വീട്ടുകാരോടൊപ്പം ലോകം ചുറ്റുന്ന കിടിലന്‍ വീട്!
ദക്ഷിണാഫ്രിക്കയില്‍ നിന്നു മുംബൈ വഴി ആലപ്പുഴയിലേയ്ക്ക് തിരിച്ചപ്പോള്‍ ലണ്ടന്‍ സ്വദേശി കെവിന്‍ ഫ്യുവലും ഭാര്യ ജര്‍മന്‍കാരി ഹെയ്ക്കയും സ്വന്തം വീടും കൂടെ കൊണ്ടുപോന്നു!. വീടും ഇങ്ങനെ പാഴ്‌സലായി ഒപ്പം കൊണ്ടുപോകാമോ എന്നു സംശയിക്കുന്നവര്‍ക്കു സമീപത്തു പാര്‍ക്ക് ചെയ്തിരിക്കുന്ന ടെയോട്ട വാന്‍ ചൂണ്ടികാട്ടി കെവിന്‍ പറയും ഇതാണു ഞങ്ങളുടെ വീട്.
ദൂരെ നിന്നു നോക്കുമ്പോള്‍ ചെറിയൊരു വാന്‍. എന്നാല്‍ അടുത്തു ചെന്നു നോക്കണം. കിടപ്പുമുറിയും അടുക്കളയും എല്ലാം ഘടിപ്പിച്ച സഞ്ചരിക്കുന്ന വീട് ആണ് കെവിന്റെ വാഹനം. അഞ്ചുവര്‍ഷം നീണ്ട ലോകപര്യടനത്തിലാണ് ഇരുവരും. മൂന്നു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ 40 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. വിവിധ രാജ്യങ്ങളില്‍ എത്തിയപ്പോള്‍ താമസിച്ചതാകട്ടെ സ്വന്തം 'വാഹനവീട്ടിലും'. എന്‍ജിനീയറായ കെവിന്‍ വാഹനം വിവിധ ആവശ്യങ്ങള്‍ക്കനുസൃതമായി രൂപഭേദം വരുത്തിയിരിക്കുകയാണ്.
ഭക്ഷണം പാകം ചെയ്യാനുള്ള സ്റ്റൗ, പാചകവാതക സിലിണ്ടര്‍ എന്നിവ വാഹനത്തിലുണ്ട്. ഭക്ഷണം പാകം ചെയ്യാനും കുടിക്കാനുമുളള വെള്ളം ശുദ്ധികരിച്ചെടുക്കാന്‍ പ്യൂരിഫെയര്‍ റെഡി. വാഹനത്തിനു മുകളില്‍ കിടപ്പുമുറി. കൂടാതെ വാഹനം എവിടെയെങ്കിലും നിര്‍ത്തിയിട്ടശേഷം മുകളില്‍ മടക്കിവച്ചിരിക്കുന്ന ടെന്റ് രണ്ടു മിനിറ്റ് കൊണ്ടു കുടപോലെ നിവര്‍ത്താം. വാഹനത്തെയും സുരക്ഷിതമായി ഉള്ളിലാക്കി ടെന്റ് വിരിയും. ഇതിനെല്ലാം ഊര്‍ജം നല്‍കുന്നതിനായി വാഹനത്തിനു മുകളില്‍ സോളര്‍ സംവിധാനവുമുണ്ട്.
ഇതിനോടകം മൂന്നു വര്‍ഷം പൂര്‍ത്തിയായ യാത്രയില്‍ ആദ്യവര്‍ഷം യൂറോപ്പ്, രണ്ടാം വര്‍ഷം ആഫ്രിക്ക എന്നിവിടങ്ങളിലും മൂന്നാം വര്‍ഷമായ ഇപ്പോള്‍ ഇന്ത്യയിലും നേപ്പാളിലുമായി ചെലവിടാനാണു പദ്ധതി. ഇന്ത്യയില്‍ നിന്നു ചൈനയിലേക്കു പോകും. വാഹനം സുരക്ഷിതമായി ഇടാന്‍ ആരു സ്ഥലം കൊടുക്കുന്നുവോ അവിടെയാണു താമസം. നിലവില്‍ തുമ്പോളിയില്‍ കേണല്‍സ് ബീച്ച് വില്ലയില്‍ വാഹനം പാര്‍ക്ക് ചെയ്താണു താമസം.
വിനോദസഞ്ചാര മേഖലയില്‍ ജോലി ചെയ്തിരുന്ന ഹെയ്ക്കയാണു യാത്രയുടെ രൂപരേഖ തയാറാക്കുന്നത്. കഴിഞ്ഞയാഴ്ച തൃശൂരില്‍ പൂരം കണ്ടശേഷമാണ് ആലപ്പുഴയില്‍ ഇരുവരും എത്തിയിരിക്കുന്നത്. ലണ്ടനിലെ വീടു വിറ്റശേഷമാണ് ഇരുവരുടെയും ലോകസഞ്ചാരം. പരമാവധി ആളുകളെയും സ്ഥലങ്ങളെയും കാണുക എന്നതാണു ലക്ഷ്യം. ഒടുവില്‍ ഇഷ്ടമുള്ള ഒരു രാജ്യത്തു ഞങ്ങള്‍ സ്ഥിരതാമസമാക്കും, ഇരുവരും പറയുന്നു.
ഒരുപക്ഷേ, അതു കേരളവുമാകാം. അത്രമാത്രം മനോഹരമാണ് ഈ സ്ഥലം. 40 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷം കേരളത്തിനാണ് ഇതുവരെ കണ്ട സ്ഥലങ്ങളുടെ കാര്യത്തില്‍ ഇരുവരും ഒന്നാം സ്ഥാനം നല്‍കുന്നത്. കുറച്ചു ദിവസം കൂടി ഇവിടെ തങ്ങിയശേഷം മടങ്ങാനാണ് ഇവരുടെ പദ്ധതി.
https://www.facebook.com/Malayalivartha