത്തികളുടെ കനം, സ്‌റ്റെയര്‍കേസുകള്‍, ബാല്‍ക്കണികള്‍ എന്നിവയൊക്കെ ഒഴിവാക്കിയുള്ള കണക്കാണ് കാര്‍പറ്റ് ഏരിയ.
മറ്റ് നിബന്ധനകള്‍ പുതുതായി വീട് വയ്ക്കുന്നതിനും പൂര്‍ത്തീകരിച്ച വീടുകളോ ഫഌറ്റുകളോ വാങ്ങുന്നതിനും എടുക്കുന്ന വായ്പകള്‍ക്ക് പലിശ സബ്‌സിഡി ലഭ്യമാണ്. അച്ഛന്റെയോ അമ്മയുടെയോ പേരില്‍ നിലവില്‍ ഭവനം ഉണ്ടെങ്കില്‍ പോലും ജോലിയുള്ള മുതിര്‍ന്ന മക്കള്‍ക്കു പുതുതായി വീട് ഉണ്ടാക്കുന്നതിന് എടുക്കുന്ന വായ്പകള്‍ക്കും പലിശ സബ്‌സിഡി ലഭ്യമാകും. അനുവദനീയമായ കാര്‍പറ്റ് ഏരിയാ പരിധിക്കുള്ളില്‍ നിലവില്‍ വീടുള്ളവര്‍ക്കു പോലും വീടുകള്‍ പുതുക്കിപ്പണിയുന്നതിനും മുറികള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും മറ്റും എടുക്കുന്ന വായ്പകള്‍ക്കു സബ്‌സിഡിക്ക് അര്‍ഹതയുണ്ട്.
https://www.facebook.com/Malayalivartha