ഹോര്‍ത്തുസ് മലബാറിക്കസ് പിറന്ന വീട് തകര്‍ന്നു
ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന സസ്യശാസ്ത്രഗ്രന്ഥത്തിന്റെ രചനയില്‍ പ്രധാന പങ്കാളിയായിരുന്ന ഇട്ടി അച്യുതന്‍ വൈദ്യരുടെ വീടും അമൂല്യവസ്തുക്കളും സംരക്ഷിക്കാത്തതില്‍ വിമര്‍ശനമുയരുന്നു.
കടക്കരപ്പള്ളി പഞ്ചായത്തിലെ നാലു പതിറ്റാണ്ടോളം പഴക്കമുള്ള കുടകുത്താംപറമ്പ് വീട് കഴിഞ്ഞദിവസം തകര്‍ന്നുവീണു. മേല്‍ക്കൂര ദ്രവിച്ചാണ് കെട്ടിടം നിലംപൊത്തിയത്. പുരാവസ്തുവകുപ്പ് ഏറ്റെടുത്തു സംരക്ഷിക്കുമെന്ന വിശ്വാസത്തില്‍ അറ്റകുറ്റപ്പണികളോ സംരക്ഷണ പ്രവര്‍ത്തനങ്ങളോ നടത്താതിരുന്നതാണ് കെട്ടിടത്തിന്റെ തകര്‍ച്ചയ്ക്കു കാരണമായത്.
മരുന്നു നിര്‍മാണത്തിനുള്ള ഓട്ടുരുളികള്‍ ഇടിയന്‍കല്ല്, നാരായം, വൈദ്യര്‍ക്ക് രാജാവില്‍ നിന്ന് ലഭിച്ച പട്ടും വളയും തുടങ്ങിയ അമൂല്യങ്ങളായ സാമഗ്രികള്‍ തകര്‍ന്ന അറപ്പുരയില്‍ സൂക്ഷിച്ചിരുന്നു. വൈദ്യരുടെ പിന്മുറക്കാരനായ വി. സോമനാണ് വീട്ടിലുള്ളത്. സര്‍ക്കാര്‍ അവഗണനയാണ് വീടിന്റെ തകര്‍ച്ചയ്ക്കുകാരണമെന്ന് അദ്ദേഹം ആരോപിച്ചു.
സമീപത്തു മറ്റൊരു കെട്ടിടമുണ്ടാക്കിയാണ് സോമനും കുടുംബവും താമസിക്കുന്നത്. ഇവിടെനിന്ന് 500 മീറ്റര്‍ അകലെയുള്ള വൈദ്യരുടെ കുരിയാലയും ജീര്‍ണാവസ്ഥയിലാണ്. കുരിയാലയും ഔഷധത്തോട്ടമടക്കമുള്ള ഭൂമിയും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടും നടപടികളായിട്ടില്ല.
അധികാരികളില്‍ നിന്ന് അനുകൂല സമീപനമുണ്ടായാല്‍ കുരിയാല ഉള്‍പ്പെടുന്ന വീടും പ്രദേശവും സംരക്ഷിക്കാന്‍ കേന്ദ്രഫണ്ട് ലഭ്യമാക്കുന്നതിനു സാധ്യത പരിശോധിക്കുമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.സോമന്‍ പറഞ്ഞു. തകര്‍ന്ന സ്മാരകം ബി.ജെ.പി. ജില്ലാ പ്രസിഡന്റ് സന്ദര്‍്ശിച്ചു. ജില്ലാ സെക്രട്ടറി ടി.സജീവ് ലാല്‍ മഹേഷ്, അഭിലാഷ് മാപ്പറമ്പില്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha